പരിശുദ്ധാത്മാവിനെ കൂടാതെ ക്രിസ്തീയ ജീവിതം സാധ്യമല്ല. പാസ്റ്റർ ടിനു ജോർജ്
പരിശുദ്ധാത്മാവിനെ കൂടാതെ ഒരിക്കലും ഒരാൾക്കും ക്രിസ്തീയ ജീവിതം നയിക്കാൻ സാധ്യമല്ല. പരിശുദ്ധാത്മ ശക്തി ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനമാണ്. യേശുക്രിസ്തു സ്വർഗ്ഗാരോഹണത്തിനു മുന്നോടിയായി തൻ്റെ ശിഷ്യന്മാരോട് അവരിലുള്ള വാഗ്ദത്ത നിവർത്തീകരണത്തിനായി അവർ ചെയ്യേണ്ടകാര്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഭാഗം ലൂക്കോസ് എഴുതിയിട്ടുണ്ട്.
“തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
അവൻ്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.എൻ്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാർപ്പിൻ എന്നും അവരോടു പറഞ്ഞു.” (ലൂക്കോസ് :24:45-49)
യേശു തൻ്റെ ജനത്തിനു നൽകിയ വാഗ്ദത്തം എന്തായിരുന്നു?
ദൈവീക വാഗ്ദത്തമായ ഉയരത്തിലെ ശക്തിയായ പരിശുദ്ധാത്മാവിനെ പ്രാപിക്കണം എന്നതായിരുന്നു യേശു തൻ്റെ ശിഷ്യന്മാരോടായി അറിയിച്ചത്. യേശുവിനെക്കുറിച്ചുള്ള ജ്ഞാനത്തേയും വെളിപ്പാടിനേയും നമുക്ക് മനസിലാക്കിത്തരുന്നത് പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവ് യേശുവിനെക്കുറിച്ചു സാക്ഷ്യം പറയും ആ സാക്ഷ്യം യേശുവിനെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം നമ്മിൽ വെളിപ്പെടുന്നതിനു കാരണമായിമാറും അതിനാൽ ദൈവത്തിൻ്റെ ആത്മാവ് നമ്മിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്.
ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു. (1കൊരിന്ത്യർ :12:03)
പരിശുദ്ധാത്മാവിനാലല്ലാതെ യേശുവിനെ കർത്താവെന്നു പറയുവാൻ ആർക്കും സാധിക്കുകയില്ല. പരിശുദ്ധാത്മാവ് ഒരു മനുഷ്യൻ്റെ ഉള്ളിൽ വരുമ്പോൾ ആ മനുഷ്യനിൽ പുതിയൊരു ജനനം സംഭവിക്കുന്നു. ആ വ്യക്തി പരിശുദ്ധാത്മാവിനാൽ വീണ്ടും ജനിച്ചവനായിമാറുന്നു. അങ്ങനെ നിങ്ങളുടെ ശരീരം ദൈവത്തിൻ്റെ മന്ദിരമായി മാറും. ദൈവത്തിൻ്റെ ആത്മാവ് നിന്നിൽ വസിക്കും. ദൈവത്തിൻ്റെ ആത്മാവ് വിട്ടുപിരിയാതെ നമ്മിൽ വസിക്കണമെങ്കിൽ നമ്മുടെ ജീവിതത്തിൻ്റെ കർതൃത്വം നടത്തുന്നത് യേശുവായി മാറണം
കർത്താവായ യേശുവിൻ്റെ കൃപയും ദൈവത്തിൻ്റെ സ്നേഹവും പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും നമ്മുടെ ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടെന്ന് പൗലോസ് തൻ്റെ ലേഖനങ്ങളിലൂടെ സഭയോട് പറയുന്നു
ദൈവീക കൃപ നമ്മിൽ എപ്പോഴുമുണ്ട്. അത് നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത് ദൈവീക സ്നേഹത്തിലേക്കാണ്. ദൈവത്തിൻ്റെ കൃപ സൗജന്യമാണ്. നമുക്ക് പണം കൊടുത്തു നേടുവാൻ കഴിയാത്തതാണ്. ദൈവീക കൃപയാലാണ് നാം രക്ഷിക്കപ്പെട്ടത്. ലോകത്തിൽ ഏറ്റവും വിലയേറിയതാണ് ദൈവീക കൃപ. കൃപ സൗജന്യമാണെങ്കിൽ പരിശുദ്ധാത്മാവിനാലുള്ള കൂട്ടായ്മ എന്നത് സൗജന്യമായതല്ല.
