വഴിതിരിച്ച യാത്രയിൽ ‘പിറന്നു’, നാലു കൺമണികൾ

എസ്. ദയാൽ മാതൃഭൂമി

 

ഗാന്ധിനഗർ (കോട്ടയം): 2019-ൽ പുതുപ്പള്ളി പേരേപ്പറമ്പിൽ പി.എ.തോമസിനും നീനയ്ക്കും ഒരു മുംബൈ യാത്രയുണ്ടായിരുന്നു. എന്നാൽ ടിക്കറ്റ് കിട്ടിയില്ല. പുണെയ്ക്ക് ടിക്കറ്റെടുത്ത് അവിടെനിന്ന് മുംബൈയ്ക്ക് പോകാൻ നിശ്ചയിച്ചു.

പുണെ സ്റ്റേഷനിൽ തീവണ്ടിക്കായി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറുവയസുകാരി മൂന്നു അനിയത്തിമാരെയും ചേർത്തുപിടിച്ച് ഇരിക്കുന്നത് കണ്ടത്.

തോമസ് അരികിൽ ചെന്ന് സംസാരിക്കാൻ ശ്രമിച്ചു. അല്പനേരത്തെ ഇടപെടൽ ഇഴപിരിയാനാവാത്ത അടുപ്പത്തിലേക്ക് മാറി. നാലുദിവസം മുമ്പ് അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചുപോയതായിരുന്നു അവരെ.

ആ കുഞ്ഞുങ്ങൾ ഇന്ന് പേരേപ്പറമ്പിൽ വീട്ടിലുണ്ട്, തോമസിന്റെയും നീനയുടെയും മക്കളായി. എയ്റ എൽസ തോമസ് (9), ഇരട്ടകളായ ആൻട്രിയ റോസ് തോമസ്, ഏലയ്ൻ സാറാ തോമസ് (8), അലക്സാട്രിയ സാറാ തോമസ് (6) എന്നിവർക്കൊപ്പം ഇത് പൊന്നോണമാണ്.

ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി ഈ മക്കൾക്കൊപ്പം ആദ്യം ഓണം. പുണെ സ്റ്റേഷനിൽ കണ്ടപ്പോൾത്തന്നെ ഇവരെ ജീവിതത്തിലേക്ക് കൊണ്ടുവരണമെന്ന തീരുമാനം തോമസിന്റെ മനസ്സിൽ നിറഞ്ഞു. നീനയ്ക്കും സമ്മതം.

അന്ന് മുംബൈ യാത്ര വേണ്ടെന്നുവെച്ച് പുണെയിലെ സുഹൃത്തിനൊപ്പം കുട്ടികളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക്.

ഇടയ്ക്ക് നിയമനടപടികൾ പൂർത്തിയാക്കി ഒരു മാസത്തെ താൽക്കാലിക ഏറ്റെടുക്കൽ. കുട്ടികളുമായി നാട്ടിലെത്തിയപ്പോൾ ബന്ധുക്കൾക്കിടയിൽ ചില പ്രശ്നങ്ങളുണ്ടായതിനെത്തുടർന്ന് വാടകവീട്ടിലേക്ക് മാറേണ്ടിവന്നു.

2019-ൽ പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയ ദത്തെടുക്കൽ ഈ ജൂലായിൽ സംസ്ഥാന ശിശുക്ഷേമവകുപ്പിന്റെ അംഗീകാരം കിട്ടിയതോടെയാണ് പൂർണമായത്. ഇതിനിടയിലാണ് തോമസിന് കോട്ടയം മെഡിക്കൽ കോളേജിൽ വികസനസമിതിയുടെ കീഴിൽ പി.ആർ.ഒ. ജോലി ലഭിക്കുന്നത്. സ്ഥലം വാങ്ങി വീടുവച്ചു.

മൂത്തകുട്ടി എയ്റക്ക് ഹിന്ദി കുറച്ച് അറിയാമെങ്കിലും എല്ലാവരും ഇപ്പോൾ തനിമലയാളികൾ. ഇവർ ഒപ്പംകൂടി അധികം വൈകാതെ തോമസിനും നീനയ്ക്കും ഒരു കുട്ടി പിറന്നിരുന്നു. ഹൃദയപ്രശ്നങ്ങളുമായി ആ കുഞ്ഞ് വിടപറഞ്ഞപ്പോൾ ആശ്വാസവും പ്രതീക്ഷയുമായി ഒപ്പംനിന്നതും ഈ മക്കളാണ്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.