ദൈവസ്നേഹം
ലേഖനം: ബിജിൻ കുറ്റിയിൽ
ദൈവസ്നേഹം
1 യോഹന്നാൻ 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു;
ലോകം മുഴുവൻ സ്നേഹിക്കാനായി വിവിധ ദിവസങ്ങൾ നോക്കുന്നു. മാതാപിതാക്കൾക്ക് ഒരു ദിവസം കൂട്ടുകാർക്ക് ഒരു ദിവസം പ്രണയിനികൾക്ക് ഒരു ദിവസം ഭാര്യയെ സ്നേഹിക്കാൻ ഒരു ദിവസം അങ്ങനെ സ്നേഹിക്കാനുള്ള ദിവസങ്ങളുടെ എണ്ണം നീണ്ട് പോകുന്നു. എന്നാൽ ഈ ദിവസങ്ങൾ എല്ലാം കഴിഞ്ഞ് ചില ചുരുങ്ങിയ സമയംകൊണ്ട് തന്നെ നല്ലൊരു ശതമാനം ആളുകളും അവരവരുടെ കാര്യം നോക്കി സ്വന്ത വഴിയേ പോകുന്നു . സ്വന്തം ലാഭം നോക്കി സ്നേഹിക്കുന്നവർ ആണ് അധികവും.ആർക്കും ആരോടും പ്രതിബദ്ധത ഇല്ലാത്ത കാലം.
നാം ഒരാളെ സ്നേഹിക്കാൻ തിരഞ്ഞെടുക്കുമ്പോൾ അയാളുടെ ജോലി, നിറം, കുടുംബം, പണം ഇതൊക്കെയാണ് നോക്കാറ്. ചിലർ നിബന്ധനകൾ വെച്ച് സ്നേഹിക്കാറുണ്ട്. എന്നാൽ ഇതൊന്നുമല്ലാതെ യാതൊരു നിബന്ധനയും ഇല്ലാതെ നമ്മുടെ സ്ഥാന മഹിമ, കുടുംബ മഹിമ, പണം, ജോലി, ഇവയൊന്നും നോക്കാതെ നമ്മെ സ്നേഹിക്കുന്ന ഒരുവൻ നമുക്കുണ്ട്, അവനാണ് കർത്താവായ യേശുക്രിസ്തു. 1 യോഹന്നാൻ 4:10ൽ നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു.
പാപത്തിന്റെ പടുകുഴിയിൽ ആയിരുന്ന നമ്മെ വിളിച്ചു വേർതിരിച്ച് ക്രിസ്തുവാകുന്ന ഉറപ്പുള്ള പാറമേൽ നിർത്തിയ സ്നേഹം. അവൻ നമ്മെ സ്നേഹിച്ചത് തന്റെ ജീവനെ നമുക്ക് ദാനമായി നല്കിയിട്ടാണ്. യേശു നമ്മെ പഠിപ്പിച്ചതും അന്യോന്യം സ്നേഹിക്കാൻ ആണ്. എന്നാൽ തൊട്ടടുത്തിരിന്നു പാടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന നമ്മുടെ കൂട്ട് സഹോദരന് ഒന്ന് കൈകൊടുക്കാനോ ഒന്ന് ചിരിക്കാനോ പലപ്പോഴും നാം ശ്രമിക്കാറില്ല. 1 യോഹന്നാൻ 4:20ൽ വളരെ വ്യക്തമായി അപ്പോസ്തലൻ പറയുന്നു ഞാൻ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവൻ കള്ളനാകുന്നു. താൻ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാൻ കഴിയുന്നതല്ല.
നാം എന്തൊക്കെ നേടിയാലും നമ്മുടെ ഉള്ളിൽ ദൈവസ്നേഹം ഇല്ല എങ്കിൽ നാം ചെയ്യുന്നത്കൊണ്ട് ഒരു അർത്ഥവും ഇല്ല എന്ന് തിരുവെഴുത്ത് പഠിപ്പിക്കുന്നു. നമ്മുടെ കൂട്ട് സഹോദരന് ഒരു വീഴ്ച സംഭവിക്കുമ്പോൾ അദേഹത്തെ തള്ളിക്കളയാതെ അദ്ദേഹത്തിന്റെ വീഴ്ചയിൽ കൂടെ നിന്ന് സാരമില്ല സഹോദരാ എന്ന് പറഞ്ഞ് ഒരു കൈത്താങ്ങ് കൊടുത്താൽ അതില്പരമൊരു സന്തോഷം ആ വ്യക്തിക്ക് ഉണ്ടാകുകയില്ല. മുടിയനായ പുത്രൻ തന്റെ തെറ്റ് മനസ്സിലാക്കി തിരിച്ചുവന്നപ്പോൾ സ്നേഹവാനായ അപ്പൻ ആ മകനേ ആട്ടിപ്പായിക്കുകയല്ല ചെയ്തത് മറിച്ച് സ്നേഹത്തോടെ വിളിച്ച് വീട്ടിലേക്ക് കൂട്ടികൊണ്ട് പോയതായി നാം കാണുന്നു. നാമും പാപത്താൽ ദൈവത്തിൽ നിന്ന് അകന്ന് മാറിയപ്പോഴും തള്ളിക്കളയാതെ നമ്മെ തേടിവന്ന് മാർവോടണച്ച നല്ല സ്നേഹിതൻ ആണ് നമ്മുടെ കർത്താവ്.
മറ്റുള്ളവരെ സ്നേഹിക്കേണം എന്നുള്ളത് ദൈവീക കല്പനയാണ്.
1യോഹന്നാൻ 4:21ൽ ദൈവത്തെ സ്നേഹിക്കുന്നവൻ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കൽനിന്നു ലഭിച്ചിരിക്കുന്നു. അങ്ങനെ മറ്റുള്ളവരെ സ്നേഹിച്ചും വിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് കിട്ടുന്ന ഒന്നാണ് 1യോഹന്നാൻ 3:1ൽ കാണുന്ന ദൈവമക്കൾ എന്ന പദവി. എന്നാൽ ദൈവമക്കൾ എന്ന പദവിക്ക് നമ്മൾ യോഗ്യർ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ മാതാപിതാക്കളെ, സഹോദരങ്ങളെ, ഭാര്യയെ കുഞ്ഞുങ്ങളെ, സഭയേ, പാസ്റ്ററെ, തുടങ്ങിയവരെയെല്ലാം വേണ്ടുംവണ്ണം സ്നേഹിക്കാൻ കഴിയാറുണ്ടോ എന്ന് ഒരു ആത്മപരിശോധന ചെയ്യേണ്ടിയിരിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കാതിരിക്കുന്നത് ദൈവത്തിന്റെ കല്പനലംഘനം ആണ് എന്ന് വിശുദ്ധ ബൈബിൾ ഓർമിപ്പിക്കുന്നു. അങ്ങനെയുള്ള ഒരാളും സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല.
1യോഹന്നാൻ 5:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം.
നമ്മേ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം പൂർണ്ണ വിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വാൻ കർത്താവായ യേശു ക്രിസ്തു നമ്മെ ഓരോരുത്തരെയും ബലപ്പെടുത്തട്ടെ എന്ന പ്രാർഥനയോടെ…
✍? ബിജിൻ കുറ്റിയിൽ…