യേശുവിൻ്റെ കൃപയിൽ ദൈവീക സ്നേഹം അനുഭവിച്ചവർ പരിശുദ്ധാത്മാവുമായി കൂട്ടായ്മ ഉള്ളവരായിരിക്കും. അവർ ദൈവത്തിൻ്റെ ആത്മാവിനോട് പ്രതികരിക്കും ദൈവത്തിൻ്റെ ആത്മാവിനോട് സംസാരിക്കും.
ഇന്ന് സഭയിൽ മിക്കവർക്കും നഷ്ടമാകുന്നത് ദൈവത്തിൻ്റെ ആത്മാവുമായുള്ള വ്യക്തിപരമായ ബന്ധമാണ്. യേശുവിൻ്റെ ശുശ്രൂഷയിൽ യേശുവിനോടൊപ്പം അവൻ്റെ വാക്കിനാൽ നിയോഗിതരാക്കപ്പെട്ട ശിഷ്യന്മാരുടെ നിലനിൽപ്പിന് പോലും പരിശുദ്ധാത്മാവിൻ്റെ സാനിധ്യം ആവശ്യമായിരിന്നു. പെന്തിക്കോസ്തു നാളിൽ അവരിൽ വന്ന ആത്മാവിനാൽ വാക്കിന് പോലും വിലകല്പിക്കാൻ കഴിയാതെ ഒളിച്ചോടിയ പത്രോസിൻ്റെ നിഴലിനു പോലും വിലയുള്ളതായിത്തീർന്നു.
“ഇതാ, ഞാൻ തിരഞ്ഞെടുത്ത എൻ്റെ ദാസൻ, എൻ്റെ ഉള്ളം പ്രസാദിക്കുന്ന എൻ്റെ പ്രിയൻ; ഞാൻ എൻ്റെ ആത്മാവിനെ അവൻ്റെ മേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും.” (മത്തായി :12:17).
പരിശുദ്ധാത്മാവിൻ്റെ ആവശ്യകതയ്ക്കുള്ള പ്രാധാന്യത്തെ നമുക്ക് മനസിലാക്കിത്തരുന്ന വാക്യമാണിത്. തൻ്റെ പുത്രനായ യേശുവിന് പോലും ഈ ലോകത്തിൽ ദൈവത്തിൻ്റെ ശുശ്രൂഷ ചെയ്യുവാൻ പരിശുദ്ധാത്മാവിൻ്റെ ശക്തി ആവശ്യമായിരുന്നു. പരിശുദ്ധാത്മാവിനാൽ ആയിരുന്നു യേശു തൻ്റെ ശുശ്രൂഷ ആരംഭിച്ചത് പരിശുദ്ധാത്മാവിനാൽ ശുശ്രൂഷ ചെയ്തുകൊണ്ട് യേശു നമുക്ക് ക്രിസ്തീയ ജീവിതത്തിൽ മാതൃക ആയി മാറി.
ദൈവത്തിൻ്റെയിഷ്ടവും ദൈവീക ഹിതവും നമുക്ക് എങ്ങനെ മനസിലാക്കാം
“ദൈവം തന്നെ സ്നേഹിക്കുന്നവർക്കു ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യൻ്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
നമുക്കോ ദൈവം തൻ്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിൻ്റെ ആഴങ്ങളെയും ആരായുന്നു.(1കൊരിന്ത്യർ :02:09,10)
ദൈവത്തെ സ്നേഹിക്കുന്ന നമുക്ക് വേണ്ടി ദൈവം മുന്നമേ ചിലതിനെ ഒരുക്കിയിട്ടുണ്ട്. നമ്മിൽ പ്രതീക്ഷിക്കാത്ത നിറവുകളെ നൽകുവാൻ ദൈവത്തിന് മാത്രമേ സാധിക്കുകയുള്ളു.
പടകിൻ്റെ വലത്തുഭാഗത്തു വല വീശുവിൻ; എന്നാൽ നിങ്ങൾക്കു കിട്ടും എന്നു അവൻ അവരോടു പറഞ്ഞു; അവർ വീശി, മീനിൻ്റെ പെരുപ്പം ഹേതുവായി അതു വലിപ്പാൻ കഴിഞ്ഞില്ല. (യോഹന്നാൻ :21:06)
യേശുവാണ് നിനക്ക് നന്മ നല്കിയതെങ്കിൽ അതിലൊന്നുപോലും നഷ്ടമായിപ്പോകാൻ നമ്മുടെ ദൈവം അനുവദിക്കുകയില്ല. അവൻ നമുക്ക് ഒരുക്കിയിട്ടുള്ളത് ഒരു കണ്ണ് കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല ആരുടേയും ഹൃദയത്തിൽ തോന്നിയിട്ടില്ല. നിനക്ക് വേണ്ടി നീ പ്രതീക്ഷിക്കാത്തതിനു മുന്നമേ നിന്നോട് അറിയിക്കാതെ നിനക്കായി നൽകുവാൻ ദൈവം ശക്തനാണ്.
