ക്രൈസ്തവ സമൂഹത്തിന് നഷ്ടമായത് ജനപ്രിയനും സൗമ്യനും സമുന്നതനുമായ നേതാവിനെ
നിത്യതയെ കുറിച്ച് പ്രസംഗിച്ച് ക്രിസ്തുവിൽ മറയപ്പെട്ട ദൈവമനുഷ്യൻ. അനുസ്മരണം: പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർ
ക്രൈസ്തവ സമൂഹത്തിന് നഷ്ടമായത് ജനപ്രിയനും സൗമ്യനും സമുന്നതനുമായ നേതാവിനെ; നിത്യതയെ കുറിച്ച് പ്രസംഗിച്ച് ക്രിസ്തുവിൽ മറയപ്പെട്ട ദൈവമനുഷ്യൻ.
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ ഡോ. പി എസ് ഫിലിപ്പ് നിത്യതയിൽ പ്രവേശിച്ചു എന്നുള്ള വാർത്ത എല്ലാവരെയും പോലെ വളരെ ഞെട്ടലോടെയാണ് ഞാനും കേട്ടത്. ഉൾകൊളളുവാൻ വളരെ പ്രയാസപ്പെട്ടു. ഏറെ വെളുപ്പിന് കേട്ട വിയോഗ വാർത്ത ഞങ്ങളെ കുടുംബമായി ദുഃഖത്തിലാഴ്ത്തി.
കഴിഞ്ഞ ദിവസം നടന്ന എ.ജി ദക്ഷിണ മേഖല കൺവഷനിൽ ഫിലിപ്പ് സാറിൻ്റെ പ്രസംഗം മുക്കാൽ ഭാഗവും തത്സസമയം കേൾക്കാൻ ഇടയായി. വെളിപ്പാട് പുസ്തകം ആധാരമാക്കി നിത്യതയെ കുറിച്ചുള്ള പ്രത്യാശയുടെ വാക്കുകൾ. സമയം തീരാറായി. യേശു വരാറായി. കാഹളത്തിൻ്റെ ശബ്ദം കേൾക്കാറായി. നിത്യതയെ കുറിച്ചുള്ള ശക്തമായ ആഹ്വാനം. തലേ ദിവസം നിത്യതയെ കുറിച്ച് പ്രസംഗിച്ച് ജനത്തെ ഒരുക്കി പിറ്റേ ദിവസം ക്രിസ്തുവിൽ മറയപ്പെട്ട ദൈവമനുഷ്യൻ. നിത്യതയിലേക്കുള്ള തൻ്റെ ഒരുക്കത്തെ കുറിച്ചായിരുന്നോ സർ തലേദിവസം പറഞ്ഞത് എന്ന് തോന്നിപ്പോകുന്നു.
അസംബ്ലീസ് ഓഫ് ഗോഡിൽ ജനിച്ച് വളർത്തപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് ഓർമ്മയായ കാലം മുതൽ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു പേര് ആണ് ‘ഫിലിപ്പ് സാർ’. കാലം ഒത്തിരി മുമ്പോട്ട് പോയി എങ്കിലും തൻ്റെ ശൈലിയും, സൗമ്യതയും, സ്നേഹവും എന്നും കാത്ത് സൂക്ഷിച്ച ദൈവമനുഷ്യൻ. വ്യക്തിപരമായി എനിക്കും കുടുംബത്തിനും മറക്കാൻ കഴിയാത്ത ദൈവമനുഷ്യനാണ് ഫിലിപ്പ് സാർ. സണ്ടേസ്കൂൾ സി.എ ക്യാമ്പുകളിൽ സാർ ൻ്റെ ലളിതമായ ഭാഷയിലൂടെയുള്ള ദൈവവചന സന്ദേശങ്ങൾ അനേക യുവതി യുവാക്കയുടെ ഹൃദയത്തെ സ്പർശിച്ചതുപോലെ എന്നെയും സ്വാധീനിച്ചിടുണ്ട്. എൻ്റെ മാതൃസഭയായ കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭയോടുള്ള ബന്ധത്തിൽ നടന്ന അനേക സുവിശേഷ യോഗങ്ങളിലെ പ്രാസംഗികൻ ആയിരുന്നു പാസ്റ്റർ പി.എസ് ഫിലിപ്പ്. സഭാ ജനങ്ങയുടെയും ആദ്യകാല വിശ്വാസികളുടെ യും പേരെടുത്തു പറഞ്ഞും, നാടിനെ അടുത്തറിഞ്ഞു മുള്ള തൻ്റെ പ്രസംഗശൈലി അനേകരിൽ സ്വാധീനം ഉളവാക്കിയിട്ടുണ്ട്.
