രക്തത്തില്‍ കുളിച്ച് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്ന് അവള്‍ അലറിക്കരഞ്ഞു

അമേരിക്കയിൽ മലയാളി നഴ്സ് മെറിൻ ജോയിയെ ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് കേരളവും അമേരിക്കൻ മലയാളി സമൂഹവും. കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ, തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മെറിൻ നേരത്തേ തന്നെ ഭയന്നിരുന്നതായാണ് റിപ്പോർട്ട്.

ഭര്‍ത്താവ് ഫിലിപ് മാത്യു(നെവിൻ)വുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. തന്നെ അപായപ്പെടുത്താന്‍ നെവിന്‍ എത്തുമെന്ന് ഭയന്ന് കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അവർ.

ആശുപത്രിയിൽ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം.

നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. ‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തിവീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്.

പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ – ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു.

കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകളാണ് മെറിൻ ജോയി. 28 വയസ്സായിരുന്നു. ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിൻ. സംഭവത്തിൽ ഭർത്താവ് ഫിലിപ് മാത്യുവിനെ (നെവിന്‍) പൊലീസ് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. രണ്ട് വയസ്സുകാരി നോറ മകളാണ്.

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിന് കുത്തേറ്റത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ 17 തവണ കുത്തി മുറിേവല്‍പിച്ചശേഷം നിലത്തു വീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയെന്നും പൊലീസ് പറയുന്നു.

മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെവിൻ മാത്യു അതിനോടകം സംഭവ സ്ഥലത്തു നിന്ന് പോയിരുന്നു. ഇയാളെ പിന്നീട് സ്വയം കുത്തിമുറിവേല്‍പിച്ച നിലയില്‍ ഹോട്ടല്‍ മുറിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന്‍ ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു.

കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന്‍ പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

 

Leave A Reply

Your email address will not be published.