മടങ്ങിവരവ് (കഥ)
റോഷൻ ഗീവർഗ്ഗീസ് ഹരിപ്പാട്
സമയം രാവിലെ 10:30. നിർത്താതെയുള്ള ബെല്ലടി കേട്ടു ജോയിച്ചായൻ ഇറങ്ങിച്ചെന്നു. പോസ്റ്റ്മാൻ ആണ് “അച്ചായന് ഒരു രജിസ്റ്റർ ഉണ്ട്.” ഒപ്പിട്ടു കത്ത് കൈപ്പറ്റി തുറന്നു നോക്കിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി. സ്വർഗത്തിൽ നിന്നാണ്.. 10 വർഷങ്ങൾക്കു മുൻപ് മരിച്ചു സ്വർഗ്ഗത്തിലേക്കു പോയ അമ്മയാണ് കത്തയച്ചിരിക്കുന്നത്. “എടിയേ, ഇങ്ങോട്ട് ഒന്നു ഓടിവന്നേ” എന്താണെന്നു അറിയാൻ ഭാര്യ സുസിമ്മാമ്മയും ഓടിവന്നു.
പ്രിയപ്പെട്ട ജോയിമോന്,
നിങ്ങൾ കുടുംബമായി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കട്ടെ. അമ്മയും ഇവിടെ സുഖമായിരിക്കുന്നു. നിങ്ങളെ എല്ലാരേയും കാണുവാൻ അമ്മയ്ക്ക് കൊതിയായി. എന്റെ വിഷമം കണ്ടിട്ട് മൂന്നു ദിവസത്തേക്ക് ഭൂമിയിൽ വന്നു എല്ലാവരെയും കണ്ടിട്ട് മടങ്ങാൻ കർത്താവ് തമ്പുരാൻ എനിക്ക് അനുവാദം തന്നു. അതുകൊണ്ട് അമ്മ വരികയാണ്. അടുത്ത മാസം രണ്ടാം തീയതി രാവിലെ അമ്മ വീട്ടിൽ വരും. കുഞ്ഞച്ചനോടും മാത്തുകുട്ടിയോടും അന്നമ്മയോടും റെജിമോനോടും അമ്മ നിങ്ങളെ കാണാൻ വരുന്ന വിവരം പറഞ്ഞേക്കണേ. ഈ മൂന്നു ദിവസവും നിങ്ങൾ എല്ലാവരും കുടുംബമായി അമ്മയോടൊപ്പം ഉണ്ടായിരിക്കണം എന്ന് പ്രത്യേകം പറയണം. കത്ത് ചുരുക്കുന്നു. അടുത്ത മാസം നേരിട്ട് കാണാം.
എന്ന്,
സ്നേഹത്തോടെ അമ്മ.
അമ്മായിയമ്മയുടെ തിരിച്ചുവരവ് സൂസിമ്മാമ്മയ്ക്ക് അത്രയങ്ങോട്ട് രസിച്ചില്ലെങ്കിലും അത് ഒട്ടും പുറത്തു കാണിക്കാതെ ആനന്ദക്കണ്ണീർ പൊഴിച്ചു സന്തോഷം പ്രകടിപ്പിച്ചു. പക്ഷെ കഴിഞ്ഞ 37 വർഷങ്ങളായി ഭാര്യയുടെ അഭിനയപാടവത്തിന്റെ എല്ലാ തലങ്ങളും നേരിട്ട് വീക്ഷിച്ച ഒരു പ്രേക്ഷകൻ ആയതുകൊണ്ട് ഇത് മനസ്സിലാക്കാൻ ജോയിച്ചായന് അധികസമയം വേണ്ടിവന്നില്ല.
