‘ഇന്ത്യയിലെ ക്രിസ്ത്യാനികൾ ഭീതിയിൽ’; രൂക്ഷ വിമർശനവുമായി ‘ദി ഗാർഡിയൻ’
'ദി ഗാർഡിയൻ' പത്രത്തിൻ്റെ സൗത്ത് ഏഷ്യൻ കറസ്പോൻഡന്റ് ഹന്നാ എല്ലിസ് പീറ്റേഴ്സണാണ് ഇതു സംബന്ധിച്ച ലേഖനം എഴുതിയത്.
ലണ്ടൻ: ഇന്ത്യയിലെ ക്രിസ്ത്യാനികൾ ജീവിക്കുന്നത് ഭയത്തിലാണെന്ന് ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ് ദിനപത്രം ‘ദി ഗാർഡിയൻ’. പത്രത്തിന്‍റെ സൗത്ത് ഏഷ്യൻ കറസ്പോൻഡന്റ് ഹന്നാ എല്ലിസ് പീറ്റേഴ്സണാണ് ഇതു സംബന്ധിച്ച ലേഖനം എഴുതിയത്.
മതപരിവർത്തനത്തിന്‍റെ പേരുപറഞ്ഞാണ് ക്രിസ്ത്യാനികളെ ആക്രമിക്കുന്നതെന്നും ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ നേതാക്കളാണ് ഇതിന് പിന്നിലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ചത്തീസ്ഗഢിലെ തമേഷ് വാർ സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. നൂറുകണക്കിന് ഹിന്ദുത്വപ്രവർത്തകർ സാഹുവിന്‍റെ വീട്ടിലേക്ക് സംഘടിച്ചെത്തുകയും അലമാരയിൽ നിന്നും ബൈബിൾ വലിച്ചെറിയുകയും ചെയ്തെന്ന് ലേഖനത്തിൽ പറയുന്നു. പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന് ആരോപിച്ചാണ് പലയിടത്തും ക്രിസ്ത്യാനികൾക്കെതിരെ അക്രമം അഴിച്ചുവിടുന്നത്.
ലേഖനത്തിൽ ബി.ജെ.പി നേതാക്കളുടെ പ്രതികരണവും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ ഫണ്ട് വാങ്ങിയുള്ള മത പരിവർത്തനമാണ് നടക്കുന്നതെന്നും മതം മാറിയവർ ഇന്ത്യക്കെതിരെ തിരിഞ്ഞെന്നും ചത്തീസ്ഗഢ് മുൻ മന്ത്രി ബ്രിജ്മോഹൻ അഗർവാൾ പ്രതികരിച്ചു. അതേ സമയം നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്നത് ആളുകളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയാണെന്ന് ക്രിസ്ത്യൻ പ്രതിനിധികളെ ഉദ്ധരിച്ച് ലേഖനം പറയുന്നു. ഉത്തർ പ്രദേശ്, കർണാടക, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും മതപരിവർത്തനം ആരോപിച്ച് ആക്രമണം നടന്നത് ലേഖനം ചൂണ്ടിക്കാണിക്കുന്നു.
1999ൽ ഒഡീഷയിൽ മിഷനറി പ്രവർത്തകൻ ഗ്രഹാംസ്റ്റൈനെ ബജ്റംഗ്ദൾ പ്രവർത്തകർ ചുണ്ടുകൊന്നതും ലേഖനത്തിൽ പറയുന്നു. ചത്തീസ്ഗഢിലെ മതപരിവർത്തനം തടയുകയാണ് തങ്ങളുടെ പ്രധാന അജണ്ടയെന്ന് സംസ്ഥാനത്തെ ബജ്റംഗ്ദൾ നേതാവ് റിഷി മിശ്ര ഗാർഡിയനോട് പ്രതികരിച്ചു. അതേസമയം ചത്തീസ്ഗഢ് ന്യൂനപക്ഷ കമീഷൻ ചെയർമാനും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര ചബ്ദ ബി.ജെ.പിക്കെതിരെ രംഗത്തെത്തി. നിർബന്ധിത മതപരിവർത്തനം സംസ്ഥാനത്ത് നടക്കുന്നില്ലെന്നും ഇന്ത്യയിൽ എല്ലായിടത്തും മുസ്ലിംകളെ ലക്ഷ്യമിടുന്ന ബി.ജെ.പി ചത്തീസ്ഗഢിൽ ക്രിസ്ത്യാനികളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
https://www.theguardian.com/world/2021/oct/04/india-christians-living-in-fear-claims-forced-conversions