ദൈവം നിനക്കായി ഒരുക്കിയിരിക്കുന്ന കാര്യങ്ങളെ നിന്നോട് അറിയിക്കുവാൻ പരിശുദ്ധാത്മാവ് സഹായിക്കും. ചെങ്കടൽ കരയിൽ സാഹചര്യം നോക്കി സകലരും മോശയെ പഴിച്ചപ്പോൾ മോശ അവിടെ മൗനമായി നിന്നു. കാരണം മോശയ്ക്ക് ദൈവത്തിൻ്റെ പദ്ധതി എന്താണെന്ന് അറിയാമായിരുന്നു. അതുപോലെ നിങ്ങളുടെ പ്രതിസന്ധികളുടെ നടുവിൽ ദൈവം ഒരുക്കിയ വഴികളെ നിനക്കായി വെളിപ്പടുത്തുവാൻ പരിശുദ്ധാത്മാവിനു കഴിയും. അതിനാൽ നിൻ്റെ പ്രതിസന്ധികളിൽ വിശ്വാസത്തോടെ നിലനിൽക്കുവാൻ നിനക്ക് സാധിക്കും
പരിശുദ്ധാത്മാവ് നമ്മെ സകല സത്യത്തിലും വഴിനടത്തും.
അവൻ തൻ്റെ ആളുകളോടു: യഹോവയുടെ അഭിഷിക്തനായ എൻ്റെ യജമാനൻ്റെ നേരെ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്വാൻ യഹോവ എനിക്കു ഇടവരുത്തരുതേ; അവൻ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. (1ശാമുവേൽ :24:06)
ദൈവത്തിനുവേണ്ടി അവൻ ദൈവീക നിലവാരമുള്ളതിനെ തിരഞ്ഞെടുത്തു നിലനിർത്തും. തൻ്റെ ശത്രു ആയിരുന്ന ശൗൽതന്നെ കൊല്ലുവാൻ നടക്കുമ്പോഴും അവൻ ഒരു അഭിഷിക്തനായിരുന്നതിനാൽ ശൗലിനെ കൊല്ലുവാൻ ദാവീദ് തയാറായില്ല. പകരം ശൗലിനെ ദാവീദ് ബഹുമാനിച്ചു. അഭിഷേകത്തെയും അഭിഷക്തനെയും ബഹുമാനിച്ചത് നിമിത്തം ദാവീദിൻ്റെ തലമുറ അനുഗ്രഹിക്കപ്പെട്ടു. ആയതിനാൽ യിസ്രായേലിൽ ദാവീദ് ഗോത്രത്തിൽ യേശു ജനിക്കുവാനിടയായി.
നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു.
അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല; അവൻ്റെ അഭിഷേകം തന്നേ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങൾ അവനിൽ വസിപ്പിൻ. (1യോഹന്നാൻ: 02:26, 27)
.
നിന്നെ ഈ ലോകത്തിൽ വ്യത്യസ്ത ഉള്ളവനാക്കുന്നത് പരിശുദ്ധാത്മാവാണ്. ദൈവത്തിൻ്റെ അഭിഷേകം നിന്നിൽ വരുമ്പോൾ ആർക്കും നിന്നെ തെറ്റിക്കുവാൻ സാധിക്കുകയില്ല ദൈവത്തിൻ്റെ ആത്മാവ് നമുക്ക് സകലരെയും മനസ്സിലാക്കുവാനുള്ള വിവേചനം നൽകുന്നു.
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടുനമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ. (യൂദാ :01:20, 21).
പരിശുദ്ധാത്മാവിൽ പ്രാർത്ഥിക്കുക
അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാർത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.(റോമർ :08:26).
അന്യഭാഷയിൽ സംസാരിക്കുന്നവർ തങ്ങൾക്കുതന്നെ ആത്മീയ വർധന വരുത്തുന്നു.
ആയതിനാൽ പരിശുദ്ധാത്മാവിനെ കൂടാതെ നമുക്ക് ഒരു ക്രിസ്തീയ ജീവിതം സാധ്യമല്ല. ക്രിതുവിൽ നമ്മെ നിലനിർത്തുന്നത് പരിശുദ്ധാത്മാവാണ്