പുതുമയാർന്ന ഫീച്ചറുകൾ പ്രഖ്യാപിച്ച് ഇൻസ്റ്റഗ്രാം
യുവാക്കൾക്കിടയിൽ ഏറേ പ്രചാരമുള്ള സമൂഹ മാധ്യമമാണ് ഇൻസ്റ്റഗ്രാം. വാടസ് ആപ്പിന് പിന്നാലെ പുതിയ മാറ്റങ്ങൾ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇൻസ്റ്റഗ്രാമുമെന്നാണ് പുതിയ റിപ്പോർട്ടുകൾ . എട്ട് ഫീച്ചറുകളാണ് കമ്പനി ഉപയോക്താക്കൾക്കായി നൽകാനൊരുങ്ങുന്നത് .
1. സ്റ്റോറികൾ ഇനി മുതൽ ലൈക് ചെയ്യാം.
നിലവിൽ ഇൻസ്റ്റഗ്രാം സ്റ്റോറികൾക്ക് റിയാക്ഷനുകൾ നൽകാൻ സാധിക്കുമെങ്കിലും ലൈക് ചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്കുണ്ടായിരുന്നില്ല. എന്നാൽ പുതിയ അപ്ഡേഷൻ വരുന്നതോടെ പോസ്റ്റുകൾ ലൈക് ചെയ്യുന്നതുപോലെ സ്റ്റോറികളും ലൈക് ചെയ്യാൻ കഴിയും.15 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ സ്റ്റോറികളാണ് നിലവിൽ ഇൻസ്റ്റഗ്രാമിൽ ഇടാൻ കഴിയുക. 24 മണിക്കൂറാണ് സ്റ്റോറികളുടെ കാലാവധി.
2. ഫീഡ് പോസ്റ്റുകൾക്കൊപ്പം സംഗീതം ചേർക്കാം
സ്റ്റോറികൾക്കൊപ്പം സംഗീതം ചേർക്കാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാമിലുണ്ട്. എന്നാൽ പുതിയ അപ്ഡേഷൻ വരുന്നതോടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾക്ക് സംഗീതം നൽകി കൂടുതൽ ആകർഷകമാക്കാൻ കഴിയും.
3. ഇൻസ്റ്റഗ്രാം ഫാൻ ക്ലബ്
ട്വിറ്ററിലെ സൂപ്പർ ഫോളോവേഴ്സിന് സമാനമായി ഇൻസ്റ്റഗ്രാമിൽ ഫാൻ ക്ലബ് വരികയാണ്. കണ്ടൻ്റ് ക്രിയേറ്ററുമാർക്ക് അവരുടെ പേരിൽ സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിൽ ഫാൻ ക്ലബുകൾ ഉണ്ടാക്കാം. ക്ലബ് സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് മാത്രമായി പോസ്റ്റുകൾ ഷെയർ ചെയ്യാം. ഇതിലൂടെ നിശ്ചിത വരുമാനം നേടാൻ കണ്ടൻ്റ് ക്രിയേറ്റേഴ്സിന് കഴിയും.
4. അക്കൗണ്ട് ഹെൽത്ത് റിപ്പോർട്ട്
ഉപയോക്താക്കളുടെ അക്കൗണ്ടിനെ കുറിച്ച് കൃത്യമായ റിപ്പോർട്ട് നൽകുക എന്നതാണ് ഇൻസ്റ്റഗ്രാം ഇതിലൂടെ ഉദ്ദേശിക്കുന്നത്. പോസ്റ്റ് ചെയ്ത പോസ്റ്റുകളുടെ വിവരങ്ങൾ, ലൈക് ചെയ്ത പോസ്റ്റുകൾ എന്നിവയെ കൂടാതെ പോസ്റ്റുകളുടെ അവലോകനവും ഹെൽത്ത് റിപ്പോർട്ടിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.
5. മെസേജ് തിരയൽ
നിലവിൽ സുഹൃത്തുക്കളുടെ പേരുകൾ മെസേജിങ്ങ് ഓപ്ഷനിൽ തിരയാമെങ്കിലും മുമ്പ് അയച്ച മെസേജുകൾ തിരയാൻ സാധിക്കില്ല. എന്നാൽ വാട്സ് ആപ്പിന് സമാനമായി മെസേജുകളും തിരയാനുള്ള ഓപ്ഷൻ ഇൻസ്റ്റഗ്രാം അവതരിപ്പിക്കുകയാണ്.
6. സാധനങ്ങൾ വിൽക്കാം
സാധനങ്ങളുടെ ഫോട്ടോകൾ, വീഡിയോകൾ എന്നിവ പോസ്റ്റ് ചെയ്ത് വിൽക്കാനുള്ള ഓപ്ഷനും ഇൻസ്റ്റഗ്രാം കൊണ്ടുവരികയാണ്. നിലവിൽ ഫേയ്സ് ബുക്കിൽ ഈ ഓപ്ഷനുണ്ട്. ഉപയോക്താക്കൾക്ക് നേരിട്ടുള്ള ആശയവിനിമയത്തിലൂടെ സാധനങ്ങൾ വാങ്ങാനും വിൽക്കാനും കഴിയും.
7. താൽപ്പര്യത്തിനനുസരിച്ച് തിരയൽ നടത്താം
തിരയൽ ഹിസ്റ്ററിയുടെ അടിസ്ഥാനത്തിലുള്ള ഫോട്ടോകളും, വീഡിയോകളും സെർച്ചിൽ വരുമെങ്കിലും താൽപ്പര്യത്തിനനുസരിച്ചുള്ള തിരച്ചിൽ നടത്താനുള്ള പ്രത്യേക ഓപ്ഷൻ കൊണ്ട് വരുമെന്നാണ് റിപ്പോർട്ട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
8. സ്റ്റോറികൾക്ക് സമയപരിധി നിശ്ചയിക്കാം.
സ്റ്റോറികളുടെ സമയപരിധി 24 മണിക്കൂറാണെങ്കിലും പുതിയ അപ്ഡേഷൻ പ്രകാരം ഉപയോക്താക്കൾക്ക് തൻ്റെ ഫോളോവേഴ്സിനായി താൽക്കാലികമായ സമയപരിധിയിൽ സ്റ്റോറികൾ സെറ്റ് ചെയ്യാം. പിന്നിട് ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യപ്പെടുകയും ചെയ്യും. എന്നാൽ പരമാവധി സമയപരിധി 24 മണിക്കൂർ തന്നെയായിരിക്കും.