രാജ്യത്തിന് സങ്കടകരമായ ദിനം; മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരൻ; പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖരുടെയും അനുശോചന വാക്കുകളിലൂടെ
ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥരേയും വഹിച്ചുകൊണ്ട് സഞ്ചരിച്ച റഷ്യൻ നിർമിത എംഐ-17 വി-5 ഹെലിക്കോപ്ടറാണ് നീലഗിരിയിൽ തകർന്നു വീണത്. വ്യോമസേനയുടെ കരുത്തനായ അത്യാധുനിക ഹെലികോപ്റ്ററായാണ് എംഐ-17 വി-5 അറിയപ്പെടുന്നത്. റഷ്യൻ ആയുധ വിതരണക്കാരായ റോസോബോറോനെക്സ് പോർട്ടിൽ നിന്നാണ് ഇന്ത്യ ഇത് സ്വന്തമാക്കിയത്.
തന്ത്രപ്രധാന നീക്കങ്ങൾക്കും എയർ ഡ്രോപുകൾക്കും ഉപയോഗിക്കുന്ന ഈ റഷ്യൻ നിർമിത ഹെലിക്കോപ്ടർ മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് അപകടത്തിൽപ്പെടുന്നത്. 2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ ഇതേ വിഭാഗത്തിലുള്ള ഹെലികോപ്റ്റർ തർന്നുവീണിരുന്നു. ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ പാകിസ്താനിൽ സർജിക്കൽ സ്സ്ട്രൈക്ക് നടത്തിയ അതേ ദിവസമാണ് ബദ്ഗാമിൽ അപകടമുണ്ടായത്.
ബാലാകോട്ട് വ്യോമാക്രമണത്തിനു പിന്നാലെ ഫെബ്രുവരി 27-നാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റർ ശ്രീനഗറിലെ ബുദ്ഗാമിൽ തകർന്നുവീണത്. ശ്രീനഗറിൽ നിന്ന് പറന്നുയർന്ന് പത്ത് മിനുറ്റുകൾക്കകമാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റർ ബദ്ഗാമിൽ തകർന്നുവീണത്. അപകടത്തിൽ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടിരുന്നു.
അതിർത്തിയിൽ ഇന്ത്യ-പാക് യുദ്ധവിമാനങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടക്കുമ്പോഴാണ് വ്യോമസേനയുടെ മിസൈലാക്രമണത്തിൽ കോപ്റ്റർ തകർന്നത്. ശ്രീനഗർ വ്യോമതാവളത്തിൽ നിന്നു പറന്നുയർന്ന കോപ്റ്ററിനുനേർക്ക് പാകിസ്താന്റേതെന്നു കരുതി മിസൈൽ തൊടുക്കുകയായിരുന്നു. ഹെലികോപ്റ്ററിന്റെ സാങ്കേതികത്തകരാറാണെന്നാണ് ആദ്യം സംശയിച്ചതെങ്കിലും വ്യോമസേനയുടെ പക്കലുള്ള ഇസ്രയേൽ നിർമിത സ്പൈഡർ മിസൈൽ ആക്രമണത്തിലാണ് തകർന്നതെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരേ വ്യോമസേന നടപടിയെടുത്തിരുന്നു.
