എത്രയും പ്രിയപ്പെട്ട കൊറോണ അറിയുന്നതിന്

നിനക്കെന്നെ ഓർമ്മയുണ്ടോ എന്ന് എനിക്കറിയില്ല. നമ്മളൊരുമിച്ചു വൈറൽ കോളേജിൽ പഠിച്ചവരാണ്. കോളേജ് പിരിഞ്ഞിട്ട് പലതവണ ഞാൻ നിന്നെ അന്വേഷിച്ചു. നമ്മളൊരുമിച്ചു ചിലവഴിച്ച കാലങ്ങളൊക്കെ ഇടക്കിടക്ക് ഓർക്കാറുണ്ട്. റുബെല്ലയോടും ലിസയോടും എബോളയോടും നിന്നെപ്പറ്റി തിരക്കിയിരുന്നു.അവർക്കാർക്കും നിന്നെപ്പറ്റി ഒരു വിവരവുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. കഴിഞ്ഞ ഡിസംബറിലാണ് നീ ചൈനയിലെ വൂഹാൻ യൂണിവേഴ്‌സിറ്റിയിൽ ഉപരിപഠനത്തിനായി പോയ കാര്യം ഹാന്റാ പറഞ്ഞ് അറിഞ്ഞത്. നിന്റെ റിസേർച്ചുകൾ നന്നായി നടക്കുന്നുണ്ടെന്നറിഞ്ഞു.നിനക്ക് അവിടെ മാത്രം മുവ്വായിരത്തിൽ പരം ശരീരങ്ങൾ കിട്ടിയെന്ന് കേട്ടു.

നീ ഇറ്റലിയിലും ഇറാനിലും സ്പെയിനിലും ബ്രിട്ടനിലും അമേരിക്കയിലും സന്ദർശനം നടത്തിയതായി എനിക്കിന്നലെ ഒരറിവു കിട്ടി. ഇന്ത്യയിലേക്ക് നീ യാത്രതിരിച്ചതായിട്ടും ഞാൻ അറിഞ്ഞു.ഒരു പ്രത്യേക കാര്യം നിന്നെ അറിയിക്കാനാണ് ഞാനിതെഴുത്തുന്നത്. നീ എന്റെ ഉറ്റസുഹൃത്തായിരുന്നതുകൊണ്ടും അനുഭവമുള്ളതുകൊണ്ടും പറയട്ടെ: നീ അവിടേക്കുള്ള യാത്ര ക്യാൻസൽ ചെയ്യുന്നതാവും ബുദ്ധി. അവിടെ ഭയങ്കര ബുദ്ധിമുട്ടാണ് നമ്മളെ പോലുള്ളവർക്ക് എത്തിപ്പെടാൻ. നീയറിയാൻ വേണ്ടി പറയുകയാ: കഴിഞ്ഞവർഷം ഇതേസമയം ഞാൻ ഇന്ത്യയിലെ കേരളം വരെ ഒരു സന്ദർശനം നടത്തിയിരുന്നു. എന്നെ അവിടുള്ളവരെല്ലാരും ചേർന്ന് കെട്ടുകെട്ടിച്ചു.

ലോകപോലീസെന്നഭിമാനിച്ച അമേരിക്കയിൽ പോലുമുള്ള നിന്റെ താണ്ഡവം അതിഗംഭീരമായിട്ടുണ്ട്. ഇറ്റലിയിലെ പ്രധാനമന്ത്രി നിന്നെക്കൊണ്ട് പൊറുതിമുട്ടിക്കരയുന്നത് ഞാൻ കണ്ടു. ബ്രിട്ടണിലെ പ്രധാനമന്ത്രിയെ നീ ഒതുക്കിയല്ലോ. പക്ഷെ അതുപോലെ എളുപ്പമല്ല ഇന്ത്യയിലെ കാര്യം. അവിടുത്തെ പ്രധാനമന്ത്രിയും ആരോഗ്യവകുപ്പും നിനക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. പ്രത്യേകിച്ചും നീ കേരളത്തിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. അവിടെ ഒരു ടീച്ചറമ്മയുണ്ട്. അവരൊരു വടിയുമായിട്ടാണ് നിൽപ്പ്. പോരാത്തതിന് ഭയങ്കര ചൂടാണ് അവിടെ. പിന്നെ അവിടുത്തെ ആരോഗ്യവകുപ്പും പോലീസും ഒക്കെ നിന്നെ കിട്ടാൻ നോക്കിയിരിക്കുകയാവും. അവിടെയുള്ളവർക്ക് അറിവ് മാത്രമല്ല അച്ചടക്കവും മുൻകരുതലും കൈമുതലാണ്. രണ്ടു പ്രളയത്തെ തോല്പിച്ചവരാണ് അവർ. അസാധ്യ ചങ്കുറപ്പാ. നീ ഇതേവരെ നടത്തിയ താണ്ഡവത്തിനും ചുരുക്കംസമയത്തിലുള്ള പ്രകടനത്തിനും നിന്റെ തലയിലുള്ള കിരീടം നീ അർഹിക്കുന്നുണ്ട്.

ഏതായാലും നിന്റെ തടി കേടാകാതെ നോക്കിയാൽ നിനക്ക് കൊള്ളാം. എന്റെ ഈ കത്തുകിട്ടിയാലുടൻ മറുപടി അയക്കാൻ നിൽക്കാതെ നീ സേയ്ഫ് ആകാൻ ശ്രമിക്കുമല്ലോ. ഞാൻ പഴയയിടത്തു തന്നെ ടീച്ചറായി ജോലിചെയ്യുന്നു. എന്റെ അനുഭവങ്ങൾ ഞാനിവിടെ പഠിപ്പിക്കുന്നു. നിന്റെ സന്ദർശനങ്ങൾ കഴിഞ്ഞു ഇവിടേക്ക് വന്നാൽ നിനക്കും ഇവിടെ ജോലി തരപ്പെടുത്താം. നിന്റെ അനുഭങ്ങൾ പങ്കുവെച്ചൽ മതി.കഴിഞ്ഞ ദിവസം സാർസും ഹാന്റായും റൂബെല്ലയും എബോളയും എന്നെ തേടി ഇവിടെ വന്നിരുന്നു. അവർ ഇനി മടങ്ങിപോകുന്നില്ലെന്ന് തീരുമാനിച്ചു. ഞങ്ങൾ ഇവിടെ സുഖമായിരിക്കുന്നു. ഉടനെ തന്നെ നിന്നെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു.

എന്ന് സ്നേഹപൂർവം,
നിപ്പ

@mahimajohnn

Leave A Reply

Your email address will not be published.