ജോയിച്ചായന്റെ ഓർമ്മകൾ പത്തു വർഷങ്ങൾക്ക് പുറകിലേക്ക് ഓടി. മൂത്ത ജേഷ്ഠൻ കുഞ്ഞച്ചായന്റെ മൂത്തമകൾ ബ്ലെസ്സിയുടെ കല്യാണദിവസം. പ്രായവും സ്ഥാനവും വച്ചു നോക്കിയാൽ അമ്മ ആയിരുന്നു കച്ചമുറി കൈപ്പറ്റേണ്ടത്. എന്നാൽ കുഞ്ഞാച്ചായന്റെ ഭാര്യ തങ്കമ്മാമ്മ അമ്മായിയമ്മയോടുള്ള കലിപ്പ് കാരണം “നിങ്ങളുടെ തള്ളയെ ആ പരിസരത്തെങ്ങും അടുപ്പിച്ചേക്കരുത്” എന്ന് നേരത്തെക്കൂട്ടി അച്ചായനോട് പറഞ്ഞിരുന്നു. പാവം അച്ചായൻ നിസ്സഹായനായി. അമ്മയോട് രഹസ്യമായി പറഞ്ഞു “അവൾ ആകെ ചൂടിലാണ്. അതുകൊണ്ട് അമ്മ അല്പം ഒഴിഞ്ഞു നിൽക്കണം. നമുക്ക് ബെൻസിമോളുടെ കല്യാണത്തിന് അമ്മയെകൊണ്ട് വാങ്ങിപ്പിക്കാം കേട്ടോ”. പാവത്തിനെ നോക്കിനിർത്തി മരുമകൾ കച്ചവാങ്ങിയത് ആ മനസ്സിന് അംഗീകരിക്കാൻ ആയില്ല. അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ ഉറ്റവരാൽ മാറ്റിനിർത്തപ്പെടുമ്പോൾ ഉള്ള വേദന അനുഭവിച്ചവർക്കേ മനസ്സിലാകൂ. ‘പോട്ടെ സാരമില്ല എന്റെ മക്കളല്ലേ’ എന്ന് സ്വയം ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മകൾ അന്നമ്മ വന്നു “എന്നാലും അമ്മയെ അങ്ങനെ മാറ്റി നിർത്തിയത് അത്ര ശരിയായില്ല” എന്ന് പറഞ്ഞു ആ എരിതീയിൽ അല്പം എണ്ണ ഒഴിച്ച് കൊടുത്തത്. കൂട്ടത്തിൽ നാത്തൂനെപ്പറ്റി കുറച്ചു കുറ്റം പറയാനും മറന്നില്ല. അന്ന് രാത്രിയിൽ ആഹാരം കഴിഞ്ഞു ഉറങ്ങാൻ വേണ്ടി കിടന്നതാണ്. പെട്ടന്നൊരു നെഞ്ചുവേദന. ഉടൻ തന്നെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അവിടെ എത്തും മുൻപേ അമ്മ ഞങ്ങളെ വിട്ടു പോയിരുന്നു.
അമ്മ വരുന്ന വിവരം അറിഞ്ഞത് മുതൽ സഹോദരങ്ങൾ തമ്മിൽ വീണ്ടും അടിയായി. “അമ്മയ്ക്ക് എന്നോടായിരുന്നു ഏറ്റവും ഇഷ്ടം. അതുകൊണ്ട് അമ്മ മൂന്നുദിവസവും എന്റെ കൂടെത്തന്നെ താമസിക്കും” ഏകമകൾ അന്നമ്മ പറഞ്ഞു. “അത് നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ. നിന്റെ കൂടെ പത്തു ദിവസം വന്നു നിന്നപ്പോൾ നിങ്ങൾക്ക് മൂന്ന് ആൺപിള്ളേര് ഉള്ളതല്ലേ, മോളുടെ കൂടെ വന്നു താമസിക്കാൻ നാണമില്ലേ തള്ളേ എന്നു പറഞ്ഞു നീ അമ്മയെ ഇറക്കിവിട്ടതല്ലേ” ഇളയമകൻ റെജിമോൻ ചൂടായി. “അമ്മയുടെ മൂത്തമകൻ ഞാനാണ് അതുകൊണ്ട് അമ്മ ഞങ്ങളുടെ കൂടെ താമസിക്കട്ടെ” കുഞ്ഞച്ചായന്റെ അഭിപ്രായം അങ്ങനെയായിരുന്നു. “അമ്മ എനിക്കാണ് കത്തയച്ചത്. അതുകൊണ്ട് ഞാൻ ആർക്കും വിട്ടുകൊടുക്കില്ല. വേണമെങ്കിൽ നിങ്ങൾ എല്ലാരും ഇവിടെ വന്നു കണ്ടോണം” ജോയിച്ചായൻ കർശനമായി പറഞ്ഞു. ഓരോ ദിവസവും കഴിയുംതോറും ഇങ്ങനെയുള്ള സംസാരങ്ങൾ ഏറിക്കൊണ്ടിരുന്നു. അമ്മ വരുന്ന വിവരം നാട്ടുകാരിൽ പലരും അറിഞ്ഞു. അവരും ആവേശഭരിതരാണ്.
