ഒമാനിൽ മരിച്ച ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശി ബ്ലെസി സാമിന്റെ മൃതദേഹം സംസ്‌കരിച്ചു. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഖുറം റാസ് അല്‍ ഹംറയിലെ ക്രിസ്ത്യന്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

വാദികബീറിലെ ഫ്ലാറ്റില്‍ വീട്ടുനിരീക്ഷണത്തിലായതിനാല്‍ ഭര്‍ത്താവ് സാം ജോര്‍ജ്ജിനും രണ്ട് മക്കള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. കുടുംബ സുഹൃത്തുക്കളുടെയും സഭാംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. കൊവിഡ് ബാധിച്ച് ഒമാനില്‍ മരണപ്പെടുന്ന ആദ്യ ആരോഗ്യ പ്രവര്‍ത്തകയാണ് പത്തനംതിട്ട സ്വദേശി ബ്ലെസി. ബ്ലെസിയുടെ വിയോഗത്തില്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തിയിരുന്നു.

അടൂര്‍ ആനന്ദപ്പള്ളി കുളഞ്ഞികൊമ്പില്‍ സാം ജോര്‍ജിന്റെ ഭാര്യയാണ് ബ്ലെസി. ഐ.പി.സി ഗോസ്പൽ സെന്റർ മമ്മൂട് സഭാംഗമായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സക്കായി മസ്‌കറ്റിലെ റോയല്‍ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. വെണ്ണിക്കുളം ഇരുമ്പുകുഴി കുമ്പളോലി കുടുംബാംഗമാണ്.

Leave A Reply

Your email address will not be published.