സിനിമ അഭിനയവും പാസ്റ്ററുടെ പ്രവചനവും

സമകാലികം: റോഷൻ ഹരിപ്പാട്

സിനിമ അഭിനയ ആഗ്രഹവുമായി പ്രാർത്ഥനയ്ക്ക് വന്ന ചെറുപ്പക്കാരനോട് ഒരു പാസ്റ്റർ പ്രവചിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഏത് വിഷയം കിട്ടിയാലും ഒന്നും ചിന്തിക്കാതെ കാടടച്ചു വിമർശിക്കുവാൻ നമ്മുടെ അത്രയും മിടുക്കുള്ള കൂട്ടർ വേറെയുണ്ടോ എന്ന് തോന്നുന്നില്ല. ഈ വിഷയത്തിലും പെന്തകൊസ്തുകാരുടെ നിലപാടിനു മാറ്റമില്ലായിരുന്നു എന്ന് കമന്റ്‌ ബോക്സ്‌ പരിശോധിച്ചാൽ മനസിലാക്കാം. രാഷ്ട്രീയപാർട്ടിക്കാരെ വെല്ലുന്ന തരത്തിൽ വോട്ട് പിടിച്ചും കുതികാല് വെട്ടിയും സംഘടനാ രാഷ്ട്രീയം കളിക്കുന്ന പെന്തക്കോസ്തുകാർ സിനിമക്കാരെ വിമർശിക്കരുത് കാര്യം അവർ നിങ്ങളെക്കാൾ എത്രയോ ഭേദമാണ്. കസേര കിട്ടാൻ വേണ്ടി പിന്നാമ്പുറത്തു ലോകമനുഷ്യർ കാണിക്കുന്നതിലും വൃത്തികെട്ട അടവുകൾ പയറ്റിയിട്ടു വേദിയിൽ കയറി വിശുദ്ധി അഭിനയിക്കുന്ന നമ്മുടെ പല നേതാക്കന്മാരെയും കാണുമ്പോൾ ഇവർ സിനിമ ഫീൽഡിൽ ആയിരുന്നെങ്കിൽ ഒരു പക്ഷെ ഇവർക്ക് ഓസ്‌കാർ ലഭിച്ചേനെ എന്ന് ഞാൻ ചിന്തിച്ചുപോയിട്ടുണ്ട്.

ഭിനയ രംഗത്ത് നിനക്ക് ഉയർച്ച ഉണ്ടാകും എന്നൊരു പ്രവചനം നടത്തിയാൽ അത് പൈശാചികമാകുമോ…? അല്ലെങ്കിൽ അഭിനയകല പാപമാണോ…?

വിടെ കേട്ട പ്രവചനത്തിന്റെ ആധികാരികതയെപ്പറ്റി പരിശോധിക്കുന്നതിന് മുൻപ് സിനിമ, നാടക രംഗത്ത് പ്രവർത്തിക്കുന്നതോ അഭിനയിക്കുന്നതോ തെറ്റാണോ എന്ന് ചിന്തിക്കേണ്ടതു വളരെ അത്യാവശ്യമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ടു ഒരു വലിയ കൂട്ടം ജനത്തെ പോസിറ്റീവായോ നെഗറ്റീവായോ ഇത്രയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന മറ്റൊരു കലാസൃഷ്ടി ഉണ്ടോയെന്നു തോന്നുന്നില്ല. സമൂഹത്തിലെ ഏതു തരത്തിൽ ഉള്ള ആളുകളെയും ദൃശ്യമാധ്യമങ്ങൾക്ക് സ്വാധീനിക്കുവാൻ കഴിയും. ഈ നൂറ്റാണ്ടിൽ സാമൂഹ്യ രാഷ്ട്രീയ മതപരമായ മേഖലകളിൽ നടക്കുന്ന തട്ടിപ്പുകളെയും ചൂഷണങ്ങളെയും പറ്റി സാധാരണ ജനത്തെ ബോധവൽക്കരിക്കുവാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ട്രാൻസ് സിനിമ ഇറങ്ങിയതോടെ പെന്തകോസ്ത്തിലെ ചില വൻ തട്ടിപ്പ് വീരന്മാരുടെ കഞ്ഞിയിൽ പാറ്റ വീണു. സയൻസ്, ചരിത്രം, ടെക്നോളജികൾ, മെഡിക്കൽ, ആതുരസേവനങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമകൾ വിദ്യാർഥിസമൂഹത്തിനു പ്രയോജനപ്പെട്ടിട്ടുണ്ട്. ഒരു പൗരൻ എന്ന നിലയിൽ അവകാശപ്പെട്ട നിയമങ്ങളെ പറ്റി യാധൊരു വിധത്തിലുമുള്ള അറിവുകൾ ഇല്ലാതിരുന്ന സാധാരണക്കാരായ ജനങ്ങളെ ബോധവൽക്കരിക്കുവാൻ ഒരു പരിധിവരെ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അടുക്കളയിൽ തളച്ചിടപ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തിനും കുടുംബബന്ധങ്ങൾ ദൃഢപ്പെടുത്തുവാനും നല്ല കുടുംബകഥകൾ കാരണമായിട്ടുണ്ട്. പ്രശസ്ത വ്യക്തികളുടെ ജീവിതത്തെ ആസ്പദമാക്കി നിർമിച്ച സിനിമകൾ അവരുടെ ഉയർച്ചയുടെ പടവുകളിൽ ഉണ്ടായ ജയാപജയങ്ങളെ മനസിലാക്കുവാനും അവരിലുള്ള നല്ല സ്വഭാവഗുണങ്ങൾ തലമുറകൾക്കു പകർന്നു കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. നിരവധി ഭാഷകളിൽ തർജ്ജമ ചെയ്യപ്പെട്ട ജീസസ്, പാഷൻ ഓഫ് ദ ക്രൈസ്റ്റ് തുടങ്ങിയ സിനിമകൾ സുവിശേഷീകരണത്തിന് വളരെ സഹായമായിട്ടുണ്ട് . അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്ത അനേകം പേർ യേശുവിനെ പറ്റി മനസ്സിലാക്കുവാൻ ഈ സിനിമകൾ കാരണമായി. നല്ല ആഴമേറിയ ഹാസ്യകഥയുള്ള സിനിമകൾ കാണുന്നത് മാനസിക പിരിമുറുക്കത്തെ കുറയ്ക്കുകയും സാമൂഹിക സിനിമകൾ വ്യക്തിപരമായ പല മുൻവിധികളെയും മയപ്പെടുത്താനും ഇല്ലാതാക്കാനും കഴിവുള്ളവയുമാണ്. അത് മാത്രമല്ല ഓരോരോ ഭാഷകളിലുള്ള സിനിമകൾ അതാത് ദേശത്തിന്റെ സംസ്കാരത്തെയാണ് പ്രദർശിപ്പിക്കുന്നത്.

