ജ്യൂസ് എന്ന വാക്ക് എവിടെ നിന്നാണ്? ഇയിടെയായി സമൂഹ മാധ്യമങ്ങളിൽ മലയാളികൾക്കിടയിൽ ഉയരുന്ന പ്രധാന ചോദ്യങ്ങളിൽ ഒന്നാണ് ഇത്.. കേരളീയർക്കിടയിൽ ജ്യൂസിന്റെ ഉറവിടത്തെ കുറിച്ച് സംശയം വന്നത് ഒരു വിഡിയോ വൈറലായതിനെ തുടർന്നാണ്. ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാർ അഥവാ ‘Jews’ ആണെന്ന് വീഡിയോയിലെ വ്യക്തി അവകാശപ്പെടുന്നു. എന്നാൽ ജ്യൂസ് കണ്ടുപിടിച്ചത് ജൂതന്മാരല്ല എന്നതാണ് യാഥാർത്ഥ്യം.
പഴച്ചാറുകൾ ആദ്യം ഉപയോഗിക്കാൻ തുടങ്ങിയത് ഇറ്റലിയിലാണ്. ലെമണേഡ് ആണ് ആദ്യമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. 16ാം നൂറ്റാണ്ടിലാണ് സംഭവം. കൂടാതെ മുന്തിരി വൈന്‍ ആളുകൾ അതിന് മുന്‍പും കുടിച്ചിരുന്നു. പിന്നീട് സ്കര്‍വി എന്ന അസുഖത്തിന്റെ വരവോടെയാണ് ആളുകള്‍ കൂടുതലായി ജ്യൂസ് കുടിക്കാന്‍ ആരംഭിച്ചത്. ലോകത്ത് എല്ലായിടത്തും ഇപ്പോള്‍ മനുഷ്യര്‍ ഈ പാനീയം ഉപയോഗിക്കുന്നു.
ജ്യൂസ് എന്നാൽ പഴച്ചാറെന്നാണ് അർത്ഥം. എല്ലാവർക്കും ഇഷ്ടമുള്ള പാനീയമാണ് ജ്യൂസ്. മിക്കവാറും വെള്ളത്തിന്റെ അംശങ്ങൾ ധാരാളമുള്ള പഴങ്ങൾ എല്ലാം തന്നെ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കും. ജ്യൂസ് എന്ന വാക്കും ജൂതന്മാരുടെ സംഭാവനയല്ല…
1300കളിൽ ഫ്രഞ്ചുകാരാണ് ഈ വാക്ക് കണ്ടെത്തിയത്. ജ്യോസ്, ജോയ്സ്, ജോയോയസ് എന്നീ വാക്കുകളിൽ നിന്നാണ് ജ്യൂസ് എന്ന വാക്ക് ഉരുത്തിരിഞ്ഞത്. തിളപ്പിച്ച പച്ചിലകളില്‍ നിന്ന് എടുത്ത ദ്രാവകം എന്നാണ് അർത്ഥം.
സംസ്കൃതത്തിൽ യുസ്, ഗ്രീക്കിൽ സൈം എന്നിങ്ങനെയും പഴച്ചാറിനെ വിളിക്കും. പഴങ്ങളെയോ പച്ചക്കറികളെയോ പിഴിഞ്ഞുണ്ടാക്കുന്ന ചാറിനെയാണ് സാധാരണ ജ്യൂസ് എന്ന് വിളിക്കാറ്. 100 ശതമാനം ഫ്രൂട്ട് ജ്യൂസ് പ്രമേഹത്തിന് കാരണമാകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കുട്ടികളിൽ പല്ല് കേടുവരാനും ജ്യൂസ് കാരണമായേക്കാം.