അങ്ങനെ കാത്തിരിപ്പുകൾക്ക് വിരാമം കുറിക്കാൻ സമയമായി. ഇന്ന് രണ്ടാം തീയതിയാണ്. മക്കൾ എല്ലാവരും വീടിന്റെ മുറ്റത്തു തന്നെയുണ്ട്. അമ്മ വന്നിറങ്ങിയാൽ ഉടൻ വീട്ടിൽ കൊണ്ടുപോകാനാണ് എല്ലാവരുടെയും ഉദ്ദേശം. നാട്ടുകാരിൽ ചിലരും എത്തിയിട്ടുണ്ട്. അവരുടെ മുൻപിൽ സ്നേഹം പ്രകടിപ്പിക്കുക എന്നത് എല്ലാവരുടെയും അത്യാവശ്യമാണ്. വീണ്ടും വാഗ്വാദം തുടങ്ങി. ആരും ഒട്ടും വിട്ടുകൊടുക്കാൻ തയ്യാറായില്ല. അവസാനം കുഞ്ഞച്ചായനും റെജിമോനും തമ്മിൽ കയ്യാങ്കളി വരെ എത്തി. അപ്പോഴാണ് പേരക്കുട്ടികളിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞത് “ദേ അമ്മച്ചി വന്നു” ശരിയാണ്, അമ്മ ഗേറ്റിന്റെ അപ്പുറം റോഡിൽ നിൽക്കുന്നു. “കേറിവാ അമ്മേ” എന്ന് പറഞ്ഞോണ്ട് മക്കൾ എല്ലാരുംകൂടി റോഡിലേക്ക് ഓടി. അമ്മ പറഞ്ഞു “ആരും ഇങ്ങോട്ട് വരണ്ട. ഞാൻ ഇവിടെ വന്നു നിൽക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി. നിങ്ങൾ ആർക്കും ഒരു മാറ്റവും വന്നിട്ടില്ല എന്ന് അമ്മയ്ക്ക് മനസിലായി. എല്ലാവരെയും ഒന്നുകൂടി കാണാൻ കഴിഞ്ഞല്ലോ. അമ്മയ്ക്ക് വളരെ സന്തോഷമായി മക്കളേ. നിങ്ങൾ കലഹിക്കാതെ സന്തോഷത്തോടെ ജീവിക്കണം. അമ്മ പോവുകയാണ്” ഇത്രയും പറഞ്ഞതും അമ്മ എങ്ങോട്ടോ മറഞ്ഞു. ജോയിച്ചായന് സങ്കടം സഹിക്കാനായില്ല. അലറികരഞ്ഞു “അമ്മേ, പോകരുതേ. എനിക്ക് അമ്മയുടെ കൂടെ ഒരു ദിവസമെങ്കിലും ഒന്ന് താമസിക്കണം. കൊതിയാകുന്നു അമ്മേ. ഞങ്ങളോട് ക്ഷമിക്കു അമ്മേ…” ഈ ശബ്ദം കേട്ടു സുസിമ്മാമ്മ ഓടി വന്നു. അച്ചായനെ തട്ടിയുണർത്തി. “എന്തു പറ്റി അച്ചാ” അച്ചായൻ വിറച്ചുകൊണ്ട് പറഞ്ഞു “എടീ ഞാനൊരു സ്വപ്നം കണ്ടു. നമ്മുടെ അമ്മ തിരിച്ചു വന്നതായിട്ട്” അമ്മാമ്മയ്ക്ക് ദേഷ്യം വന്നു “പ്രാർത്ഥിക്കാതെ കിടന്നുറങ്ങിയിട്ടു വല്ല ദുർസ്വപ്നവും കണ്ടിട്ട് ബാക്കിയുള്ളവനെക്കൂടി പേടിപ്പിച്ചോളും. എണീറ്റ് കാപ്പി കുടിക്കു മനുഷ്യാ”.
