ഭാവന: ‘എന്ന് സ്വന്തം രൂത്ത്’
റീന വർഗ്ഗീസ് ചുങ്കത്തറ
ഒരു സാധാരണ ജാതീയ കുടുംബത്തിൽ ജനിച്ചു വളർത്തപ്പെട്ട വളാണ് ഞാൻ. മാതാപിതാക്കൾ ചെയ്തുവന്നത് അനുസരിച്ച് ഞാനും എൻ്റെ ചെറുപ്രായം മുതൽ ക്ഷേത്രങ്ങളിൽ പോവുകയും പൂജയും കർമ്മങ്ങളും ആചാരാനുഷ്ഠാനങ്ങളും എല്ലാം ചെയ്തു വന്നിരുന്നു. എങ്കിലും പലപ്പോഴും മനസ്സിന് ഒരു തൃപ്തി വരികയില്ലായിരുന്നു.
പലപ്പോഴും എൻ്റെ ചെറുപ്രായത്തിൽ ഞാൻ ചിന്തിക്കുമാ യിരുന്നു, ജീവനില്ലാത്ത ഈ ദൈവങ്ങൾക്ക് എങ്ങനെയാണ് ജീവനുള്ള നമ്മെ രക്ഷിക്കുവാൻ കഴിയുന്നതെന്ന്. പലപ്പോഴും ഞാൻ മാതാപിതാക്കളോട് ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നു. അപ്പോഴൊക്കെ അവർ പറയും, നീ ചെറിയ കുട്ടിയാണ്, ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും കൂടുതലായി ചിന്തിക്കേണ്ട, നമ്മൾ പരമ്പരാഗതമായി ചെയ്തു വരുന്ന കാര്യങ്ങൾ ചെയ്താൽ മാത്രം മതി. അല്ലെങ്കിൽ കുടുംബത്തിന് ദോഷം വരും എന്നൊക്കെ പറയുമായിരുന്നു. പലപ്പോഴും എൻ്റെ സംശയങ്ങൾ ഞാൻ ഉള്ളിലൊതുക്കി.
അങ്ങനെ ബാല്യകാലവും കൗമാരവും കഴിഞ്ഞ് യൗവനത്തിലേക്ക് ഞാൻ പ്രവേശിച്ചു. മൂത്ത സഹോദരിമാരുടെയും സഹോദരന്മാരുടെയും വിവാഹങ്ങൾ കഴിഞ്ഞു. അടുത്തത് എൻ്റെ ഊഴമാണ്. എൻ്റെ മാതാപിതാക്കൾ എനിക്ക് പറ്റിയ വരനെ തേടുവാൻ തുടങ്ങി. പല വിവാഹ ദല്ലാൾ മാരോടും പറഞ്ഞുവെച്ചു. അങ്ങനെ പല യൗവ്വനക്കാരും എന്നെ കാണാൻ വന്നു തുടങ്ങി. നിർഭാഗ്യമെന്ന് പറയട്ടെ എല്ലാ കാര്യങ്ങളും പറഞ്ഞൊത്തു കഴിയുമ്പോൾ ഞങ്ങളുടെ ആചാരപ്രകാരം ജാതകം നോക്കുമ്പോൾ അത് ഒത്തു വരാതെയായി. എനിക്ക് ജാതകദോഷം ഉണ്ടെന്നാണ് ജോത്സ്യർ പറയുന്നത്.
