ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് എതിരെ അഖിലേന്ത്യ പെന്തെകോസ്തു ഐക്യവേദി (എ പി എ) പ്രതിഷേധ യോഗം നടത്തി

തിരുവനന്തപുരം: ഞായറാഴ്ച്ച ദിവസങ്ങളിലെ ലോക്ക്ഡൌൺ സമാനമായ നിയന്ത്രണങ്ങളിൽ നിന്നും ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധന ഒഴിവാക്കുകയും, വിശ്വാസികൾക്ക് ആരാധനാലയങ്ങളിൽ പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും നൽകണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വാർത്താ സമ്മേളനവും തുടർന്ന് രക്തസാക്ഷി മണ്ഡപത്തിൽ പ്രതിഷേധ കൂട്ടായ്മയും അഖിലേന്ത്യാ പെന്തക്കൊസ്തു ഐക്യവേദി നടത്തി.

കോവിഡ് രോഗം കേരളത്തിൽ അനിയന്ത്രിതമായി വർദ്ധിച്ചു വരുന്നതിൽ ആശങ്കാകുലരാണ്. ഇതിന്റെ വ്യാപന തോത് കുറയ്ക്കുന്നതിനു വേണ്ടി സർക്കാർ ഏർപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളോടും പൂർണ്ണ സഹകരണവും സഹായവും ക്രൈസ്തവ സഭകൾ നൽകുന്നുണ്ട്. ഉത്തരവാദിത്വപ്പെട്ട സമൂഹം എന്ന നിലയിൽ സർക്കാരിന്റെ എല്ലാ നടപടികളും അംഗീകരിക്കുക എന്നത് കടമയായി പാലിക്കപെടുന്നു.

എന്നാൽ ഞായറാഴ്ച്ച ദിവസങ്ങളിൽ ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങളുടെ ഭാഗമായി ക്രൈസ്തവ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നതും, പുതുവർഷ ആഘോഷങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതുവർഷ ആരാധനയും അനുബന്ധ ചടങ്ങുകളും ഒഴിക്കണമെന്ന കർശനമായ നിർദ്ദേശങ്ങൾ നൽകിയതിനെയും എ. പി. എ ശക്തമായി അപലപിക്കുന്നു.

ഞായറാഴ്ച്ച മാത്രം കർശന നടപടികൾ സ്വീകരിക്കുകയും മറ്റു ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് നൽകുകയും എല്ലാ പ്രവർത്തങ്ങളും, മറ്റ് ആരാധനകളും, മതപരമായ ചടങ്ങുകൾ ഉൾപ്പെടെ തടസമില്ലാതെ നടത്തുവാൻ അനുവാദം നൽകുകയും ചെയ്യുന്നത് കൊണ്ട് കോവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാരിന്റെ ലക്ഷ്യം പൂർണ്ണമായും ഫലം കാണുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ക്രൈസ്തവ ദൈവാലയങ്ങളിൽ ഞായറാഴ്ച്ച ദിവസങ്ങളിൽ ആരാധന നടത്തുന്നതിനും, വിശ്വാസികൾക്ക് ആരാധനയ്ക്ക് പോകുന്നതിനുള്ള യാത്രാ സ്വാതന്ത്ര്യവും അനുവദിച്ചു നൽകണം എന്ന് അഖിലേന്ത്യാ പെന്തക്കൊസ്തു ഐക്യവേദി ആവശ്യപ്പെട്ടു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും, ബഹുമാനപെട്ട ആരോഗ്യമന്ത്രിക്കും നിവേദനങ്ങൾ നൽകുകയുണ്ടായി. റവ കെ. പി. ശശി (ഫൗണ്ടർ ചെയർമാൻ, റവ രഞ്ജിത്ത് തമ്പി, (പൊളിറ്റിക്കൽ സെക്രട്ടറി), റവ ഷീമോൻ. എം. ഷൈൻ (ലീഗൽ അഡ്വൈസർ), റവ സജി. സി (നാഷണൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ വിനോദ് (തിരുവനന്തപുരം ജില്ലാ സെക്രട്ടറി), പാസ്റ്റർ ജോസ് (തിരുവനന്തപുരം ജില്ലാ ട്രഷറർ), പാസ്റ്റർ രാജ് മോഹൻ (തിരുവനന്തപുരം ജില്ലാ ഓർഗാനൈസിങ്ങ് സെക്രട്ടറി) തുടങ്ങിയവർ വാർത്താ സമ്മേളനത്തിലും, പ്രതിഷേധ കൂട്ടായ്മയിലും പങ്കെടുത്തു സംസാരിച്ചു.

പാസ്റ്റർ ഷിബു ഷാരോൺ (നാഷണൽ പബ്ലിസിറ്റി കൺവീനർ) 9846175628.

Leave A Reply

Your email address will not be published.