ലോക്ഡൗൺ കാലത്ത് ജീവവചനം വിതറിയും ആത്മീയ ഗാനമാലപിച്ചും ‘പവർ വിഷൻ ടിവി’

റവ. ജോർജ് മാത്യൂ പുതുപ്പള്ളി

2020 മാർച്ച്‌ മാസം മുതൽ ലോകമെമ്പാടുമുള്ള സകലരെയും പോലെ ഞാനും സാലിയും ഒരുതരം ലോക്ഡൗൺ തടങ്കലിൽ വീട്ടിൽ കഴിയുകയാണ്. വീട്ടു ജോലികളിൽ സദാ മുഴുകി സാലി ഏറെക്കുറെ ഉന്മേഷവതിയാണ്. എന്നെ സംബന്ധിച്ച് കാര്യം അൽപം വ്യത്യസ്തമാണ്.

ജീവിതത്തിന്റെ മുക്കാൽ സമയവും സുവിശേഷയാത്രകളും പത്രപ്രവർത്തനവും വൈദികവൃത്തിയുമൊക്കെയായി വാഹനത്തിലും റോഡിലുമായി കൂടുതൽ സമയം ചിലവഴിച്ച വ്യക്തിയാണ് ഞാൻ. തുടർച്ചയായ ഏകാന്തത എനിക്കു അസഹനീയമാണ്. മാത്രമല്ല, സുവിശേഷം പ്രസംഗിച്ചും വിശുദ്ധ ബൈബിൾ പഠിപ്പിച്ചും പ്രാർത്ഥിച്ചും കൂട്ടായ്മയിൽ പങ്കെടുത്തും ധ്യാനിച്ചും ചിന്തിച്ചും ആരാധനയിൽ സംബന്ധിച്ചും കഴിഞ്ഞിരുന്ന എനിക്ക് ഒറ്റ നിമിഷം കൊണ്ട് ഇതെല്ലാം ഇല്ലാതാകുക എന്നു പറയുന്നത് സഹിക്കാവുന്നതിലും അധികമാണ്.

ആദ്യ സമയങ്ങളിൽ തുടർമാനമായി എഴുതിയും വായിച്ചും ഞാനും സമയം തള്ളിനീക്കി. എന്തുകൊണ്ട് ലോകമാകമാനം ഒരേ സമയം കോവിഡ് ? എന്ന ചോദ്യം മറ്റു പലരെയും പോലെ ഞാനും സ്വയം ചോദിച്ചിരുന്നു. ദൈവത്തിന്റെ പദ്ധതികൾക്കു പിന്നിലെ സ്വർഗീയോദ്ദേശ്യം മനുഷ്യചിന്തകൾക്ക് ഗ്രഹിക്കുവാൻ അപ്രാപ്യമാണ്.എന്നാൽ ഇത് യാദൃശ്ചികമായി മാത്രം ലോകത്തെ ഗ്രസിച്ച മാരക വൈറസ്’ ആണെന്നു വിശ്വസിക്കാൻ മാത്രം പരിജ്ഞാനമില്ലാത്തവനല്ല ഞാൻ.ദൈവസഭകൾ അതിന്റെ പരിപാവനതയും മൂല്യവും ഭക്തിയും നഷ്ടപ്പെടുത്തുവാൻ തുടങ്ങിയിട്ട് കാലം കുറെയായിരുന്നു. സഭാരാഷ്ട്രീയം അതിന്റെ അത്യുച്ചകോടിയിലെത്തി സംഘടനാ മീറ്റിംഗുകളെക്കാൾ നിലവാരം കുറഞ്ഞ അവസ്ഥയിലേക്ക് പല സഭകളെയും എത്തിച്ചിരുന്നു.ഞായറാഴ്ച ആരാധനയ്ക്കു ശേഷം കയ്യാങ്കളികൾ പോലും ചില സഭകളിൽ അരങ്ങേറിയിരുന്നു. അപ്രതീക്ഷിതമായിട്ടാണെങ്കിലും ചിലതിനെല്ലാം ഞാനും നിശബ്ദനും നിസഹായനും മൂകനുമായ ദൃക്സാക്ഷിയായി.കടുത്ത ദുഃഖവും നിരാശയും തോന്നിയിരുന്നു. പൊലീസ് കാവലിൽപോലും ആരാധന നടത്തേണ്ട ഗതികേടിലേക്ക് തരംതാണ സഭകളും നിരവധി. സമ്പത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും നിറത്തിന്റെയും കുടുംബ ശ്രേഷ്ഠതയുടെയും അടിസ്ഥാനത്തിൽ വിവിധ ‘വിവേചനചിന്തകൾ’ പോലും (ഉയർന്നവൻ, ഇടത്തരക്കാരൻ, താഴ്ന്നവൻ) ചില വിശ്വാസികളുടെ ഹൃദയങ്ങളിൽ കൂടുകെട്ടി.സ്നേഹബന്ധങ്ങളും വ്യക്തിപരമായ സുഹൃദ് കൂട്ടായ്മകളും അത്തരക്കാർ തമ്മിലായി. വിവേചനത്തിന്റെ ഭീകരരൂപം അതിന്റെ ദംഷ്‌ട്രകൾ കാട്ടി വെളിയിൽ വന്നില്ലെന്നു മാത്രം. മുഖപക്ഷമില്ലാത്ത, നീതിമാനായ ദൈവത്തിന് ഇതൊക്കെ എങ്ങനെ അംഗീകരിക്കുവാൻ കഴിയും ? ചില സഭകൾ ദൈവസഭയുടെ സ്വഭാവം പൂർണ്ണമായി കൈവെടിഞ്ഞ് ‘ക്ലബ്ബു’കളുടെ നിലവാരത്തിലേക്ക് അധ:പതിച്ചിരുന്നു. ‘വീട്ടിലിരുന്ന് ആരാധിച്ചാൽപ്പോരേ ?’ എന്നുപോലും ചിന്തിക്കുന്ന മാനസികാവസ്ഥയിലേക്ക് പല വിശ്വാസികളും എത്തിയിരുന്നു.