എൻ്റെ ജാതകം കാണുമ്പോൾ ആരും എന്നെ വിവാഹം കഴിക്കാതെ യായി. എൻ്റെ ഭവനത്തിൽ ഉള്ളവരും ഞാനും ആകെ വിഷമത്തിലായി. ജോത്സ്യൻ പറഞ്ഞതനുസരിച്ച് ജാതകദോഷം മാറുവാൻ എൻ്റെ മാതാപിതാക്കൾ പല ഹോമങ്ങളും കർമ്മങ്ങളും ചെയ്യുവാൻ ആരംഭിച്ചു. വളരെ നാളുകൾ അത് ചെയ്തു വന്നു. പക്ഷേ നിർഭാഗ്യമെന്നു പറയട്ടെ കുറെ ധനനഷ്ടം ഉണ്ടായത് അല്ലാതെ വേറെ ഒരു ഫലവുമുണ്ടായില്ല. നാട്ടുകാരുടെ പഴിയും ദുഷിയും സഹിക്കാൻ വയ്യാതെയായി. ഞാൻ ആരാധിച്ചു പോന്നിരുന്ന ദൈവങ്ങളിൽ എനിക്ക് വിശ്വാസം ഇല്ലാതെയായി. പലപ്പോഴും ഉള്ളുരുകി പ്രാർത്ഥിച്ചു, ജീവിക്കുന്ന ഒരു ദൈവം ഉണ്ടെങ്കിൽ എനിക്ക് വേണ്ടി പ്രവർത്തിക്കണമേയെന്ന്.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ബ്രോക്കർ ഒരു ആലോചനയുമായി വന്നു. അദ്ദേഹം എൻ്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു. എൻ്റെ അറിവിൽ നല്ലൊരു പയ്യൻ ഉണ്ട്. നിങ്ങൾക്ക് സമ്മതമെങ്കിൽ ആലോചിക്കാം. പക്ഷേ ഒറ്റ കുഴപ്പം, ചെറുക്കൻ നമ്മുടെ ജാതി അല്ല ഈ ദേശക്കാരുമല്ലഅവരുടെ ദൈവവും വിശ്വാസവും കൾച്ചറും വേറെയാണ് സമ്മതമെങ്കിൽ നോക്കാം. അവരുടെ വീട്ടിൽ രണ്ട് ആൺമക്കളാണ്. പിതാവ് മരിച്ചുപോയി. പെൺമക്കൾ ഇല്ലാത്തതുകൊണ്ട് നാത്തൂൻ പോര് ഉണ്ടാവുകയില്ല. ചെറിയ കുടുംബം പ്രാരാബ്ദങ്ങൾ കുറവായിരിക്കും. പിന്നെ വേറൊരു കാര്യം അവർക്കാണെങ്കിൽ ഈ ജാതകം നോട്ടം ഒന്നുമില്ലത്രെ. കേട്ടിടത്തോളം എനിക്ക് കുഴപ്പമൊന്നുമില്ലെന്ന് തോന്നുന്നു. ചേട്ടനും ചേച്ചിയും എന്ത് പറയുന്നു?
എൻ്റെ മാതാപിതാക്കൾ അൽപ്പമൊന്ന് ആലോചിച്ചതിനു ശേഷം ഇപ്രകാരം പറഞ്ഞു ,ഹാ…മറ്റു നിവൃത്തിയില്ലാത്തതുകൊണ്ട് ഇനിയിപ്പോൾ ജാതിയും മതവും ഒന്നും നോക്കുന്നതിൽ അർത്ഥം ഒന്നും ഇല്ലെന്നാണ് തോന്നുന്നത്. എൻ്റെ മാതാപിതാക്കൾ ഒരു നെടുവീർപ്പിട്ടു കൊണ്ട് സമ്മതമാണോ ? എന്ന അർത്ഥത്തിൽ എൻ്റെ മുഖത്തേക്കൊന്നു നോക്കി. ജാതക ദോഷത്തിൽ മനം മടുത്തിരുന്നതു കൊണ്ട് മറ്റൊന്നും ആലോചിക്കാതെ ഞാൻ സമ്മതം മൂളി.