നീലഗിരിയിലെ ദുരന്തത്തിന്റെ കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യൻ വ്യോമസേനയുടെ എം.ഐ.-17 വി-5 ഹെലികോപ്റ്റർ തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവെച്ചാണ് സംഭവമെന്നാണ് റിപ്പോർട്ട്. തകർന്നയുടൻ ഹെലികോപ്റ്റർ കത്തിയമർന്നു. അപകടം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യോമസേന പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ സേനാവിഭാഗങ്ങള്‍ക്ക് ഒരു സംയുക്ത നേതൃത്വം വേണമെന്ന ആവശ്യമുയരുന്നത് 1999-ല്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ്. ഏകദേശം രണ്ട് പതിറ്റാണ്ടിനുശേഷം ബിജെപി സര്‍ക്കാര്‍ ഇന്ത്യന്‍ സൈന്യത്തിന് ഒരു സംയുക്ത സെെനിക മേധാവിയെ നിയമിക്കുമെന്ന് തീരുമാനമെടുത്തതോടെയാണ് അന്നത്തെ കരസേനാ മേധാവിയായ ബിപിന്‍ റാവത്ത് പൊതുചർച്ചയിലേക്ക് എത്തുന്നത്. കരസേനാ മേധാവിയായി വിരമിക്കുന്നതിന് മുന്‍പ് തന്നെ സെെന്യത്തിന്റെ പരമോന്നത പദവിയിലേക്ക് ബിപിന്‍ റാവത്തിനെ നിയമിച്ചുള്ള തീരുമാനം മന്ത്രിസഭാ സമിതിയോഗത്തിലുണ്ടായി.
സിഡിഎസിന്റെ പ്രായപരിധി 65 വയസാണെന്നിരിക്കെ മൂന്ന് വർഷത്തെ നിയമനത്തിന് 1954ലെ ആര്‍മി ചട്ടങ്ങളിലും ഭേദഗതി വരുത്തിയായിരുന്നു 62 കാരനായിരുന്ന ബിപിന്‍ റാവത്തിന്റെ നിയമനം. തുടർന്ന് 2020 ജനുവരി ഒന്നിന് രാജ്യത്തിന്റെ പ്രഥമ സംയുക്ത സെെനിക മേധാവിയായി അദ്ദേഹം ചുമതലയേറ്റു. വിവാദങ്ങള്‍ക്ക് നടുവില്‍ പദവി ഏറ്റെടുത്ത ബിപിന്‍ റാവത്തിന്റെ ആദ്യ ആഹ്വാനം, ‘സായുധ സേനകള്‍ രാഷ്ട്രീയത്തില്‍ നിന്ന് പരമാവധി അകലം പാലിക്കുക എന്നായിരുന്നു’, ഒപ്പം ഭരണത്തിനുള്ള സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് കർത്തവ്യമെന്ന് വ്യക്തമാക്കി വിവാദങ്ങള്‍ക്ക് മറുപടിയും നല്‍കി.
ഉത്തരാഖണ്ഡ് പൗരിയിലെ ഒരു പരമ്പരാഗത സൈനിക കുടുംബത്തില്‍ 1958 മാര്‍ച്ച് 16 നായിരുന്നു ബിപിന്‍ ലക്ഷ്മണ്‍ സിംഗ് റാവത്തിന്റെ ജനനം. 1988-ല്‍ വൈസ് ചീഫ് ഓഫ് ആര്‍മി ജീവനക്കാരനായി വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ ലക്ഷ്മണ്‍ സിംഗാണ് പിതാവ്. ഉത്തരകാശിയില്‍ വലിയ സ്വാധീനമുള്ള മുന്‍ എംഎല്‍എ കിഷണ്‍ സിംഗ് പര്‍മാറിന്റെ മകളാണ് മാതാവ്. പിതൃ സഹോദരങ്ങളില്‍ ഭൂരിഭാഗവും സെെന്യത്തില്‍. അതിനാല്‍ തന്നെ ജീവിതത്തിലെ ഓരോ ചുവടുവെപ്പിലും സേനയില്‍ സേവനമനുഷ്ഠിച്ചിരുന്ന തന്റെ പൂര്‍വ്വ തലമുറകളുടെ പാതയാണ് അദ്ദേഹം പിന്തുടര്‍ന്നത്.
ഡെറാഡൂണിലെ കേംബ്രിയന്‍ ഹാള്‍ സ്‌കൂളിലും ഷിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലുമായിരുന്നു ബിപിന്‍ റാവത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പഠനം. ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ നിന്ന് ‘സ്വോര്‍ഡ് ഓഫ് ഓണര്‍’ സ്വീകരിച്ചു. തുടര്‍ന്ന് തമിഴ്‌നാട് കൂനൂരിലെ വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളേജില്‍ (ഡിഎസ്എസ്സി) നിന്ന് ട്രയിനിംഗ്.
