‘ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ഭീതിയിൽ’; രൂക്ഷ വിമർശനവുമായി ‘ദി ഗാർഡിയൻ’

'ദി ഗാർഡിയൻ' പത്രത്തിൻ്റെ സൗത്ത്​ ഏഷ്യൻ കറസ്​പോൻഡന്‍റ്​ ഹന്നാ എല്ലിസ്​ പീറ്റേഴ്​സണാണ്​ ഇതു സംബന്ധിച്ച ലേഖനം എഴുതിയത്​.

ലണ്ടൻ: ഇന്ത്യയിലെ ക്രിസ്​ത്യാനികൾ ജീവിക്കുന്നത്​ ഭയത്തിലാണെന്ന്​ ചൂണ്ടിക്കാട്ടി പ്രമുഖ ബ്രിട്ടീഷ്​ ദിനപത്രം ‘ദി ഗാർഡിയൻ’. പത്രത്തിന്‍റെ സൗത്ത്​ ഏഷ്യൻ കറസ്​പോൻഡന്‍റ്​ ഹന്നാ​ എല്ലിസ്​ പീറ്റേഴ്​സണാണ്​ ഇതു സംബന്ധിച്ച ലേഖനം എഴുതിയത്​.

മതപരിവർത്തനത്തിന്‍റെ പേരുപറഞ്ഞാണ്​ ക്രിസ്​ത്യാനികളെ ആക്രമിക്കുന്നതെന്നും ഇന്ത്യയിലെ ഭരണ കക്ഷിയായ ബി.ജെ.പിയുടെ നേതാക്കളാണ്​ ഇതിന്​ പിന്നിലെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു. ചത്തീസ്​ഗഢിലെ തമേഷ്​ വാർ സാഹുവിനും കുടുംബത്തിനും എതിരെയുള്ള ആക്രമണം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്​. നൂറുകണക്കിന്​ ഹിന്ദുത്വപ്രവർത്തകർ സാഹുവിന്‍റെ വീട്ടിലേക്ക്​ സംഘടിച്ചെത്തുകയും അലമാരയിൽ നിന്നും ബൈബിൾ വലിച്ചെറിയുകയും ചെയ്​തെന്ന്​ ലേഖനത്തിൽ പറയുന്നു. പാവപ്പെട്ട ഹിന്ദുക്കളെ മതം മാറ്റുന്നുവെന്ന്​ ആരോപിച്ചാണ്​ പലയിടത്തും ക്രിസ്​ത്യാനികൾക്കെതിരെ അക്രമം അഴിച്ചുവിടുന്നത്​.

ലേഖനത്തിൽ ബി.ജെ.പി നേതാക്കളുടെ പ്രതികരണവും ഉൾപ്പെടുത്തിയിട്ടുണ്ട്​. വിദേശ ഫണ്ട്​ വാങ്ങിയുള്ള മത പരിവർത്തനമാണ്​ നടക്കുന്നതെന്നും മതം മാറിയവർ ഇന്ത്യക്കെതിരെ തിരിഞ്ഞെന്നും ചത്തീസ്​ഗഢ്​ മുൻ മന്ത്രി ബ്രിജ്​മോഹൻ അഗർവാൾ പ്രതികരിച്ചു. അതേ സമയം നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്നത്​ ആളുകളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പിയുടെ അജണ്ടയാണെന്ന്​ ക്രിസ്​ത്യൻ പ്രതിനിധികളെ ഉദ്ധരിച്ച്​ ലേഖനം പറയുന്നു. ഉത്തർ പ്രദേശ്​, കർണാടക, മധ്യപ്രദേശ്​ സംസ്ഥാനങ്ങളിലും മതപരിവർത്തനം ആരോപിച്ച്​ ആക്രമണം നടന്നത് ലേഖനം​ ചൂണ്ടിക്കാണിക്കുന്നു.

1999ൽ ഒഡീഷയിൽ മിഷനറി പ്രവർത്തകൻ ഗ്രഹാംസ്​റ്റൈനെ ബജ്​റംഗ്​ദൾ പ്രവർത്തകർ ചുണ്ടുകൊന്നതും ലേഖനത്തിൽ പറയുന്നു. ചത്തീസ്​ഗഢിലെ മതപരിവർത്തനം തടയുകയാണ്​ തങ്ങളുടെ പ്രധാന അജണ്ടയെന്ന്​ സംസ്ഥാനത്തെ ബജ്​റംഗ്​ദൾ നേതാവ്​ റിഷി മിശ്ര ഗാർഡിയനോട്​ പ്രതികരിച്ചു. അതേസമയം ചത്തീസ്​ഗഢ്​ ന്യൂനപക്ഷ കമീഷൻ ചെയർമാനും കോൺഗ്രസ്​ ​നേതാവുമായ മഹേന്ദ്ര ചബ്​ദ ബി.ജെ.പിക്കെതിരെ രംഗത്തെത്തി. നിർബന്ധിത മതപരിവർത്തനം സംസ്ഥാനത്ത്​ നടക്കുന്നി​ല്ലെന്നും ഇന്ത്യയിൽ എല്ലായിടത്തും മുസ്​ലിംകളെ ലക്ഷ്യമിടുന്ന ബി.ജെ.പി ചത്തീസ്​ഗഢിൽ ക്രിസ്​ത്യാനികളെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Hannah Ellis Petersen,
‘The Guardian’ Correspondent

https://www.theguardian.com/world/2021/oct/04/india-christians-living-in-fear-claims-forced-conversions

Leave A Reply

Your email address will not be published.