2007 ഡിസംബർ 29 ന് ഞങ്ങളുടെ വിവാഹ ശുശ്രൂഷ ആശീർവദിച്ചത് പാസ്റ്റർ പി.എസ് ഫിലിപ്പ് ആയിരുന്നു. എൻ്റെ സഹോദരങ്ങളിൽ പലരുടെയും, പിതാവിൻ്റെ സഹോദരങ്ങളുടെയും ഒക്കെ വിവാഹ ശുശ്രൂഷകൾ ആശീർവദിച്ചത് ഫിലിപ്പ് സാർ ആയിരുന്നു. കുടുംബത്തിലെ പല വേർപാടുകളിലും ഫിലിപ്പ് സാർൻ്റെ ശുശ്രൂഷകൾ ഞങ്ങൾക്കൊരു ആശ്വാസമായിരുന്നു. അസംബ്ലീസ് ഓഫ് ഗോഡ് എന്ന പ്രസ്ഥാനത്തിൻ്റെ സൂപ്രണ്ട് ആയിരിക്കുമ്പോഴും എസ്.ഐ.എ.ജി ൽ നേതൃത്വ നിരയിൽ നില്ക്കുമ്പോഴും ഒക്കെ യാതൊരു നിഗളമോ നേതാവിൻ്റെ ഭാവമോ ഇല്ലാതെ എല്ലാവരെയും ഒരു പോലെ കരുതുവാൻ സാർ ന് കഴിഞ്ഞു.
നിത്യതയിൽ വിശ്രമിക്കുന്ന എൻ്റെ അപ്പച്ചനോട് (തേവലക്കര കൊച്ചുണ്ണുണ്ണി) ഏറെ സ്നേഹമുള്ള ആളായിരുന്നു ഫിലിപ്പ് സർ. ഞങ്ങളുടെ നാട്ടിലെ കൺവൻഷനുകളിലും മറ്റ് യോഗത്തളിലും അപ്പച്ചൻ്റെ പേര് എടുത്ത് പറയുന്നത് (പെന്തക്കോസ്തിലെ ആദ്യകാല വിശ്വാസിയായതുകൊണ്ട് ) ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എൻ്റെ പിതാവ് (കോശി മാത്യൂ, കുഞ്ഞുമോൻ), പിതാവിൻ്റെ സഹോദരങ്ങൾ ബേബിക്കുട്ടി മാത്യു, യോഹന്നാൻ മാത്യൂ (ജോയിക്കുട്ടി, ചെയർമാൻ ജീസസ് സേവ്യർ സ്കൂൾ പഞ്ചാബ് & എ.എൻ.ബി ന്യൂസ്) സഹോദരിമാർ അവരുടെ കുടുംബങ്ങൾ തുടങ്ങിയവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു പ്രിയ ഫിലിപ്പ് സാർ.
ആരുടെയും പേര് ഓർത്തിരിക്കുന്നതുപോലെ, എന്നെയും എവിടെ വച്ച് കണ്ടാലും കൈപിടിച്ച് ഒന്ന് കുലുക്കി തോളത്ത് തട്ടി പുഞ്ചിരിയോടെ ‘മോനേ ജെസ്റ്റിനെ… സുഖമായിരിക്കുന്നേ… ബാംഗ്ലൂരിൽ തന്നെ അല്ലേ…’ എന്നുള്ള ആ വാക്കുകൾ എപ്പോഴും കാതുകളിൽ ഉണ്ടാകും.
മലയാളി പെന്തക്കോസ്ത് സമൂഹത്തിന് പ്രിയങ്കരനായ ആത്മീയ നേതാവായി മാറുകയും, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനെ പുരോഗതിയിലേക്ക് നയിക്കുകയും നൂറുകണക്കിന് ശിഷ്യഗണത്തെ വാർത്തെടുക്കുകയും ചെയ്ത ഫിലിപ്പ് സർന് പ്രത്യാശയോടെ വിട. അഞ്ചര പതിറ്റാണ്ടിലധികം ആത്മീയ ശുശ്രൂഷകളിലും നേതൃത്വ നിരയിലും അദ്ധ്യാപനത്തിലും ഒരുപോലെ ശോഭിച്ച ക്രിസ്തു ഭക്തൻ.
ഫിലിപ്പ് സാറിൻ്റെ മകൻ പ്രിയ സാംമുമായി അടുത്ത് സഹകരിപ്പാനും, ഇന്നുവരെയും സുഹൃത്ത് ബന്ധത്തിലായിരിപ്പാനും ദൈവം ഇടയാക്കുന്നു. പിയ ലീലാമ്മ അമ്മാമ്മയെയും മക്കളായ സാമിനെയും, റെയ്ച്ചൽ, സൂസൻ, ബ്ലെസി അവരുടെ കുടുംബങ്ങളെയും കർത്താവ് ആശ്വസിപ്പിക്കട്ടെ.
ജനകീയനും, ജനപ്രിയനും, സൗമ്യനും, സമുന്നതനുമായ നേതാവായിരുന്നു പാസ്റ്റർ പി.എസ് ഫിലിപ്പ്. നിത്യതയ്ക്കു വേണ്ടി ജീവിച്ച്, ജീവിതാവസാനവും നിത്യതയെക്കുറിച്ച് പ്രസംഗിച്ച് ക്രിസ്തുവിൽ മറയപ്പെട്ട ദൈവമനുഷ്യന് പ്രത്യാശയോടെ വിട. ഉയർപ്പിൻ്റെ പൊൻപുലരിയൽ വീണ്ടും കാണാം…
പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ
പ്രസിഡൻ്റ്, ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി ®, ബാംഗ്ലൂർ.
പാസ്റ്റർ, ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ.
ചെയർമാൻ, ഗിൽഗാൽ വിഷൻ മീഡിയ നെറ്റ് വർക്ക്.