സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന് മരണം 11 ആയി; തകർന്നുവീണ ഉടനെ തീപിടിച്ചു, മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിൽ
നീലഗിരി: രാജ്യത്തെ നടുക്കിയ ഹെലികോപ്ടർ അപകടമാണ് തമിഴ്‌നാട്ടിലെ ഊട്ടിക്ക് സമീപം നീലഗിരിയിലെ കൂനൂരിൽ ഉണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉന്നത ഉദ്യോഗസ്ഥരും സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണത് സൈനിക കേന്ദ്രങ്ങളെയും ഞെട്ടിച്ചു.
അപകടകാരണം വ്യക്തമായി പുറത്തുവന്നിട്ടില്ലെങ്കിലും ദുരന്തസ്ഥലത്ത് നിന്നുളള ദൃശ്യങ്ങൾ അപകടത്തിന്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു. തകർന്നുവീണ ഉടനെ തീപിടിച്ച ഹെലികോപ്ടറിന് സമീപത്തായി ചിതറിക്കിടന്ന മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. 80 ശതമാനത്തോളമാണ് പലർക്കും പൊളളലേറ്റത്.
ഹെലികോപ്ടറിലെ തീ അണച്ച ശേഷമാണ് ഉള്ളിലും പരിസരത്തും തെരച്ചിൽ നടത്താൻ കഴിഞ്ഞത്. ആദ്യം രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാരും പ്രാദേശിക പോലീസുമാണ് ചെറിയ ഹോസുകളിൽ വെള്ളം ചീറ്റിച്ച് തീ അണയ്ക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും ഹെലികോപ്ടറിന്റെ ഏറെക്കുറെ എല്ലാ ഭാഗങ്ങളിലും തീ കത്തിപ്പിടിച്ചിരുന്നു.