ഞങ്ങളുടെ സമ്മതം അറിഞ്ഞ ഉടനെ ബ്രോക്കർ ചേട്ടൻ മുന്നോട്ടുള്ള കാര്യങ്ങൾക്കായി യാത്ര പറഞ്ഞിറങ്ങി. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ചെറുക്കൻ്റെ വീട്ടുകാർ എന്നെ കാണുവാനായി വന്നു. നല്ല ലാളിത്യമുള്ള കുടുംബം. ആ അമ്മയെ ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. അവർക്ക് എന്നെയും. ആ അമ്മ എന്നോട് ഇപ്രകാരം പറഞ്ഞു, മോളേ… നിങ്ങളുടെ വിശ്വാസത്തിൽ നിന്നും ഒരുപാട് വിപരീതമാണ് ഞങ്ങളുടെ വിശ്വാസവും രീതികളും, വളരെ ലളിതമായ ജീവിതമാണ് ഞങ്ങളുടേത്. ആഭരണങ്ങളോ വേഷഭൂഷാദികളോ മറ്റ് ആർഭാടങ്ങളോ ഒന്നും ഇല്ല. മോൾക്ക് അഡ്ജസ്റ്റ് ചെയ്യാൻ പറ്റുമോ ? എല്ലാം കേട്ടിട്ട് സമ്മതം എന്ന അർത്ഥത്തിൽ ഞാൻ ഒന്ന് തലയാട്ടി. കാരണം ഞങ്ങൾക്ക് ആർക്കും ഇല്ലാത്ത എന്തോ ഒരു പ്രത്യേകത അവരിൽ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. അവരുടെ സംസാരം, ഭാഷാശൈലി, ഇടപെടലുകൾ, ഇരിപ്പ്, നോട്ടം എല്ലാം ആകെ കൂടെ ഞങ്ങളിൽ നിന്നും ഒക്കെ വ്യത്യസ്തം.
വീട്ടുകാർ തമ്മിൽ കാര്യങ്ങളൊക്കെ പറഞ്ഞുറപ്പിച്ചു. സ്ത്രീധനമായി അവർ ഒന്നും ആവശ്യപ്പെട്ടില്ല. ആഭരണം ആണെങ്കിൽ അവർ ധരിക്കില്ല പോലും. എനിക്ക് അതിശയം തോന്നി. ഇങ്ങനെയും ഒരു കൂട്ടരുണ്ടോ? കല്യാണത്തിന് മിന്നുകെട്ട്, മോതിരം ഇടൽ ഇങ്ങനെ ഒരു ചടങ്ങും ഇല്ലത്രെ. വിവാഹവസ്ത്രം വെള്ള ആയിരിക്കണം എന്നും അവർ ഓർപ്പിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത ഒരു വിവാഹം. എല്ലാം കേട്ടിട്ടും ഞങ്ങൾ സമ്മതം മൂളി. കാരണം, അവർക്ക് ഈ ജാതക നോട്ടം ഒന്നും ഇല്ലല്ലോ. അങ്ങനെ വിവാഹ തീയ്യതി ഉറപ്പിച്ച് അവർ ഇറങ്ങി.
നിശ്ചയിച്ച സമയത്ത് തന്നെ അവരുടെ സഭാഹാളിൽ വച്ച് മംഗളകരമായി ഞങ്ങളുടെ വിവാഹം നടന്നു. അന്യ മതത്തിലേക്കുള്ള വിവാഹം ആയതുകൊണ്ട് ഞങ്ങളുടെ ബന്ധുമിത്രാദികൾ കാര്യമായി സഹകരിച്ചില്ല. എങ്കിലും ഞാൻ സന്തോഷവതിയായിരുന്നു. അങ്ങനെ സന്തോഷകരമായ ഞങ്ങളുടെ കുടുംബ ജീവിതം ആരംഭിച്ചു.
പുതിയ ഭവനാന്തരീക്ഷം എനിക്ക് പരിചയം ഇല്ലാത്തതുകൊണ്ട് ആദ്യമൊക്കെ അല്പം പ്രയാസം ആയിരുന്നു. അവരുടെ ജീവിതരീതി ഞങ്ങളിൽ നിന്നും ഒത്തിരി വ്യത്യസ്തമായിരുന്നു .എൻ്റെ അമ്മാവിയമ്മ എന്നെ എല്ലാം പഠിപ്പിക്കുവാൻ തുടങ്ങി. എനിക്ക് ഏറ്റവും അതിശയമായി തോന്നിയ ഒരു കാര്യം അവരുടെ പ്രാർത്ഥനാ രീതി ആയിരുന്നു.