ഡിഎസ്എസ്സിയിലെ ട്രയിനിംഗ് കാലഘട്ടത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡിഫന്‍സ് സ്റ്റഡീസില്‍ എംഫിലും, എംബിഎ, കമ്പ്യൂട്ടര്‍ സ്റ്റഡീസ് ഡിപ്ലോമകളും നേടി. യുഎസ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആര്‍മി കമാന്‍ഡിലെ ഹയര്‍ കമാന്‍ഡ് കോഴ്സിലും ബിരുദം. 2011-ല്‍ മിലിറ്റിറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗവേഷണത്തില്‍ മീററ്റിലെ ചൗധരി ചരന്‍ സിങ്ങ് യൂണിവേഴ്സിറ്റി നിന്ന് ഫിലോസഫി ഡോക്ടറേറ്റ്.
1978 ഡിസംബര്‍ 16-ന് പിതാവിന്റെ യൂണിറ്റായിരുന്ന 11 ഗൂര്‍ഖ റൈഫിള്‍സിന്റെ അഞ്ചാം ബറ്റാലിയനിലായിരുന്നു റാവത്ത് സൈനിക ജീവിതം ആരംഭിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് ഉയർന്ന (ഹെെ ഓള്‍റ്റിട്യൂഡ്) പ്രദേശങ്ങളിലെ പോരാട്ടങ്ങളുടെ മുന്‍നിരയില്‍ അനുഭവ പരിചയം ആര്‍ജിച്ച അദ്ദേഹം പത്തുവര്‍ഷകാലത്തോളം കൗണ്ടര്‍ ഇന്‍സര്‍ജന്‍സി (പ്രത്യാക്രമണ) പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു. ഇക്കാലയളവില്‍ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാനും ചൈനയുമായുള്ള എല്‍എസിയും വടക്കുകിഴക്കന്‍ പ്രദേശങ്ങളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളുടെ ചുമതലകള്‍ അദ്ദേഹം കൈകാര്യം ചെയ്തു.
1962ലെ ഇന്ത്യ-ചെെ യുദ്ധത്തിന് ശേഷം തര്‍ക്കപ്രദേശമായ മക്മഹോണ്‍ ലൈനില്‍ ഉണ്ടായ ആദ്യത്തെ സൈനിക ഏറ്റുമുട്ടലായ 1987-ലെ സുംഡോറോംഗ് ചു താഴ്വരയിലെ ഏറ്റുമുട്ടലില്‍ റാവത്തിന്റെ ബറ്റാലിയനാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കെതിരെ വിന്യസിക്കപ്പെട്ടത്. പിന്നീട് യുഎന്നിന്റെ കോംഗോ മിഷനിന്റെ ഭാഗമായിരുന്ന ഇന്ത്യന്‍ സംഘത്തിന്റെ നേതൃത്വത്തിലും ബിപിന്‍ റാവത്തുണ്ടായിരുന്നു.
2015 ജൂണില്‍ മണിപ്പൂരില്‍ യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് വെസ്റ്റേണ്‍ സൗത്ത് ഈസ്റ്റ് ഏഷ്യ (യുഎന്‍എല്‍എഫ്ഡബ്ല്യു) നടത്തിയ ആക്രമണത്തില്‍ പതിനെട്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിനെതിരെ ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തിന് നേതൃത്വം നല്‍കിയ III കോര്‍പ്‌സിന്റെ കമാന്‍ഡായിരുന്നു ബിപിന്‍ റാവത്ത്.