‘ഭൂമിയിൽ മനുഷ്യന്റെ പാപം പെരുകിയത് ദൈവത്തിനു സഹിക്കാൻ കഴിയാതെയായി. അപ്പോൾ ദൈവം നോഹയുടെ കാലത്ത് ഭൂമിയിൽ ജലപ്രളയം വരുത്തി’ എന്ന് വിശുദ്ധ ബൈബിളിൽ ഉൽപത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. (ഉൽപത്തി 6:11,12) ദൈവജനത്തിന്റെ ആത്മീയ അപചയത്തിനു നേരെയുള്ള ദൈവത്തിന്റെ ഒരു ‘ചെത്തിമിനുക്കൽ പ്രക്രിയ’യാണ് കോവിഡ് 19 എന്നു വിശ്വസിക്കാനാണ് എനിക്കു താല്പര്യം.

ആദിമ സഭയുടെ വീടുകളിൽ ഇരുന്നുള്ള ആരാധനാരീതിയിലേക്ക് നമ്മെ തിരികെ കൊണ്ടുപോകുവാൻ ദൈവം തന്നെ ക്രമീകരിച്ച ഒരു വിശുദ്ധ പദ്ധതിയായിരിക്കാം ഇത്‌. ‘മർക്കൊസിന്റെ മാളികമുറി’യിൽ അരങ്ങേറിയ ആരാധനയുടെ ശക്തിയും തീവ്രതയും എത്രയെന്ന് വിശുദ്ധ ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. ‘ആദിമ സഭ ലോകത്തെ കീഴ്മേൽ മറിച്ചു, എന്നാൽ ആധുനിക സഭകളെ ലോകം ഇന്ന് കീഴ്മേൽ മറിക്കുന്ന’ അവസ്ഥയിൽ നാം എത്തിച്ചേർന്നു.അതിനുള്ള ബദൽ ക്രമീകരണമാർഗവും ദൈവം തന്നെ ഒരുക്കി. അതായിരിക്കാം ഇപ്പോഴുള്ള വീട്ടുസഭകൾ എന്ന ഈ താൽക്കാലിക സംവിധാനം. ചിലപ്പോൾ ദൈവം ഇത്‌ സ്ഥിരമാക്കി നിജപ്പെടുത്തിയേക്കാം.

