ക്രൈസ്തവ സഭ നേരിടാൻ പോകുന്ന വേലക്കാരുടെ വരൾച്ച

Pastor ജോബി വി മാത്യൂ 9605128545

ക്രൈസ്തവ സഭ നേരിടാൻ പോകുന്ന വേലക്കാരുടെ വരൾച്ച

മഹാവ്യാധി സംഹാരതാണ്ഡവം നടത്തി ലോകത്തെ അനാഥത്വത്തിന്റെ ആഴങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടിരിക്കുമ്പോൾ ആശ്രയത്തിനും ആശ്വാസത്തിനും ഇടം കണ്ടെത്തെണ്ടത് ഇന്നിന്റെ ആവശ്യമാണ്. മാതാപിതാക്കൾക്ക് മക്കളെ നഷ്ടപ്പെടുന്നു , മക്കൾക്ക് മാതാപിതാക്കളെ നഷ്ടപെടുന്നു , ദമ്പതികൾക്ക് ജീവിത സഖികളെ നഷ്ടപ്പെടുന്നു. ഭീതിയും ആശങ്കയും ആകുലതകളും നിറയുന്ന അന്തരീക്ഷം. ഒന്നാം തരംഗവും രണ്ടാം തരംഗവും കടന്ന് മഹാവ്യാധിയുടെ തരംഗങ്ങൾ ഘോഷയാത്ര നടത്തുകയാണ്. വാർദ്ധക്യംവും യൗവനവും കടന്ന് പിഞ്ചുകുഞ്ഞുങ്ങളെയും താണ്ടി പക്ഷിമൃഗാദികളിലേക്ക് കടക്കാൻ വാതിൽ തല്ലി തകർത്തു നിൽക്കുയാണ് ഈ മാരകവ്യാധി.

ക്രൈസ്തവസഭയും മഹാവ്യാധിയും

കോവിഡിന്റെ ഒന്നാം തരംഗത്തിൽ മാഹാവ്യാധികൾ ഒന്നും വിശ്വാസികളെ ബാധിക്കില്ല എന്നു മിക്കവരും കരുതി. പക്ഷെ രണ്ടാം തരംഗത്തിൽ ക്രൈസ്തവ സഭയിലെ പ്രഗൽഭരും പ്രശസ്തരും വരെ വിശ്രമത്തിലേക്ക് ചേർക്കപ്പെട്ടു. വിശേഷിച്ച് വടക്കെ ഇന്ത്യയിൽ പ്രേക്ഷിത പ്രവർത്തനം നടത്തുന്ന അനേകം ശുശ്രുഷകർ നിത്യതയിൽ ചേർക്കപ്പെട്ടു. മരണപ്പെട്ടു പോയ വേലക്കാരുടെ കുടുംബങ്ങളുടെയും മക്കളുടെയും ഭാവി അനിശ്ചിതത്തിലാണ്. വടക്കെ ഇന്ത്യയിലെ മലയാളി സുവിശേഷകരിൽ മിക്കവരും വാടക വീടുകളിലാണ് താമസം , അവർക്ക് നാട്ടിൽ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവർ. അനാഥരെ പോലെ ആയി. #ആർഅവരെസഹായിക്കും.? ഇവിടെയാണ് മക്കദോന്യ സഭകൾക്ക് ലഭിച്ച ദൈവകൃപ എത്ര വലുതായിരുന്നു എന്ന് മനസിലാകുന്നത്. അത്യാസന്ന നിലയിൽ കിടന്നവരുടെ പ്രിയപ്പെട്ടവർ പ്രാർത്ഥന അപേക്ഷിച്ചപ്പോൾ പണം തട്ടാൻ ഉള്ള ഉപാധിയാണ് എന്നു പറഞ്ഞു Live വിമർശനങ്ങളിൽ കൂടി Youtube വരുമാനമാക്കി മാറ്റി ധാരളം പണം കിട്ടുന്നവർ ചെയ്തത്. ഉത്തരേന്ത്യൻ സുവിശേഷകരുടെ അനാഥരായ ഭാര്യമാർ കുഞ്ഞുങ്ങൾ ഇവരെ കരുതേണ്ടത് ആവശ്യമാണ്. ഇങ്ങനെ ഉള്ളവർക്ക് വേണ്ടി പണം പിരിച്ചിട്ട് 80 % വും പ്രസ്ഥാനവികസനത്തിന് കവർന്ന് എടുത്തിട്ട് തുഛമായ തുക കൊടുത്ത് പറഞ്ഞു വിടുന്ന ദ്രോഹം ഇനിയെങ്കിലും നിർത്തണം.

