ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു.എ.ഇയുടെ പുതിയ പ്രസിഡന്റ്
ദുബൈ: യു.എ.ഇയുടെ പുതിയ പ്രസിഡന്റായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനെ തെരഞ്ഞെടുത്തു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനും ആയിരുന്നു. യു.എ.ഇ സുപ്രിം കൗൺസിലിന്‍റേതാണ് തീരുമാനം. വിട വാങ്ങിയ ശൈഖ് ഖലീഫയുടെ സഹോദരനാണ്.
യു.എ.ഇയുടെ മൂന്നാമത്തെ പ്രസിഡൻറും 17ആം അബൂദബി ഭരണാധികാരിയുമായാണ് 61കാരനായ ശൈഖ് മുഹമ്മദ് നിയമിതനായിരിക്കുന്നത്. ശൈഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡന്‍റിന്‍റെ ചുമതലകൾ നിർവഹിച്ചിട്ടുമുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പുതിയ പ്രസിഡന്‍റിന് എല്ലാ പിന്തുണയും അറിയിച്ചു.
ശൈഖ് ഖലീഫക്ക് കണ്ണീരോടെ യാത്രാമൊഴി നല്‍കി. അബൂദബി ബതീൻ ഖബർസ്ഥാനിൽ ആയിരുന്നു സംസ്കാരം. യു.എ.ഇയിൽ നാൽപതും മറ്റു ഗൾഫ് രാജ്യങ്ങളിൽ മൂന്ന് ദിവസവും ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിടവാങ്ങിയ നേതാവിനോടുള്ള ആദര സൂചകമായി ഇന്ത്യയിലും ഇന്ന് ദു:ഖാചരണമാണ്.