അതിന്റെ കുറെക്കൂടി വിശാലമായ ദൃശ്യരൂപമാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയുള്ള ആരാധാനാരീതികൾ. അതിന്റെ മുന്നോടിയെന്നവണ്ണം, വറ്റി വരണ്ട ഹൃദയങ്ങളിൽ ആത്മമാരി വർഷിച്ചുകൊണ്ട് ‘പവർ വിഷൻ ടിവി’യുടെ ‘വീട്ടിലെ സഭായോഗം’ പ്രോഗ്രാമും രംഗത്തെത്തിക്കഴിഞ്ഞു.ടിവി സ്ക്രീനിലെ ദൃശ്യവിരുന്ന് സഭായോഗത്തിന് തുല്യമാകുമോ, ജനശ്രദ്ധ പിടിച്ചുപറ്റുമോ എന്നീ കാര്യങ്ങളിൽ സാധാരണക്കാർക്ക് ഉണ്ടാകാവുന്ന സംശയം ആദ്യം എന്റെ മനസിലും ഉണ്ടായി.2011 മുതൽ ഞാനും ‘പവർ വിഷൻ ടിവി’യിൽ സ്ഥിരമായി പ്രോഗ്രാം ചെയ്യുന്ന വ്യക്തിയാണ്. അതുകൊണ്ടു തന്നെ ‘പവർ വിഷൻ ടിവി’ യോട് ഹൃദയത്തിൽ ഒരു പ്രത്യേക മമതയും സ്നേഹവുമുണ്ട്.

സഭാഹാളുകൾ ഇപ്പോഴും അടഞ്ഞു കിടക്കുന്നതിനാലും ലോക് ഡൗൺ നിയമങ്ങൾ പാലിച്ചുകൊണ്ട് ആരാധന പുന:രാരംഭിച്ചാൽത്തന്നെ ‘അറുപത് തികഞ്ഞു’ എന്ന നിയമതടസം മുതിർന്ന പൗരനായ എന്റെ തലയ്ക്കു മുകളിൽ ഡെമോക്ലീസിന്റെ വാളായി തിളങ്ങി നിൽക്കുന്നതിനാലും സഭായോഗത്തിനു നൽകുന്ന പ്രാധാന്യത്തോടെ ‘വീട്ടിലെ സഭായോഗം’ തുടർച്ചയായി കാണാൻ തുടങ്ങി.

ഞാനും ദൈവവചനം പ്രസംഗിക്കുന്ന വ്യക്തിയായതിനാൽ ദൈവവചനത്തിന്റെ ശക്തി ഏതൊരു ആത്മീയനെയും പോലെ എനിക്കും നല്ലവണ്ണം അറിയാം. ‘ഞാൻ അയയ്ക്കുന്ന എന്റെ വചനം അതിന്റെ പ്രവൃത്തി തികയ്ക്കാതെ മടങ്ങി വരില്ല ‘എന്നത് ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദത്തമാണ്.നിർമലസുവിശേഷം പ്രസംഗിക്കുന്ന ഏതൊരു ദൈവദാസന്റെയും പ്രസംഗം മുൻവിധി കൂടാതെ കേൾക്കുവാനുള്ള കൃപയും ദൈവം നൽകിയിട്ടുണ്ട്.

ആരാണ് പ്രസംഗിക്കുക എന്നതിനെക്കാൾ എന്താണ് പ്രസംഗിക്കപ്പെടുന്നത് എന്നതിനാണല്ലോ പ്രാധാന്യം ? ഞാൻ പ്രാധാന്യം നൽകുന്നതും അതിനാണ്. പവർ വിഷൻ ടിവിയുടെ ‘വീട്ടിലെ സഭായോഗ’ത്തിന് ലോകമെമ്പാടുമുള്ള നാനാജാതിമതസ്ഥരായ പ്രേക്ഷകർ നൽകുന്ന വമ്പിച്ച പിന്തുണ സംഘാടകർ പ്രതീക്ഷിച്ചതിനെക്കാളൊക്കെ എത്രയോ മടങ്ങ് ഇരട്ടിയാണെന്നത് എന്നെയും ഏറെ ആഹ്ലാദഭരിതനാക്കുന്നു.

ശ്രദ്ധയോടു കൂടിയ തുടർമാനമായ വീക്ഷണം വീട്ടിലെ സഭായോഗത്തെ ഇപ്പോൾ ഞങ്ങൾക്കും ഏറെ പ്രിയപ്പെട്ടതാക്കി. ഞായറാഴ്ച സഭായോഗത്തിൽ പങ്കെടുക്കുന്ന അതേ ജാഗ്രതയോടും ഏകാഗ്രതയോടും ഇപ്പോൾ സഭായോഗത്തിൽ പങ്കെടുക്കുവാൻ ഞങ്ങൾക്കും കഴിയുന്നു. ഞായറാഴ്ച രാവിലെ എട്ടര മുതൽ പന്ത്രണ്ടര വരെ സഭായോഗത്തിൽ പങ്കെടുക്കുന്ന അതേ ‘ഫീലിംഗ്’ (feeling) പ്രദാനം ചെയ്യാൻ ‘വീട്ടിലെ സഭായോഗ’ത്തിനും കഴിയുന്നു.

