കർണാടകയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സ്കൂളുകൾ ഉടൻ തുറക്കില്ല
ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതിനാൽ സംസ്ഥാനത്ത് സ്കൂളുകൾ ഉടൻ തുറക്കില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ. കുട്ടികളിൽ രോഗവ്യാപനമുണ്ടായാൽ രക്ഷിതാക്കൾ പരിഭ്രാന്തിയിലാകുമെന്നും നിലവിലെ ചികിത്സാ സൗകര്യങ്ങൾ തികയാതെ വരുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
രോഗവ്യാപനം കൂടിനിൽക്കുന്ന സമയത്ത് സ്കൂളുകൾ തുറന്നാൽ കുട്ടികളെ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ഉടൻ തുറക്കേണ്ടെന്നുമാണ് വിദഗ്ധസമിതി സർക്കാരിന് നൽകിയ ഉപദേശം. കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ഒട്ടേറെ ഡോക്ടർമാരും സ്കൂളുകൾ തുറക്കുന്നതിൽ ആശങ്കയറിയിച്ചു.
അധ്യയനവർഷം അവസാനിക്കാറായി വരുന്നതിനാൽ എല്ലാ വിദ്യാർഥികളെയും ജയിപ്പിക്കുന്നതാണ് നല്ലതെന്നും എന്നാൽ, പത്താം ക്ലാസ് വിദ്യാർഥികളെ ജയിപ്പിക്കുന്ന കാര്യത്തിൽ ആലോചിക്കേണ്ടതുണ്ടെന്നും വിദഗ്ധകമ്മിറ്റി അഭിപ്രായപ്പെട്ടു. എന്നാൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾമാത്രം തുറക്കുന്ന കാര്യം പരിഗണനയിലുണ്ട്. നേരത്തേ സെപ്റ്റംബർ 21-ന് 9 മുതൽ 12 വരെയുള്ള ക്ലാസുകൾ തുറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും മാറ്റിവെക്കുകയായിരുന്നു.
നിലവിലെ സാഹചര്യത്തിൽ കുട്ടികളെ സ്കൂളിലേക്കു പറഞ്ഞയക്കാൻ രക്ഷിതാക്കളും താത്പര്യം കാട്ടുന്നില്ല. ഓൺലൈൻ ക്ലാസ് മതിയെന്നും കുട്ടികളെ സ്കൂളിലേക്കു വിടുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്നും രക്ഷിതാക്കൾ പറയുന്നു. സ്കൂൾ തുറക്കുന്ന കാര്യത്തിൽ ശിശുരോഗ വിദഗ്ധരും മനശ്ശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ള സമിതിയുടെ റിപ്പോർട്ട് തേടുമെന്ന് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു അറിയിച്ചു.