2016 ഡിസംബര്‍ 17-ന് രണ്ട് മുതിര്‍ന്ന ലെഫ്റ്റനന്റ് ജനറല്‍മാരായ പ്രവീണ്‍ ബക്ഷി, പി എം ഹാരിസ് എന്നിവരെ പിന്തള്ളിയാണ് കേന്ദ്രസര്‍ക്കാര്‍ ബിപിന്‍ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചത്. ഡിസംബര്‍ 31-ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിന്റെ പിന്‍ഗാമിയായി രാജ്യത്തിന്റെ 27-ാമത്തെ കരസേനാമേധാവിയായി അദ്ദേഹം ചുമതലയേറ്റു. ഇതോടെ ഗൂര്‍ഖ ബ്രിഗേഡില്‍ നിന്ന് കരസേനാ മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായി ബിപിന്‍ റാവത്ത് മാറി.
40 വര്‍ഷത്തിലേറെ നീണ്ട തന്റെ ഒദ്യോഗിക ജീവിതത്തില്‍, വിശിഷ്ട സേവനത്തിന് പരമവിശിഷ്ട് സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍ എന്നീ ആദരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. ഇന്ത്യ- നേപ്പാള്‍ സൈനിക ബന്ധത്തെ സൂചിപ്പിക്കാന്‍ ഇരുരാജ്യങ്ങളിലെയും സെെനിക മേധാവികള്‍ക്ക് ജനറല്‍ പദവി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നേപ്പാള്‍ ആര്‍മിയുടെ ഓണററി ജനറലിന്റെ പദവിയും ബിപിന്‍ റാവത്തിനുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖരുടെയും അനുശോചന വാക്കുകളിലൂടെ
ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബിപിൻ റാവത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അദ്ദേഹം പ്രണാമം അർപ്പിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയെന്ന നിലയിൽ നമ്മുടെ സേനകളെ മികച്ചതാക്കുന്നതിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ബിപിൻ റാവത്ത് കാഴ്ചവെച്ചത്. കരസേന മേധാവിയായി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം കൈനിറയെ അനുഭവങ്ങളുമായാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ സേവനങ്ങൾ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഗത്ഭനായ സൈനികനായിരുന്നു ബിപിൻ റാവത്ത്. സത്യസന്ധനായ ദേശസ്‌നേഹി. രാജ്യത്തിന്റെ സേനകളെ ആധുനികവത്കരിക്കുന്നതിൽ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. നയതന്ത്രകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടും, ദീർഘവീക്ഷണവും പകരംവയ്‌ക്കാൻ ആകാത്തതാണ്. ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം അതിയായ ദു:ഖമുളവാക്കുന്നു.
തമഴ്‌നാട്ടിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും, മറ്റ് സേനാംഗങ്ങളും കൊല്ലപ്പെട്ടുവെന്ന വാർത്ത അതിയായ ഞെട്ടലോടെയാണ് കേട്ടത്. തികഞ്ഞ ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച വ്യക്തിത്വമാണ് അദ്ദേഹം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി. സങ്കടകരമായ ദിനമാണെന്നും ,മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിൻ റാവത്തെന്നും അമിത് ഷാ കുറിച്ചു.
കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനും സൈനിക ഉദ്യോഗസ്ഥര്‍ക്കും അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും വിയോഗത്തിലെ അഗാധമായ വേദന പങ്കുവെച്ച് അദ്ദേഹ ട്വീറ്റ് ചെയ്തു. ബിപിന്‍ റാവത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു.
അസാധാരണമായ ധൈര്യത്തോടെയും ഉത്സാഹത്തോടെയും രാജ്യത്തെ സേവിച്ച ഉദ്യോഗസ്ഥനാണ് ബിപിന്‍ റാവത്ത്, ആദ്യത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന നിലയില്‍ അദ്ദേഹം നമ്മുടെ സായുധ സേനയുടെ സംയുക്ത പദ്ധതികള്‍ തയ്യാറാക്കിയിരുന്നുവെന്നും പ്രതിരോധ മന്ത്രി പറയുന്നു.
ഈ അപകടത്തില്‍ തങ്ങളുടെ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് തന്റെ ഹൃദയം. വെല്ലിംഗ്ടണിലെ മിലിട്ടറി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ജിപി ക്യാപ്റ്റന്‍ വരുണ്‍ സിംഗ് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ അറിയിച്ചു.