ല്ല സിനിമകൾ തലമുറകൾക്കു പ്രയോജനപ്പെടുമ്പോൾ തന്നെ ഭൂരിപക്ഷത്തെ പ്രതികൂലമായും ബാധിക്കുന്നുണ്ട്. സെക്സും വയലൻസും നിറഞ്ഞ സിനിമകൾ ആണ് ഇന്ന് അധികവും. പ്രേക്ഷകരുടെ എണ്ണം കൂട്ടാൻ വളരെ അത്യാവശ്യത്തിനു മാത്രം വസ്ത്രം ധരിച്ച സ്ത്രീകളുടെ ഡാൻസും ബലാത്സംഗസീനും ഒക്കെ ഉൾപ്പെടുത്തുമ്പോൾ ഇത് കാണുന്ന കൗമാരക്കാരന്റെ ചിന്താഗതികൾക്ക് മാറ്റമുണ്ടാകും. ഈ സീനുകൾ അവനിൽ ഉളവാക്കുന്ന ജിജ്ഞാസ അവനെ എത്തിക്കുന്നത് പോൺ സിനിമകളിൽ ആയിരിക്കും. വെട്ടിയും കുത്തിയും ഷൂട്ട്‌ ചെയ്തും എതിരാളിയെ കൊലപ്പെടുത്തി വിജയിക്കുന്ന റൗഡിയായ നായകനെ റോൾ മോഡലക്കാൻ ശ്രമിക്കുന്ന യുവതലമുറ…! ഒരു കാലത്തു പ്രഗത്ഭരായ പോലീസ് ഉദ്യോഗസ്ഥരാൽ തെളിയിക്കപ്പെട്ട കേസുകളെപറ്റിയുള്ള കുറ്റാന്വേഷണ സിനിമകൾ ആയിരുന്നു ഇറങ്ങിയിരുന്നതെങ്കിൽ ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ വിദഗ്ദമായി എങ്ങനെ ഒരു ക്രിമിനൽ കുറ്റം ചെയ്യാമെന്നു ഇന്നത്തെ സിനിമകൾ പഠിപ്പിക്കുന്നു.