ഇപ്രകാരമൊരു ആത്മീയ അന്തരീക്ഷം വീട്ടിലെ സ്വീകരണമുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ ഉണ്ടാക്കിയെടുക്കുക എന്നത് അത്ര നിസാരമല്ല.ലോകരാജ്യങ്ങളിലെ ലക്ഷക്കണക്കിന് ജനങ്ങൾ ‘വീട്ടിലെ സഭായോഗവും’ ഉപവാസയോഗങ്ങളും’ തുടർച്ചയായി ശ്രദ്ധിക്കുന്നതായി റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. അനേകരുടെ പ്രാർത്ഥനാവിഷയങ്ങൾക്ക് ദൈവം കൃത്യമായി മറുപടി നൽകുന്നു. നിരവധി രോഗികൾക്ക് ഗിലെയാദിലെ മഹാവൈദ്യനായ യേശുകർത്താവ് അത്ഭുതസൗഖ്യം നൽകുന്നു.

ഉടനെയൊന്നും സഭാഹാളുകൾ തുറക്കപ്പെടാൻ സാദ്ധ്യതയില്ലെങ്കിലും ‘വീട്ടിലെ സഭായോഗം’ ആരാധനയില്ലായ്മയുടെ അപര്യാപ്തത പൂർണ്ണമായി പരിഹരിക്കുന്നു എന്നൊരു ചിന്ത വിശ്വാസികളുടെ ഹൃദയങ്ങളിൽ രൂഡമൂലമായിരിക്കുന്നു. യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായം ചെന്നവർക്കും രോഗികളായി വീട്ടിൽ വിശ്രമിക്കുന്നവർക്കും പവർ വിഷൻ ടിവിയിലെ ‘വീട്ടിലെ സഭായോഗം’ ഏറെ അനുഗ്രഹമാണ്. ലോകത്തിലെ നിരവധി രാജ്യങ്ങളിലുള്ള എന്റെ സുഹൃത്തുക്കൾ ഈ പ്രോഗ്രാം സ്ഥിരമായി കാണുന്നുവെന്ന് ഫോണിലൂടെ എന്നോട് പറയാറുണ്ട്.

‘ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു’ എന്നൊരു വാക്യം വിശുദ്ധ ബൈബിളിലുണ്ട്. ലക്ഷക്കണക്കിന്‌ ദൈവമക്കളുടെ ‘ആരാധന മുടങ്ങുമല്ലോ’ എന്ന ഭീതിയ്ക്ക് സ്വർഗ്ഗത്തിലെ ദൈവം നൽകിയ പെട്ടെന്നുള്ള മറുപടിയാവാം വീട്ടിലെ സഭായോഗമെന്ന് എനിക്കു തോന്നുന്നു.

എല്ലാവരുടെയും ഭവനങ്ങളിലേക്ക് ‘ഞായറാഴ്ച വിശുദ്ധ സഭായോഗം’ അതിന്റെ വിശുദ്ധിയും സൗന്ദര്യവും തീക്ഷ്ണതയും ആത്മീയതയും നഷ്ടപ്പെടുത്താതെ എത്തിക്കുന്നതിൽ ‘പവർ വിഷൻ ടിവി’ പുലർത്തുന്ന സൂക്ഷ്മതയും കൃത്യതയും ഏറെ അഭിനന്ദനാർഹവും ശ്ലാഘനീയവുമാണ്. പ്രോഗ്രാമിന്റെ ചെറിയ ചെറിയ പോരായ്മകൾ പ്രോഗ്രാമിന്റെ മികച്ച അവതരണത്തിനും സംവിധാനത്തിനും മുമ്പിൽ ഞാൻ മനഃപൂർവം വിസ്മരിക്കുന്നു.

Rev. George Mathew Puthupally

ഇത്തരമൊരു പരിപാടി ക്രമീകരിക്കുവാൻ മുൻകൈയെടുത്ത ‘പവർ വിഷൻ ടിവി’യുടെ എല്ലാ ഭാരവാഹികളെയും പ്രോഗ്രാമിൽ പങ്കെടുക്കുന്ന ദൈവദാസന്മാരെയും ഗായകസംഘത്തെയും പിന്നണി പ്രവർത്തകരെയും ഈ പ്രവർത്തനങ്ങളെ വിവിധ രീതികളിൽ സഹായിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും സർവശക്തനായ ദൈവം
സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.

Leave A Reply

Your email address will not be published.