രക്ഷാദൗത്യത്തിന് ‘ഓപ്പറേഷന്‍ ഗംഗ’ എന്ന പേര് നല്‍കി കേന്ദ്രം
ഡൽഹി: യുക്രൈന്‍ രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്ന പേര് നല്‍കി കേന്ദ്രം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനില്‍ നിന്നെത്തിയവരെ സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാദൗത്യം താന്‍ നേരിട്ട് നിരീക്ഷിക്കുകയാണെന്നും ജയശങ്കര്‍ ട്വീറ്റ് ചെയ്തു.
മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയവര്‍ക്ക് സ്വാഗതമെന്നാണ് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ ട്വീറ്റ് ചെയ്തത്. സുരക്ഷിതമായി തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെ ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. യുക്രൈനില്‍ കുടുങ്ങിയ ഓരോ ഇന്ത്യക്കാരന്റേയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നരേന്ദ്രമോദി ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാദൗത്യത്തിനുള്ള രണ്ടാമത്തെ വിമാനം ബുക്കാറെസ്റ്റില്‍ നിന്ന് പുറപ്പെട്ടതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നാളെ പുലര്‍ച്ചയോടെ ഈ വിമാനം ഡല്‍ഹിയിലെത്തുമെന്നാണ് വിവരം.
റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള ആദ്യ രക്ഷ ദൗത്യവിമാനമാണ് ഇന്ത്യയിലെത്തിയത്. 27 മലയാളികള്‍ ഉള്‍പ്പെടെ 219 യാത്രക്കാരെ വഹിച്ചാണ് എയര്‍ ഇന്ത്യയുടെ വിമാനം ഇന്ത്യയിലെത്തിയത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ യുക്രൈനില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തി. യാത്രക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും സൗജന്യ ഭക്ഷണം അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും എയര്‍പോര്‍ട്ട് അതോറിറ്റി ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധന സൗജന്യമായി നടത്താനുള്ള നടപടിയും എയര്‍പോര്‍ട്ട് അതോറിറ്റി കൈക്കൊണ്ടിട്ടുണ്ട്.
ഇത് കൂടാതെ ഇന്ന് ഉച്ചയ്ക്ക് 11.45 ന് ഡല്‍ഹിയില്‍ നിന്നും ബുക്കാറെസ്റ്റിലേക്ക് വിമാനം പുറപ്പെട്ടിരുന്നു. ഈ വിമാനം ഇന്ന് രാത്രിയോടു കൂടി തന്നെ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. ബുക്കാറെസ്റ്റ് കേന്ദ്രീകരിച്ചുള്ള ഇന്ത്യയുടെ രക്ഷാദൗത്യം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യുക്രൈനിലെ സ്ഥിതി ഗതികള്‍ രക്ഷാദൗത്യത്തിന് അനുകൂലമാണെങ്കില്‍ മറ്റു വിമാനത്താവളങ്ങളിലേക്കു കൂടി വിമാനങ്ങള്‍ അയക്കാനാണ് ഇന്ത്യയുടെ തീരുമാനം.