മലയാളിയായ സിസ്റ്റർ മേരി ജോസഫ് മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പുതിയ സുപ്പീരിയർ ജനറല്‍: പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
കൊൽക്കത്ത: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയർ ജനറലായി സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തു. ശനിയാഴ്ച കൊൽക്കത്തയിലെ മദർ ഹൗസിലാണ് തെരഞ്ഞെടുപ്പ് നടന്നത്. പദവിയില്‍ എത്തിച്ചേരുന്ന ആദ്യ മലയാളിയായ സിസ്റ്റർ മേരി തൃശൂര്‍ മാള സ്വദേശിനിയാണ്. നിലവിൽ മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ കേരളത്തിലെ മേധാവിയാണ് സിസ്റ്റർ മേരി. പൊയ്യ പാറയിൽ പരേതരായ ദേവസിയുടെയും കൊച്ചുത്രേസ്യയുടെയും മകളായ സിസ്റ്റർ മേരി 20-ാം വയസ്സിലാണു മിഷ്ണറീസ് ഓഫ് ചാരിറ്റിയിൽ ചേർന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ നാലാമത്തെ സുപ്പീരിയർ ജനറലായാണ് സിസ്റ്റർ മേരി ജോസഫിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
മദര്‍ തെരേസയ്ക്ക് ശേഷം 1997-2009 കാലഘട്ടത്തിൽ സന്യാസ സമൂഹത്തെ നയിച്ചത് നേപ്പാൾ വംശജയായ സിസ്റ്റർ നിർമ്മല ജോഷിയാണ്. അതിന് ശേഷം ജര്‍മ്മന്‍ സ്വദേശിനിയായ സിസ്റ്റര്‍ പ്രേമ (പിയറിക്) ആയിരുന്നു കഴിഞ്ഞ 13 വര്‍ഷമായി മിഷ്ണറീസ് ഓഫ് ചാരിറ്റിയെ നയിച്ചിരുന്നത്. സിസ്റ്റർ ക്രിസ്റ്റീന, സിസ്റ്റർ സിസിലി, സിസ്റ്റർ ജുവാൻ, സിസ്റ്റർ പാട്രിക് എന്നിവരെ കൌൺസിലർമാരായും കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിട്ടുണ്ട്.
1950ൽ മദർ തെരേസ സ്ഥാപിച്ച ‘മിഷ്ണറീസ് ഓഫ് ചാരിറ്റി’ സന്യാസിനി സമൂഹം ഇന്ന്‍ ലോകമെമ്പാടുമുള്ള പതിനായിരകണക്കിന് നിരാലംബര്‍ക്ക് താങ്ങും തണലുമാണ്. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലായി മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ അയ്യായിരത്തിൽപ്പരം സിസ്റ്റേഴ്‌സ് ഇന്നു സേവനം ചെയ്യുന്നുണ്ട്.