ധാർമികതയുടെ ഉത്ഭവം, ‘കുടുംബം’.

"മദ്യപിച്ചു മദോന്മത്തനായി കിടന്ന നോഹ മക്കൾക്ക് നൽകിയ പാഠം എന്താണ്? അതൊരു ശാപത്തിലേക്ക് വരെ എത്തിച്ചു." പാസ്റ്റർ ജസ്റ്റിൻ കായംകുളം എഴുതുന്നു...

പാലായിൽ ഒരു ചെറുപ്പക്കാരൻ സഹപാഠിയായ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് വായിച്ചത്. നിയമവ്യവസ്ഥിതീകൾക്ക് അതീതമായി സാമൂഹികവും സാംസ്‌കാരികവും കുടുംബപരവുമായുള്ള ഒരു ബോധവൽക്കരണ തലത്തിലേക്ക് സമൂഹം ഉയർന്നെങ്കിൽ മാത്രമേ ഇതിനൊക്കെ ശാശ്വതമായ ഒരു മാറ്റം ഉണ്ടാവുകയുള്ളൂ. അതിന് പഠനം തുടങ്ങേണ്ടത് കുടുംബങ്ങളിൽ നിന്നുമാണ്.വിശ്വാസത്തിലും ധാർമികതയിലും അടിയുറച്ച കുടുംബങ്ങൾ സമൂഹത്തിന്റെയും സഭയുടെയും നെടുംതൂണുകൾ ആണ്.

നല്ല കുടുംബങ്ങൾ നല്ല വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യുന്ന മഹൽ സ്ഥാപനങ്ങളാണ്. കുടുംബങ്ങളിൽ വിശ്വാസ-ധാർമിക മൂല്യങ്ങൾ ഉണ്ടെങ്കിൽ അത് സമൂഹത്തിലേക്കും നിശ്ചയമായും വ്യാപിക്കും.

ധാർമികതയുടെ ഉത്ഭവം കുടുംബത്തിലായതിനാൽ ഓരോ ഭവനവും വിദ്യാലയങ്ങളും ദൈവാലയങ്ങളും ആയി മാറണം. ആ വിദ്യാലയത്തിൽ ആയിരിക്കണം ഏറ്റവും വിലയേറിയതും ആഴമേറിയതുമായ ധാർമിക സംസ്കാരം ഉടലെടുക്കേണ്ടതും. ആ ദേവാലയത്തിൽ നിന്നായിരിക്കണം ഒരുവന്റെ അകത്തെ മനുഷ്യനെ രൂപപ്പെടുത്തുന്ന ആത്മീക സംസ്കാരം ഉടലെടുക്കേണ്ടത്. മോശയ്ക്ക് ദൈവം പ്രമാണം നൽകുമ്പോൾ തലമുറയെ പഠിപ്പിക്കണമെന്നും ദൈവം നടത്തിയ വഴികൾ അവരെ ഓർപ്പിക്കണമെന്നും പ്രത്യേകം പറയുന്നു.

സദൃശ്യവാക്യങ്ങളിൽ കൂടി സോളമൻ, കുഞ്ഞുങ്ങളെ ചെറുപ്പത്തിൽതന്നെ ധാർമികമായും ആത്മീയമായും പരിശീലിപ്പിക്കേണ്ടതിന്റെയും മുതിർന്നവരെയും മാതാപിതാക്കളെയും ഗുരുവിനെയും ബഹുമാനിക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. ‘ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക അവൻ വൃദ്ധനായാലും അത് വിട്ടുമാറുകയില്ല’.

മാതാപിതാക്കൾ തമ്മിലുള്ള ഐക്യം ബന്ധം സ്നേഹം ആത്മീയത ഇവയൊക്കെ തലമുറകളുടെ പാഠപുസ്തകം ആയിരിക്കണം. അപ്പനും അമ്മയും വെവ്വേറെ സ്നേഹിച്ച ഏശാവും യാക്കോബും തമ്മിൽ ഏറ്റുമുട്ടുന്നതായും അവർ വളരുമ്പോൾ അത് കുഴപ്പങ്ങളിൽ ചാടിക്കുന്നതായും വചനത്തിൽ കാണുന്നുണ്ട്.

ഓരോ വ്യക്തികളുടെയും സ്വഭാവരൂപീകരണത്തിന് കുടുംബം വഹിക്കുന്ന പങ്ക് വളരെ വലുതാണ് മദ്യപിച്ചു മദോന്മത്തനായി കിടന്ന നോഹ മക്കൾക്ക് നൽകിയ പാഠം എന്താണ്? അതൊരു ശാപത്തിലേക്ക് വരെ എത്തിച്ചു.

പ്രാർത്ഥിക്കുന്ന ഹന്നയുടേയും ഹന്നയെ പൊന്നുപോലെ സ്നേഹിക്കുന്ന ഏൽക്കാനയുടെയും മകൻ ശാമുവേൽ ദാൻ മുതൽ ബേർശേബാ വരെ പ്രസിദ്ധനായതായി നമുക്ക് വചനത്തിലൂടെ കാണാൻ കഴിയുന്നുണ്ട്.

ആത്മീയമായി നിലനിൽക്കുന്ന കുടുംബങ്ങൾ പോലെ തന്നെ കപടവും അത്യാഗ്രഹവും ആഡംബര ജീവിതവും പ്രോത്സാഹിപ്പിക്കാത്ത കുടുംബങ്ങളിൽ ദൈവാശ്രയം ബോധവും ആത്മീയ കാഴ്ചപ്പാടും ധാർമിക മൂല്യം ഉള്ള തലമുറ തന്നെ രൂപപ്പെട്ടു വരും.

✍️പാസ്റ്റർ ജസ്റ്റിൻ കായംകുളം

Leave A Reply

Your email address will not be published.