പാസ്റ്റർ ടി.ഒ. പത്രൊസിനെ അനുസ്മരിച്ച് ഷാജൻ ജോൺ ഇടയ്ക്കാട് . ഒരു പുഞ്ചിരി കൂടി മാഞ്ഞു
പുഞ്ചിരികൾ മാഞ്ഞില്ലാതാകുന്നത് ഏറെ വേദനാജനകമാണ്.
പാസ്റ്റർ ടി.ഒ. പത്രൊസിനെ അറിഞ്ഞിട്ടുള്ളവർക്ക് ആ പുഞ്ചിരി മാഞ്ഞില്ലാതാകുന്ന വേദനയുടെ ആഴം നല്കുന്ന നൊമ്പരം തീവ്രമായി മനസിനെ കൊത്തി വലിക്കുന്നുണ്ടാവും.
ഞാൻ ചില വർഷങ്ങളായി വടക്കേ ഇന്ത്യയിലായതിനാൽ പല സ്നേഹിതരെയും വേണ്ടത്ര കണ്ടു സംസാരിക്കാൻ കഴിയുന്നില്ലല്ലൊ എന്ന് ഇത്തരം ചില ഘട്ടങ്ങളിൽ തോന്നിപ്പോകുന്നുമുണ്ട്.
പാസ്റ്റർ പത്രൊസിനെ പരിചയപ്പെടുന്നത് എ.ജി യിലെ പാസ്റ്റർ എന്നതിനോടൊപ്പം എ.ജി യുടെ അഞ്ചൽ സെക്ഷൻ മുൻപ്രസ്ബിറ്ററായിരുന്ന പാസ്റ്റർ വൈ. ജോസഫിൻ്റെ സഹോദരി ഭർത്താവ് എന്ന നിലയിലാണ്.
പാസ്റ്റർ വൈ.ജോസഫുമായി കുടുംബ ബന്ധം കൂടെ ഉള്ളതിനാൽ പത്രൊസ് പാസ്റ്ററെയും അടുത്ത ബന്ധു എന്ന നിലയിലാണ് കണ്ടിരുന്നതും സംസാരിച്ചിരുന്നതും.
എ.ജി യുടെ ഉത്തരമേഖല കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ദൈവദാസൻ എന്ന നിലയിൽ മധ്യമേഖലക്കാർക്ക് കാണുവാനും മറ്റും അവസരം ലഭിക്കുക കൂടുതലും വാർഷിക കൺവൻഷൻ ദിനങ്ങളിലായിരിക്കും.
പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നു കൊണ്ട് അപരിമിതമായ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അത്യുൽസാഹിയായിരുന്നു പത്രൊസ് പാസ്റ്റർ എന്നാണെൻ്റെ ബോധ്യം.
പരാതികളോ പരിഭവങ്ങളോ പറയാൻ അറിയാഞ്ഞിട്ടാണോ അതൊന്നും ചിന്തിക്കാതിരിക്കാൻ തക്കവണ്ണം ഉയർന്ന കാഴ്ചപ്പാടാണോ എന്നറിയില്ല പരാതിരഹിത വ്യക്തിയായിട്ട് മാത്രമെ അദ്ദേഹത്തെ കണ്ടിരുന്നുള്ളു.
കണ്ട അന്നു മുതൽ എന്നെ ഏറെ ആകർഷിച്ചിട്ടുള്ളത് നിസ്വാർത്ഥമായ പുഞ്ചിരി തൂകുന്ന ആ മുഖം തന്നെയാണ്. അത് ആരുടെയും മനസിൽ നിന്നും അത്ര പെട്ടെന്ന് മായുമെന്നു തോന്നുന്നുമില്ല.
അത്തരം പുഞ്ചിരിക്കുന്ന മുഖം സമൂഹത്തിൽ വല്ലാതെ കുറഞ്ഞു പോയ ഈ കാലത്ത്, ആ ചിരി മായുന്നതു തന്നെയാകും ഏറ്റവും വലിയ നഷ്ടം.
ഭക്തൻ്റെ മരണം യഹോവയ്ക്ക് പ്രീയപ്പെട്ടതു തന്നെയത്രെ അതു കൊണ്ട് തന്നെ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല.
ശുശ്രുഷയുടെ തുടർച്ച നിർവ്വഹിക്കുവാനായി നാഥൻ ഭൂവിലേക്കയച്ച തൻ്റെ മകനെ തിരിച്ചു വിളിച്ചത് നാഥൻ്റെ ഇഷ്ടം.
അറിഞ്ഞിടത്തോളം ആളുകളിൽ പുഞ്ചിരിക്കുന്ന മുഖം കൊണ്ട് പകർന്ന് നല്കിയ സ്നേഹവും വിനയാന്വിതമായ ആ ജീവിതത്തിൻ്റെ ധന്യ ഓർമ്മകൾ ഇനിയും കാലങ്ങൾ നിലനില്കും, അതല്ലെ ഒരു വ്യക്തിക്ക് ഭൂവിൽ അവശേഷിപ്പിക്കുവാൻ കഴിയുന്ന വിലപ്പെട്ട നന്മ.
ആ നന്മയുടെ ഓർമ്മകൾ ചികഞ്ഞെടുത്തു കൊണ്ട് യാത്രാമംഗളങ്ങൾ നേരുന്നു.
സഞ്ചാരി തൊട്ടു പുറകെ ഉണ്ടെന്ന ബോധ്യത്തോടെ, വിട………..