ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി മലയാളി പുരോഹിതൻ നിയമിതനായി
കേരളത്തിൽ ജനിച്ച സാജു വളർന്നതും പഠിച്ചതും ബാംഗ്ലൂരിൽ ആയിരുന്നു. ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും 2001-ൽ ദൈവശാസ്ത്രത്തിൽ (BTh) ബിരുദം നേടി.
യു.കെ: ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ ചൊവ്വാഴ്ച നടന്ന ചടങ്ങിൽ മലയാളി വൈദികൻ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ബിഷപ്പായി അഭിഷിക്തനായി . 43 കാരനായ സാജു മുതലാളിയാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി സ്ഥാനമേറ്റത്.
കേരളത്തിൽ ജനിച്ച സാജു വളർന്നതും പഠിച്ചതും ബാംഗ്ലൂരിൽ ആയിരുന്നു. അദ്ദേഹത്തിന്റെ മാതാവ് ബാംഗളൂരിലെ ലെപ്രസി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭാഗമായിരുന്ന അദ്ദേഹം കൗമാരപ്രായത്തിൽ തന്നെ തന്റെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു.
അദ്ദേഹം ബാംഗ്ലൂരിലെ സതേൺ ഏഷ്യ ബൈബിൾ കോളേജിൽ നിന്നും 2001-ൽ ദൈവശാസ്ത്രത്തിൽ (BTh) ബിരുദം നേടി. 2001-ൽ യുകെയിൽ എത്തിയ സാജു , ഓക്‌സ്‌ഫോർഡിലെ വൈക്ലിഫ് ഹാളിലുള്ള ഇവാഞ്ചലിക്കൽ ആംഗ്ലിക്കൻ ദൈവശാസ്ത്ര കോളേജിൽ വൈദിക പരിശീലനം നേടി. 2008-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ (BTh) തുടർബിരുദം നേടി.
ദൈവിക ശുശ്രൂഷക്കായി ജീവിതം സമർപ്പിച്ച സാജു മുതലാളി 2008-ൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ഡീക്കനായും 2009-ൽ വൈദികനായും നിയമിതനായി. 2008 മുതൽ 2011 വരെ ബ്ലാക്ക്ബേൺ രൂപതയിലെ ലാൻകാസ്റ്ററിലെ സെന്റ് തോമസ് പള്ളിയിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹം കാർലിസ്ൽ രൂപതയിലേക്ക് മാറുകയും 2011 മുതൽ 2015 വരെ സെന്റ് തോമസ് ചർച്ച് കെൻഡൽ, സെന്റ് കാതറിൻസ് ചർച്ച് ക്രൂക്ക് എന്നിവിടങ്ങളിൽ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 2015 ൽ കെന്റിലെ റോച്ചസ്റ്റർ രൂപതയുടെ കീഴിലുള്ള സെന്റ് മാർക്ക് ചർച്ച് ജില്ലിങ്‌ഹാം ആൻഡ് സെന്റ് മേരിസ് ഐലന്റിന്റെ ചുമതലയുള്ള പുരോഹിതനായി. 2019-ൽ ജില്ലിങ്‌ഹാം സെന്റ് മാർക്ക്സ് ദേവാലയത്തിന്റെ വികാരിയായി നിയമിതനായി.
2021 നവംബർ 12-ന്, ഗുലി ഫ്രാൻസിസ്-ദെഹ്കാനിയുടെ പിൻഗാമിയായി, ലെസ്റ്റർ രൂപതയുടെ സഫ്രഗൻ ബിഷപ്പായ ലോഫ്ബറോയിലെ പുതിയ ബിഷപ്പായി സാജു മുതലാളിയെ നിയമിച്ചതായി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ലണ്ടനിലെ സെന്റ് പോൾസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി നിയമിതനായി.
യൂത്ത് ആൻഡ് കമ്മ്യൂണിറ്റിയിൽ സേവനമനുഷ്ഠിക്കുന്ന കാറ്റിയാണ് സാജുവിന്റെ ഭാര്യ. മക്കൾ: ജോനാ(8), എബ്രഹാം (9), സിപ്പ് (10), സെഫ് (12).
കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി പുതുതായി നിയമിതനായ ബിഷപ്പ് സാജുവിന് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചു. കൂടാതെ ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ പുരോഹിതരും ആത്മീയ നേതൃത്വവും സാജു മുതലാളിയുടെ സ്ഥാനലബ്ധിയിൽ ആശംസകൾ അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ചർച്ച് ഓഫ് ഇംഗ്ളണ്ടിൽ ഇത് ആദ്യമായല്ല ഒരു മലയാളി വൈദികൻ ബിഷപ്പായി അവരോധിതനാകുന്നത്. ബ്രാഡ്‌വെല്ലിലെ നിലവിലെ ബിഷപ്പായ ബിഷപ്പ് ജോൺ പെരുമ്പലത്ത് കേരളത്തിൽനിന്നും യുകെയിലെത്തി ചർച്ച് ഓഫ് ഇംഗ്ളണ്ടിലെ ആദ്യ മലയാളി ബിഷപ്പായി നിയമിതനായ വ്യക്തിത്വമാണ്.