പ്രവാസിയുടെ ആ കരച്ചിൽ കണ്ടു ഉള്ളു പിടഞ്ഞു; കാരുണ്യ പ്രവർത്തനത്തിലെ നവാഗതൻ സിജു സാമുവൽ

7 വർഷക്കാലമായി യുഎഇ മണ്ണിൽ പൊള്ളുന്ന കനൽ ചൂടിൽ പ്രവാസത്തിന്റെ നാളുകൾ തള്ളിനീക്കുകയാണ് സിജു സാമുവൽ. പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശിയായ ഇദ്ദേഹം ഷാർജ ഇന്ത്യൻ സ്കൂളിൽ ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരികയാണ്. സ്നേഹത്തിന്റെയും കരുണയുടെയും പാതയായ ജീവകാരുണ്യ പ്രവർത്തനങ്ങളെ വളരെയധികം ഇഷ്ടപ്പെടുന്ന ഇദ്ദേഹം ഐപിസി വർക്ക്‌ഷിപ്പ് സെന്റർ ഷാർജ ചർച്ചിന്റെ പ്രവർത്തനങ്ങളുമായാണ് ഇതുവരെ സഹകരിച്ചിരുന്നത്. ഇപ്പോൾ ഷാർജ ഇന്ത്യൻ അസോസിയേഷനോടും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ചർച്ചിന്റെ പ്രവർത്തനങ്ങളിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഖബാധിതരായ ആളുകൾക്ക് ചികിത്സയ്ക്ക് ആവിശ്യമായ സമ്പത്തിക സഹായങ്ങളെല്ലാം തന്നാലാകും വിധം ചെയ്തുകൊടുക്കാറുണ്ടായിരുന്നു. എന്നാൽ ലോകം അഭിമുകീകരിച്ച ഒരു വലിയ പ്രശ്നമായിരുന്നു കൊറോണ വൈറസ്. ഈ വൈറസാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചത്.

മഹാമാരി ഭീതി വിതച്ചപ്പോൾ വിശ്രമമില്ലാതെ തുടർച്ചയായ 136 ദിവസമാണ് ഇദ്ദേഹം പ്രവാസമണ്ണിൽ ഇറങ്ങി പ്രവർത്തിച്ചത്. ഈ സാഹചര്യത്തിൽ മരുന്നിനും ഭക്ഷണത്തിനും വേണ്ടി ബുദ്ധിമുട്ടിയ നിരവധിയാളുകളുടെ പ്രയാസങ്ങൾ മനസിലാക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചു. അതോടൊപ്പം തന്നെ ഈ സന്ദർഭത്തിൽ നിരാലംബരായ പലരുടെയും കണ്ണീർ സിജുവിന്റെ ഹൃദയത്തെ പിടിച്ചു കുലുക്കി. പ്രവാസലോകത്ത് പ്രയാസമനുഭവിച്ച ജീവിതങ്ങളുടെ നേർകാഴ്ച്ചയാണ് ജീവകാരുണ്യത്തിന്റെ പാതയിലേക്ക് സജീവമാകാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. മറ്റുള്ളവർക്ക് നന്മ ചെയ്തു കൊണ്ടുള്ള ജീവിതമാണ് ഏറ്റവും സന്തോഷം നൽകുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. പലർക്കും താങ്ങും തണലുമായി ഇപ്പോൾ ജീവിതത്തെ കൊണ്ടുനടന്നാൽ ഭാവിയിൽ നമ്മുടെ കാലുകൾ ഇടറുമ്പോൾ നമ്മളെ താങ്ങാൻ മറ്റുപലരും ഉണ്ടാകുമെന്നും ഇദ്ദേഹം ചൂണ്ടികാണിക്കുന്നു.

ദുരിതക്കയത്തിൽ മുങ്ങിതാഴുന്നവർക്ക് ഒരു കൈത്താങ്ങാവുക എന്നതാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം. കണ്ടും കൊടുത്തും അനുഭവങ്ങൾ സമ്പാദിക്കുന്ന സിജു സാമുവലുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. ഞാനുമായി നല്ലൊരു സുഹൃത്ത് ബന്ധം നിലനിർത്തുന്ന സിജുവുമായി പല പൊതുപ്രവർത്തനങ്ങളിലും ഒത്തു ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇനിയും പ്രയാസത്തിൽ അകപ്പെടുന്ന പ്രവാസികളുടെ കരങ്ങൾക്ക് കരുത്താകാൻ ഈ മേഖലയിലേക്ക് മുന്നിട്ടിറങ്ങിയ സിജുവുമൊത്ത് ഇനിയും ഒരുപാട് പ്രവർത്തനങ്ങൾ എനിക്ക് ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്.

പ്രവാസി മലയാളികൾക്കിടയിൽ ധാരാളം സാമൂഹ്യപ്രവർത്തകരുണ്ട്. എന്നാൽ അവരിൽ പലരേയും മിക്ക ആളുകൾക്കും അറിയില്ല എന്നതാണ് വാസ്തവം. പലർക്കും താങ്ങും തണലുമാകുന്ന സാമൂഹ്യ പ്രവർത്തകരെ കുറിച്ച് നമ്മൾ എല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ പല സാമൂഹ്യ പ്രവർത്തകരെ കുറിച്ച് വിവരണം നൽകുന്നത്. പ്രയാസത്തിൽ അകപെടുന്നവർക്ക് ഒരു മുഖമല്ലെങ്കിൽ മറ്റൊരു മുഖം ഓർമ്മവരട്ടെ. വിരലിൽ എണ്ണാവുന്ന സാമൂഹ്യ പ്രവർത്തകരല്ല പ്രവാസികൾക്ക് ചുറ്റുമുള്ളത്. ഏത് പ്രതിസന്ധിയിലും നമുക്കൊപ്പം തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്ന ഇവരെ നമുക്ക് പരിചയപ്പെടാം.

സലാം പാപ്പിനിശ്ശേരി
ചെയർമാൻ
ഗ്ലോബൽ പ്രവാസി അസോസിയേഷൻ
നിയമ പ്രതിനിധി, സാമൂഹ്യ പ്രവർത്തകൻ.
0506778033

Leave A Reply

Your email address will not be published.