ലോകത്ത് എല്ലാ രംഗത്തും നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ട്. നാം ആയിരിക്കുന്ന രംഗത്ത് ദൈവം തന്ന താലന്തുകളെ സമൂഹത്തിനും ദൈവരാജ്യത്തിനും ഗുണകരമായി ഉപയോഗിക്കുക എന്നതാണ് ഒരു ക്രിസ്ത്യാനിയുടെ ഉത്തരവാദിത്തം. സിനിമ ഒരു മാധ്യമം മാത്രമാണ് അതിനെ നല്ല രീതിയിൽ ഉപയോഗിച്ചാൽ സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തുവാൻ സാധിക്കും. വ്യത്യസ്ത വീക്ഷണമുള്ള വ്യക്തികളാൽ രചിക്കപ്പെട്ട സാഹിത്യങ്ങൾ ചരിത്രങ്ങൾ കഥകൾ നോവലുകൾ പദ്യങ്ങൾ തുടങ്ങി വിവിധ തരത്തിലുള്ള പുസ്തകങ്ങൾ നാം വായിക്കാറില്ലേ.. എങ്കിൽ നല്ല സിനിമകൾ കാണുന്നതിലോ അതിൽ അഭിനയിക്കുന്നതിലോ എന്താണ് തെറ്റ്..? ഇതിനെയൊക്കെ വിമർശിക്കുന്നവർ കുറഞ്ഞപക്ഷം സിനിമ കാണാത്തവർ ആയിരിക്കണം. ഒരു ഭിത്തിയുടെ വലിപ്പത്തിലുള്ള ടീവിയും ഹോം തിയേറ്ററും വാങ്ങി വച്ചു വീട്ടിൽ തിയേറ്റർ എഫക്ട് സൃഷ്ടിക്കുന്നവരാണ് വിമർശിക്കാൻ മുന്നിൽ എന്നതാണ് രസകരമായ സംഗതി. അഭിനയ താലന്തുള്ള നമ്മുടെ സഹോദരങ്ങൾ യുവജന മീറ്റിംഗിലും മറ്റും നടത്തിയ സ്കിറ്റുകൾ സോഷ്യൽ മീഡിയയിൽ വളരെ പ്രചാരം ലഭിച്ചവയാണ്. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിൽ നാം പലപ്പോഴും മറന്നുപോകുന്നു. ഉപദേശങ്ങൾ വിലങ്ങുതടിയായതുകൊണ്ട് സെക്കുലർ രംഗത്ത് പ്രവർത്തിക്കുവാൻ കഴിയാതെ പോയ അനേക കലാകാരന്മാർ നമ്മുടെ ഇടയിൽ ഉണ്ട്. ദൈവം തരുന്ന ഏതു താലന്താണെങ്കിലും ജന്മനാ ലഭ്യമായ കലാവാസനകളെ ദൈവനാമം ദുഷിക്കപ്പെടാതെ സാമൂഹ്യ നന്മയ്ക്കു ഉതകുന്ന വിധത്തിൽ ഉപയോഗിക്കുന്നതിൽ തെറ്റില്ല. അതുകൊണ്ട് തലമുറകളിൽ അടങ്ങിയിരിക്കുന്ന താലന്തുകൾ തീവ്രഉപദേശങ്ങൾക്കടിയിൽ പെട്ടു അണഞ്ഞുപോകാതെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വരും തലമുറയെ ബോധവൽക്കരിക്കാനുള്ള വിശാലമനസ്സ് മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം. നമ്മുടെ ആത്യന്തിക ലക്ഷ്യം നിത്യതയാണെന്നും അതിനു തടസ്സം വരുന്ന യാതൊന്നും ജീവിതയാത്രയിൽ പാടില്ല എന്നുള്ള അടിസ്ഥാനബോധ്യം ഉള്ളവനെ നല്ലതും തീയതും തിരഞ്ഞെടുക്കാൻ പഠിപ്പിക്കേണ്ട ആവശ്യമില്ല.

ദൈവത്തിന്റെ നാവായി മനുഷ്യരുടെ ഇടയിൽ നിൽക്കുന്നവനാണ് ദൈവത്തിന്റെ പ്രവാചകൻ. അവന്റെ നാവിൽ നിന്നും പുറപ്പെടുന്ന പ്രവചനശബ്ദം ദൈവനാമം മഹത്വപ്പെടുത്തുന്നതും ദൈവഹിതത്തെ വെളിപ്പെടുത്തുന്നതും ജനത്തെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നതും ആകണം. കേവലം ഭൗതീക അനുഗ്രഹങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന പ്രവചനങ്ങൾ ധനസമ്പാദനത്തിനും സ്വയപ്രശസ്തിക്കും മാത്രമുള്ളവയാണ്. പലപ്പോഴും ദൈവത്തിന്റെ ജനം തന്റെ സന്നിധിയിൽ നിന്നും അകന്നു പോയപ്പോൾ ന്യൂനതകളെ പണിഞ്ഞു യഥാസ്ഥാനപ്പെടുത്തുവാൻ ദൈവം തന്റെ പ്രവാചകന്മാരെ ഉപയോഗിച്ചിട്ടുണ്ട്. പരിശുദ്ധത്മാവിനാൽ നയിക്കപ്പെടേണ്ട സഭയിൽ ഇന്ന് നിറഞ്ഞു നിൽക്കുന്ന അനാത്മീയതയ്‌ക്കെതിരെ സധൈര്യം ശബ്ദമുയർത്തുന്ന ദൈവത്തിന്റെ പ്രവാചകരെയാണ് ഈ നൂറ്റാണ്ടിലെ സഭയ്ക്കാവശ്യം.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.