കോവിഡിന് പിന്നാലെ സാല്‍മൊണല്ല‍; 652 പേര്‍ക്ക് രോഗം; റിപ്പോർട്ട്

ന്യൂയോർക്ക്: കോവിഡിനു പിന്നാലെ സാൽമൊണല്ല രോഗഭീതിയിൽ യുഎസ്. ഉള്ളിയിൽനിന്നു പകരുന്ന സാൽമൊണല്ല അണുബാധയെ തുടർന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്സിക്കോയിലെ ചിഹുവാഹുവായിൽനിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നു സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറഞ്ഞു.

രോഗവ്യാപന സാഹചര്യമുള്ളതിനാൽ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതർ നിർദേശിച്ചു. ഇതുവരെ 652 പേർക്കു രോഗം ബാധിച്ചു, 129 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. യഥാർഥ രോഗികളുടെ എണ്ണം ഇനിയും കൂടാനാണു സാധ്യതയെന്നു സിഡിസി പറഞ്ഞു. ‘രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളിൽനിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതും’– സിഡിസി വ്യക്തമാക്കി.

ചിഹുവാഹുവായിൽനിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കിൽ വലിച്ചെറിയണമെന്നും സിഡിസി അഭ്യർഥിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണം. സാൽമണൊല്ല അണുബാധയുള്ള ഉള്ളി കഴിച്ചാൽ വയറിളക്കം, പനി, വയറ്റിൽ അസ്വസ്ഥത തുടങ്ങിയവ വരും. ശരീരത്തിലെത്തി ആറു മണിക്കൂർ മുതൽ ആറു ദിവസം വരെയുള്ള കാലയളവിലാണ് രോഗലക്ഷണങ്ങൾ പ്രകടമാവുക. സവാള വിതരണം ചെയ്ത പ്രോസോഴ്സ് കമ്പനി സ്വമേധയാ അവ തിരിച്ചുവിളിച്ചിട്ടുണ്ടെന്നു ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അറിയിച്ചു.

Leave A Reply

Your email address will not be published.