ചിരിചലഞ്ച്
രാജി പി ജോർജ് എഴുതുന്നു
ചില ദിവസങ്ങളിൽ ആയി ഫേസ്ബുക്ക് തുറന്നാൽ ചിരി ചലഞ്ച് ആണ്. അതാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
ചിരിക്കാനുള്ള കഴിവ് ദൈവം മനുഷ്യനു മാത്രം നൽകിയിട്ടുള്ള വരദാനമാണ്… മനസ്സിന്റെ സന്തോഷം മുഖത്ത് പ്രതിഫലിക്കുന്നതാണ് യഥാർത്ഥ ചിരി…
സ്വതസിദ്ധമായ ചിരി എന്നേ മനുഷ്യനെ വിട്ടു പോകാൻ തുടങ്ങി, അവനത് അറിയുന്നില്ല എങ്കിലും…ചിരി ഒരു അനുഭവം ആണെന്നിരിക്കെ ഈ കാലങ്ങളിൽ അത് ഉള്ളിൽ നിന്ന് പുറപ്പെടാത്ത ഒരു പ്രവർത്തി മാത്രമായി മാറിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ ചിരി എന്നത് മുഖത്തെ, പ്രത്യേകിച്ച് വായുടെ ഇരുവശത്തുമുള്ള പേശികൾ ചലിപ്പിച്ച് പ്രകടമാക്കുന്ന ഒരു ഭാവം മാത്രമാണ്. മറിച്ച് മനസ്സിന്റെ സന്തോഷത്തിന്റെ പ്രകടമായ ലക്ഷണമല്ല ചിരി…
ന്യൂജൻ ചിരിയെ കുറിച്ചുള്ള എന്റെ ഡെഫെനിഷൻ ഇങ്ങനെയാണ്- “ഫോട്ടോ എടുക്കുമ്പോഴും പരിചിതരെ കാണുമ്പോഴും മാത്രം സ്വാഭാവികമായി വരുന്ന ഒരു തയാറെടുപ്പ് അഥവാ മുഖത്തെ പേശി ചലനം ആണ് ചിരി”..
മനുഷ്യര്‍ പണം കൊണ്ട് മാത്രമല്ല ദാരിദ്ര്യം അനുഭവിക്കുന്നത്. ഇത്തിരി സ്‌നേഹം കിട്ടാന്‍ കൊതിക്കുന്ന എത്രയോ മനുഷ്യരുണ്ട് ലോകത്തില്‍. ഒരു ചെറു പുഞ്ചിരി മതി പല ഹൃദയങ്ങളുടെയും ദാരിദ്ര്യദുഃഖം മാറാന്‍. പക്ഷെ ചില മനുഷ്യരുണ്ട് ഒരിക്കലും ചിരിക്കാറില്ല, അല്ലെങ്കില്‍ ചിരി വരില്ല, ചിലര്‍ക്ക് ചിരി വന്നാലും പുറത്തു കാട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. ചിലരുണ്ട് എപ്പോഴും ചിരിക്കും. ജന്മനാലുള്ള അനുഗ്രഹമാകാം. അതെ ചിരിക്കാന്‍ സാധിക്കുന്നത് ഒരു അനുഗ്രഹമാണ്…. ചില മനുഷ്യരുണ്ട് ദുഃഖം മനസ്സില്‍ ഉണ്ടെങ്കിലും മറ്റുള്ളവരെ ചിരിപ്പിച്ചുകൊണ്ടിരിക്കും…
കുഞ്ഞുങ്ങളുടെ ചിരി നിഷ്കളങ്കമാണ്… വളരുന്തോറും ആ നിർമ്മല മനസ്സ് നഷ്ടപ്പെടുന്നതിനാലാണ് ആ ചിരി മാഞ്ഞുപോകുന്നത്. നിങ്ങൾ തിരിഞ്ഞ് ശിശുക്കളെ പോലെ ആകുവീൻ എന്ന ക്രിസ്തുവചനം ഇവിടെ പ്രസ്താവ്യമാണ്..
