ശ്രീ ഉമ്മൻചാണ്ടി രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിത്വം: ഗീവർഗ്ഗീസ് മാർ കുർലോസ്
നിയമസഭാ സാമാജികത്വത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ശ്രീ ഉമ്മൻചാണ്ടിയെ പറ്റി ഗീവർഗ്ഗീസ് മാർ കുർലോസ് തിരുമേനിയുടെ കുറിപ്പ്…
ഞാൻ ഒരു കോൺഗ്രസുകാരനല്ല എന്നു മാത്രമല്ല ഒരു സോഷ്യലിസ്റ്റും ഇടതുപക്ഷ സഹയാത്രികനുമാണ്. എങ്കിലും ഉമ്മൻ ചാണ്ടി എന്ന നേതാവിനോട് എന്നും ആദരവും സ്നേഹവുമാണ്. രാഷ്ട്രീയത്തിന് അതീതമായി ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിത്വം. ഉമ്മൻ ചാണ്ടി എന്നാൽ പുതുപ്പള്ളി എന്നും പുതുപ്പള്ളി എന്നാൽ ഉമ്മൻ ചാണ്ടി എന്നും അർത്ഥം. പുതുപ്പള്ളി മണ്ഡലത്തിലെ നാലുന്നാക്കൽ സ്വദേശിയായ എൻ്റെ MLA കൂടിയാണ് ഉമ്മൻ ചാണ്ടി സാർ. മണ്ഡലത്തിലെ ഓരോ വ്യക്തിയെയും പേര് വിളിച്ച് ഇടപെടാൻ കഴിയുന്ന അപൂർവ നേതാക്കളിൽ ഒരാൾ. ആർക്കും എപ്പോഴും സമീപിക്കാവുന്ന ജനകീയതയുടെ ആൾരൂപം. മരണമാകട്ടെ, വിവാഹമാകട്ടെ, മറ്റ് ആവശ്യങ്ങളാകട്ടെ ഉമ്മൻ ചാണ്ടി സാറിൻ്റെ സാന്നിദ്ധ്യം എല്ലാവരും പ്രതീക്ഷിക്കും; അവരാരും ഇന്നുവരെ നിരാശരായിട്ടുമില്ല. ഞങ്ങളുടെ ഭിന്നശേഷിയുള്ള കുട്ടികളുടെ “തീരം” എന്ന പ്രസ്ഥാനത്തിൻ്റെ കേന്ദ്ര ആസ്ഥാനം ഉമ്മൻ ചാണ്ടി സാറിൻ്റെ പുതുപ്പള്ളിയിലെ വീടിൻ്റെ സമീപമാണ്. അദ്ദേഹം ഞങ്ങൾക്ക് നൽകുന്ന പിന്തുണയും സഹായങ്ങളും ഞങ്ങൾ എന്നും സ്മരിക്കും. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി ജയിച്ച് നിയമസഭാംഗമായി അര നൂറ്റാണ്ട് പൂർത്തിയാക്കുക എന്നത് അത്യപൂർവ്വ നേട്ടമാണ്. വളരെ സന്തോഷത്തോടെ ഉമ്മൻ ചാണ്ടി സാറിനെ ഈ നേട്ടത്തിൽ അഭിനന്ദിക്കുകയും തുടർന്നും ആയുരാരോഗ്യ സൗഖ്യത്തോടെ പൊതു മണ്ഡലത്തിൽ സേവനം ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുകയും ചെയ്യുന്നു.