കോവിഡ് മുഖാന്തരം ടി വി പ്രസംഗകർക്ക് വരുമാനം കൂടി എന്നാണ് കേൾവി. ടിവി യിലെ പാസ്റ്റർ സ്വീകരണമുറിയിൽ അവരുടെ ലോകൽ സഭാശുശ്രൂഷനായി മാറിയതു കാരണം ലോക്കൽ സഭകളിലേക്ക് എത്തേണ്ടുന്ന സ്തോത്രകാഴ്ച്ചയും ദശാംശവും ഇപ്പോൾ പ്രേക്ഷക സംഭാവയായി മാറി. കോവിഡ് മുഖാന്തരം സീസൺ മുടങ്ങിയ കേരളത്തിലെ പ്രമുഖ കൺവൻഷൻ പ്രസംഗകർക്ക് ഒരോ മാസവും ശരാശരി 5 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. എന്നാൽ ചില ആളുകൾ മാത്രം റ്റിവി വേദികളിൽ കൂടിയും വരുമാനം ചാനലിനും അതിൽ വന്ന ചിലർക്കു മാത്രം ലഭിക്കുകയും ലോകം മുഴുവൻ Zoom മീറ്റിംഗ് ക്രമീകരിച്ച് മുഴുവൻ കാര്യങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തപ്പോൾ സാധാരണക്കാരായ ദൈവ ദാസൻമാരെ മറന്നു പോയി. ആഴ്ചയിൽ 500 രൂപാ സ്തോത്ര കാഴ്ച്ച പോലും കിട്ടാത്ത സുവിശേഷകരുടെ വേദന ഇവർക്ക് ചിന്തിക്കാൻ കഴിയുന്നില്ല എന്നതാണ് ദുഖകരം. അപ്പോൾ ഇവർ പ്രസംഗിച്ച സുവിശേഷം മറ്റൊരു സുവിശേഷം തന്നെയാണ്. ഒരു യഥാർത്ഥ സുവിശേഷ പ്രസംഗകൻ തങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്നവല്ല.

സഭ മിഷനറിമാരുടെ ദാരിദ്രത്തിലേക്ക്

മഹാവ്യാധിയിലൂടെ അനേകം ശുശ്രൂഷകർ ലോകത്തിൽ നിന്ന് മാറ്റപ്പെട്ടു. ഇനി കാത്തിരിക്കുന്നത് ഇടയനില്ലാത്ത സഭകൾ ഇന്ത്യയിലാകമാനം ഉണ്ടാകും. ഈ വിടവ് നികത്താൻ പര്യപ്തമായ സമർപ്പണ വേലക്കാർ ചുരുക്കമാണ്. സുവിശേഷ വേലക്ക് ആരും തയ്യാറാകുന്നില്ല. ബൈബിൾ സ്കൂളിൽ മലയാളി സുവിശേഷകർ ചുരുക്കമാണ്. സുവിശേഷ വേല ചെയ്തു കൊണ്ടിരുന്ന പലരും പിൻമാറ്റത്തിലും മറ്റു പല ജോലികൾക്കും പോയി. ഇനി സമർപ്പണത്തോടെ ഇറങ്ങിയാൽ ശുശ്രൂഷകളെ വിമർശിക്കുന്നവർ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽകുയാണ്. ക്രൈസ്തവ യുവതലമുറയെ എന്തിനേയും വിമർശിക്കാൻ തയ്യാറാക്കി . ഈ വിമർശിച്ച യുവക്കൾ മേലിൽ സുവിശേഷ വേലക്ക് ഇറങ്ങുകയില്ല.