ചിരിയേയും സന്തോഷത്തേയും ഏറ്റവും കൂടുതൽ വിലമതിക്കുന്നത് സങ്കടത്തിന്റെയും ഒറ്റപ്പെടലിന്റെയും തീച്ചൂളയിൽ കൂടി കടന്നുപോയവർ ആയിരിക്കാം… കടലോളം സങ്കടം ഉള്ളിൽ ഇരമ്പുമ്പോഴും മുഖത്ത് അണയാത്ത ഒരു പുഞ്ചിരി അവർ കാത്തുസൂക്ഷിക്കും… ഞാൻ ഇതെഴുതാൻ കാരണം ജീവിതത്തിൽ പ്രത്യേകിച്ച് പ്രതികൂലങ്ങൾ ഒന്നും ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്തവരാണ് ഇന്ന് സങ്കടചുഴിയിൽ മുങ്ങുന്നതും മനസ്സിന്റെ സന്തോഷവും മുഖത്തെ പുഞ്ചിരിയും നഷ്ടപ്പെടുത്തുന്നതും….
ദുഃഖകരം എന്നു പറയട്ടെ, മനുഷ്യൻ ചതിക്കാൻ ഉപയോഗിക്കുന്ന ആയുധങ്ങളിൽ ഏറ്റവും മൂർച്ചയേറിയതും, തിരിച്ചറിയാൻ സാധിക്കാത്തതും, കാഴ്ചയിൽ നിഷ്കളങ്കമായതുമാണ് ചിരി..
രണ്ടു വ്യക്തികൾ തമ്മിലുള്ള അകലം കുറയ്ക്കുവാൻ ഒരു പുഞ്ചിരിക്കു കഴിയും. ഒരു ഓഫിസ് മേധാവി തന്റെ കീഴ്‌ജീവനക്കാരനായ ഒരാളിനെ ഏതോ കൃത്യവിലോപത്തിനു ശകാരിക്കയും കുറ്റപ്പെടുത്തുകയും അയാളോട് അരിശം പ്രകടിപ്പിക്കയും ചെയ്തു. വളരെ കണിശക്കാരനും കർക്കശക്കാരനുമായ മേധാവിയുടെ പ്രതികരണത്തിൽ ജീവനക്കാരൻ ചൂളിപ്പോയി. കുറ്റബോധവും അയാളെ അസ്വസ്ഥനാക്കിയിരുന്നു. ഭവനത്തിൽ എത്തിയപ്പോഴും അയാൾ ഹൃദയഭാരത്തിൽ കഴിഞ്ഞു. പിറ്റേദിവസം ഓഫിസിൽ എത്തിയപ്പോൾ മേധാവിയെ എങ്ങനെ അഭിമുഖീകരിക്കുമെന്ന മാനസിക പിരിമുറുക്കത്തിലായിരുന്നു എന്നാൽ മേധാവി അദ്ദേഹത്തെ കണ്ടപ്പോൾ തലേദിവസത്തെ സംഭവം ഒന്നും കണക്കിലെടുക്കാതെ ഒന്നു പുഞ്ചിരിച്ചു. അതോടെ ജീവനക്കാരന്റെ പിരിമുറുക്കമെല്ലാം പോയി, മാനസികാസ്വസ്ഥത കൈവന്നു…
ജീവിതത്തിലെ ഇന്നലകളുടെ സാന്നിധ്യം, ഇന്നത്തെ നിങ്ങളുടെ പുഞ്ചിരിയുടെ മധുര്യത്തെ കെടുത്താതിരിക്കട്ടെ….
മനസ്സ് തുറന്ന് സ്വയം ചിരിക്കാൻ, മറ്റുള്ളവരെ ചിരിപ്പിക്കാൻ,അപരിചിതർക്കു ഒരു പുഞ്ചിരി സമ്മാനിക്കാൻ, ചുണ്ടിലുള്ള ചിരി മായതിരിക്കാൻ, ജീവിതത്തിന്റെ പിരിമുറുക്കങ്ങൾ കുറച്ചു സന്തോഷമായിരിക്കാൻ ഈശ്വരൻ എല്ലാവരെയും സഹായിക്കട്ടെ….
ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ ഒന്നായി എണ്ണപ്പെട്ടതാണ് ഈ ദിവസം എനിക്കും…..❤️❤️❤️