ഉമ്മൻ ചാണ്ടി രണ്ടാം കെട്ടുകാരനാണ്….. ഭാര്യ മറിയാമ്മ

തലക്കെട്ട് കണ്ടു ഞെട്ടണ്ട . ഇത് പറഞ്ഞത് ഉമ്മൻ ചാണ്ടിയുടെ യഥാർത്ഥ ഭാര്യ മറിയാമ്മ. അപ്പോൾ ആദ്യ ഭാര്യ ആരെന്നായിരിക്കും അല്ലേ ? അത് പതിയെ പറയാം. നിയമസഭാംഗം എന്ന നിലയിൽ ഇന്ന് അമ്പതു വർഷം തികയ്ക്കുന്ന ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളുടെ പ്രത്യേക പതിപ്പിൽ ഇന്നലത്തെ മലയാള മനോരമയിൽ “പ്രണയിനി വേറൊരാൾ ” എന്ന കുറിപ്പിലാണ് മറിയാമ്മ ഉമ്മൻ ചാണ്ടിയുടെ ആദ്യ ഭാര്യയുടെ കാര്യം പറഞ്ഞത്.അതിനു മറിയാമ്മ കൂട്ടുപിടിച്ചത്‌ വിശുദ്ധ വേദപുസ്തകത്തിലെ പഴയ നിയമത്തിലെ യാക്കോബിനെയും ഭാര്യമാരെയും , അമ്മാവനായ ലാബാൻറെ പുത്രിമാരായ ലേയയും റാഹേലും ഭാര്യമാരായതിനു പിന്നിൽ യാക്കോബ് സഹിച്ച ത്യാഗം വലുതാണ്.

എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. ഉൽപത്തി അധ്യായം 29: 16 -18 വാക്യങ്ങൾ

അമ്പതു വർഷമായി ഉമ്മൻ ചാണ്ടി പ്രതിനിധീകരിക്കുന്ന നിയമസഭാ മണ്ഡലമായ പുതുപ്പള്ളിയാണ് ഉമ്മൻ ചാണ്ടിയുടെ റാഹേൽ എന്നാണ് മറിയാമ്മ പറയുന്നത് . 1970 ലെ ആദ്യ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ വിജയതുടക്കത്തോടെ ആരംഭിച്ച ഉമ്മൻ ചാണ്ടിയുടെ ജൈത്രയാത്ര ഇന്നും തുടരുന്നു.

വേദപുസ്തകത്തിൽ സുന്ദരിയും മനോഹരരൂപിണിയുമായ റാഹേലിനെയാണ് യാക്കോബിന്‌ വിവാഹം കഴിക്കാൻ ഇഷ്‌ടം എങ്കിലും അമ്മാവനായ ലാബാൻ യാക്കോബിന്‌ ആദ്യം വിവാഹം ചെയ്തു കൊടുത്തത് കണ്ണ് ശോഭ കുറഞ്ഞ അനാകർഷകയായ ലേയയെ ആയിരുന്നു. എങ്കിലും സുന്ദരിയായ റാഹേലിനു വേണ്ടി പിന്നെയും യാക്കോബ് ഏഴു വർഷം സേവ ചെയ്തു,

ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിൽ എത്തിയതു 1970 ലാണ് ഏഴു വർഷത്തിന് ശേഷം 1977ൽ അടുത്ത തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും വീണ്ടും ജയിക്കുന്നതും അതെ വർഷം മറിയാമ്മയെ വിവാഹം ചെയ്യുന്നതും പഴയനിയമത്തിലെ യാക്കോബ് റാഹേലിനു വേണ്ടി കാത്തിരുന്നത് ഏഴു വർഷം എന്നതും തികച്ചും യാദൃശ്ചികം .

2011ൽ രണ്ടാം തവണ ഉമ്മൻ ചാണ്ടി കേരളം മുഖ്യമന്ത്രിയായപ്പോൾ മന്ന വാർത്താപത്രികയിൽ ഞാനെഴുതിയ “ഉമ്മൻ ചാണ്ടിയും ബൈബിളും” എന്ന കുറിപ്പ് ഈ അവസരത്തിൽ ഓർക്കുന്നു, ഔദ്യോഗിക തിരക്കുകളും യാത്രകളും ഏറെയുള്ള ഉമ്മൻ ചാണ്ടി ക്ഷീണിതനെങ്കിലും എത്ര താമസിച്ചു എങ്കിലും കിടക്കുന്നതിനു മുൻപ് വേദപുസ്തകം വായിക്കുന്ന പതിവിനു മാറ്റം ഇല്ല എന്ന മറിയാമ്മയുടെ നേർസാക്ഷ്യം ആയിരുന്നു ആ കുറിപ്പിന്റെ ഹൈലൈറ്റ് , ഇന്നും ആ പതിവ് തുടർന്ന് വരുന്നു. രാഷ്ട്രീയക്കാരനല്ലായിരുന്നെങ്കിൽ അപ്പ പുരോഹിതനായേനെ എന്നെനിക്കു തോന്നിയിട്ടുണ്ട് എന്ന് ഇളയ മകൾ അച്ചു ഉമ്മൻ പറയുന്നതിൻറെ കാരണങ്ങളിൽ ഒന്നായി ഈ വേദപുസ്തക വായനയും കരുതാം .

വേദപുസ്തകത്തിൽ ഇല്ലാത്തത് : ഓർത്തഡോക്സ് – യാക്കോബായ-മലങ്കര കത്തോലിക്കാ മേലാധ്യക്ഷരുടെ സ്ഥാനപ്പേര് “ബാവ”എന്നാണ് ഉമ്മൻ‌ചാണ്ടി മറിയാമ്മയെ വീട്ടിൽ വിളിക്കുന്നതും “ബാവ” എന്നാണ്.


റോജിൻ പൈനുംമൂട്

Leave A Reply

Your email address will not be published.