അടുത്ത ഒരു 5-10 വർഷം കഴിയുമ്പോൾ ഒരു പ്രായമായ ശുശ്രൂഷകർ കത്തൃസന്നിധിയിൽ ചേർക്കപ്പെടും. ഇങ്ങനെ വലിയ ഒരു സമൂഹം ശുശ്രൂഷകരിൽ നിന്ന് നഷ്ടപ്പെടും ആ വിടവ് നികത്തുവാൻ ഒരു കൂട്ടം ശുശ്രൂഷകരെ ഭാരത സഭക്ക് ആവശ്യമാണ്. ബൈബിൾ സ്കൂളിൽ പഠിച്ച ശുശ്രൂഷകരുടെ ഒരു കുറവ് വരും കാലങ്ങളിൽ ഉണ്ടാകും. ബൈബിൾ സ്ക്കൂൾ പഠനം ഓൺലൈനിൽ ചെയ്താൽ ഒരു പരുധി വരെ പരിഹരിക്കാൻ കഴിയും.

കർത്താവിന്റെ വേലക്ക് സമർപ്പിത സുവിശേഷകരെ ആവശ്യമാണ്. ഇന്ന് പെന്തക്കോസ്ത് യുവാക്കൾ ആതുര സേവനത്തിൽ മുമ്പോട്ട് വരുന്നത് പ്രശംസനീയമാണ്. അത് സമൂഹത്തിൽ അംഗികാരം ലഭിക്കുന്ന കാര്യമാണ്. പക്ഷെ സുവിശേഷ വേലയിൽ ഉള്ള കഷ്ടപ്പാടുകളും അപമാനവും വിമർശനങ്ങളും സഹിച്ച് പ്രേക്ഷിതവേല ചെയ്യുവാൻ കഴിയുന്നവർ എഴുന്നേൽക്കട്ടെ . ആദിമ നൂറ്റാണ്ടിലെ അപ്പോസ്തോലൻമാർ തിരുനാമത്തിന് വേണ്ടി സഹിക്കുന്നത് അഭിമാനമായിട്ടാണ് കണ്ടത്. (പ്രവൃത്തികൾ 5:41) തിരുനാമത്തിന്നുവേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ……)
എബ്രായർ
11:24 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു. നമ്മുടെ മുമ്പിൽ തിരഞ്ഞെടുക്കുവാൻ അവസരമുണ്ട്. പ്രേക്ഷിതവേല അപമാനത്തിന്റെയും അവഗണയുടെയും അനിശ്ചിതത്തിന്റെയും ജീവിതമാണ്. അരുമ നാഥന്റെ സാന്നിധ്യം മാത്രമാണ് ആശ്വസിപ്പിക്കാൻ കാണുകയുള്ളു. ഇടയനില്ലാത്ത ആടുകളെ പോലെ ആകാതിരിക്കാൻ അർപ്പണബോധത്തോടെ ഒരു കൂട്ടം എഴുന്നേൽക്കട്ടെ. ഇത് അദൃശ്യനായ ദൈവം ഭരമേൽപ്പിക്കുന്ന മഹാദൗത്യമാണ്. ക്രിസ്തുവിന്റെ അപ്രമേയ ധനത്തെ കുറിച്ചു പ്രസംഗിപ്പാനും ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞു കിടന്ന മർമ്മത്തെ പറ്റി ദൃശ്യ ലോകത്തിനും ആദൃശ്യലോകത്തിനും പ്രകാശിപ്പിച്ചു കൊടുക്കുവാൻ നിയോഗം പ്രാപിക്കുവാൻ ആത്മസമർപ്പണം ഉണ്ടാകട്ടെ. അന്തരാത്മാവ് ശുശ്രൂഷക്കായി ജ്വലിക്കട്ടെ . ജ്വലിക്കുന്ന അഗ്നി അധരങ്ങളിലുടെ ലോകത്തിലേക്ക് ഒഴുകട്ടെ. പ്രാർത്ഥന മുറികളിൽ നിന്ന് ശുശ്രൂഷ ആരംഭിക്കട്ടെ. . ആരെ ഞാൻ അയകേണ്ടു …? ആർ നമുക്കായി പോകും എന്ന സ്വർഗ്ഗീയ ചോദ്യത്തോടു പ്രതികരിക്കുന്നവരെ ഉപയോഗിക്കുവാൻ അവന്റെ ഹൃദയം തുടിക്കുകയാണ്.

Leave A Reply

Your email address will not be published.