ഈ സംഭവം ജോയിച്ചായനെ മാനസികമായി വളരെ തളർത്തി. അമ്മയെക്കുറിച്ചുള്ള ഓർമകളും മനസ്സിൽ അലയടിച്ച കുറ്റബോധവും പശ്ചാത്താപവും തന്നെ വിഷാദത്തിലാക്കി. യാദൃശ്ചികമായി ഭവനസന്ദർശനത്തിന് വന്ന സഭാപാസ്റ്ററോട് മനസ്സുതുറന്നു. പാസ്റ്റർ പറഞ്ഞു “ജോയിച്ചാ, അതൊരു സ്വപ്നമായി മാത്രം കണക്കാക്കി വിട്ടുകളയുക. അമ്മച്ചിയ്ക്ക് ദൈവം അനുവദിച്ച ആയുസ്സ് ഈ ഭൂമിയിൽ ജീവിച്ചു താൻ നിത്യതയിൽ കടന്നുപോയി. ഇപ്പോൾ അവിടെ വിശ്രമിക്കുകയാണ്. മരിച്ചവർ ആരും മടങ്ങിവരാൻ പോകുന്നില്ല. മടങ്ങിവരവ് സംഭവിക്കേണ്ടത് നമ്മുടെ ഉള്ളിലാണ്. അനാവശ്യ വാശിയിൽ നിന്നും സ്വാർത്ഥതയിൽ നിന്നുമൊക്കെ നാം മടങ്ങിവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.” അങ്ങനെ പറഞ്ഞു ജോയിച്ചായനെ ആശ്വസിപ്പിച്ചു പ്രാർത്ഥിച്ചു പാസ്റ്റർ മടങ്ങി.
പാസ്റ്ററുടെ ഈ വാചകങ്ങൾ നമ്മൾ ഓരോരുത്തരോടുമുള്ള ഒരു ഉപദേശമാണ്. നാളെയെന്നത് നമുക്കുള്ളതല്ല. നമ്മുടെ ജീവിതപടക് തീരത്തോടടുക്കാൻ എത്ര സമയം ബാക്കിയുണ്ടെന്നു ആർക്കും അറിയില്ല. 93 വയസ്സുള്ള അപ്പച്ചൻ ആരോഗ്യത്തോടെയിരിക്കുമ്പോൾ 24 വയസ്സുള്ള കൊച്ചുമകൻ ഹൃദയാഘാതം മൂലം മരണത്തിനു കീഴടങ്ങുന്നു. മരണത്തിന്റെ കറുത്ത കരങ്ങൾ അടുത്ത നിമിഷം നമ്മുടെ നേരെ നീട്ടുമോ എന്ന് ആർക്കും ഒരുറപ്പുമില്ല. ആകെയൽപ്പനേരം മാത്രമുള്ള ഈ ജീവിതത്തിൽ വിദ്വേഷത്തിനും പ്രതികാരത്തിനും ഇടംക്കൊടുക്കാതെ വിട്ടുവീഴ്ചയോടെ കടപ്പാടുകൾ നിർവ്വഹിക്കാൻ ദൈവസ്നേഹത്തിലേക്ക് മടങ്ങിവരാം. നമ്മുടെ മുൻ രാഷ്‌ട്രപതി അബ്ദുൽ കലാം സാറിന്റെ വാചകങ്ങൾ കടം എടുത്താൽ “നിങ്ങൾ നാളെ എന്തെങ്കിലും ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ അത് ഇന്ന് ചെയ്യുക, ഇന്ന് ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇപ്പോൾ തന്നെ ചെയ്യൂക”. ഈ ക്ഷണികജീവിതത്തിൽ മാതാപിതാക്കളോടും മക്കളോടും സഹോദരങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ദൈവദാസന്മാരോടും സഹവിശ്വാസികളോടും സഹപ്രവർത്തകരോടും അങ്ങനെ ഈ ലോകത്തിൽ നാം ഇടപെഴകുന്ന എല്ലാ ആത്മീക ഭൗമീക മേഖലകളിലും നികത്താനാവാത്ത കടങ്ങൾ ഒന്നും ബാക്കി വയ്ക്കാതെയിരിക്കുക കാരണം നമുക്ക് ആ കടങ്ങൾ വീട്ടാനുള്ള സമയമോ സാഹചര്യങ്ങളോ ബാക്കിയുണ്ടാകും എന്ന് ഒരു പ്രതീക്ഷയുമില്ല.