യാതൊരുവിധ വിഗ്രഹങ്ങളും അവരുടെ ഭവനത്തിൽ ഇല്ലായിരുന്നു. ഞാൻ അമ്മയോട് ചോദിച്ചു ,അമ്മേ… ദൈവങ്ങളെ കണ്മുൻപിൽ കാണാതെ, തിരി കത്തിക്കാതെ എങ്ങനെ പ്രാർത്ഥിക്കും? ദൈവം എങ്ങനെ പ്രസാദിക്കും? അത്ഭുതമെന്നു പറയട്ടെ എൻറെ എല്ലാ സംശയങ്ങൾക്കും ആ അമ്മ എനിക്ക് ഉത്തരം തന്നു. കൂടാതെ വായിക്കുവാൻ ഒരു പുസ്തകവും തന്നു. അത് അവർ വിശ്വസിക്കുന്ന ദൈവത്തിൻറെ പുസ്തകം ആണത്രേ ആർത്തിയോടെ ഞാൻ അത് വായിക്കാൻ തുടങ്ങി. എൻ്റെ എല്ലാ സംശയങ്ങൾക്കും അമ്മ എനിക്ക് മറുപടി തന്നു. അങ്ങനെ ഞങ്ങൾ 10 വർഷം സന്തോഷമായി ജീവിച്ചു. കുഞ്ഞുങ്ങൾ ഒന്നുമുണ്ടായില്ല എന്നൊരു ദുഃഖം അല്ലാതെ മറ്റൊന്നും ഞങ്ങളുടെ ജീവിതത്തിൽ ഇല്ലായിരുന്നു.
അങ്ങനെ സന്തോഷമായി ജീവിച്ചു വരവെ പെട്ടെന്നായിരുന്നു കൊടുങ്കാറ്റുപോലെ പ്രതിസന്ധി ജീവിതത്തിൽ ആഞ്ഞടിച്ചത്. എൻ്റെ ഭർത്താവും അദ്ദേഹത്തിൻ്റെ സഹോദരനും പെട്ടെന്ന് ഈ ഭൂമിയിൽ നിന്നും മരണം വഴിയായി യാത്രയായി. അത് എൻ്റെ ജീവിതത്തിൽ വലിയ ദുഃഖം ആയി. എൻ്റെ അമ്മാവിയമ്മയുടെ പ്രത്യാശയും ധൈര്യവും എനിക്ക് ഏറെ പ്രചോദനമേകി. ആ ദൈവത്തിൽ ഞാനും ആശ്രയിച്ചു. എൻ്റെ അമ്മാവിയമ്മയെ ആശ്വസിപ്പിക്കുന്ന ദൈവത്തെ എനിക്കും വേണം എന്ന് ഞാൻ ഉറപ്പിച്ചു.
ഞങ്ങൾ മൂന്നു സ്ത്രീകൾ മാത്രമായി ആ ഭവനത്തിൽ അവശേഷിച്ചു. ഈ സമയം എൻ്റെ ബന്ധുമിത്രാദികൾ എല്ലാം ഞങ്ങളെ പഴിച്ചു. എനിക്ക് ജാതകദോഷം ഉള്ളതുകൊണ്ടാണ് ചെന്നുകയറിയ ഭവനത്തിലും നഷ്ടങ്ങൾ ഉണ്ടായതെന്ന് അവർ പഴിക്കുവാനും ദുഷിക്കുവാനുംതുടങ്ങി. എന്നാൽ അതൊന്നും ഞാൻ കാര്യമാക്കിയില്ല. സ്നേഹനിധിയായ എൻ്റെ അമ്മാവിയമ്മ എനിക്ക് ഏറെ ആശ്വാസം ആയിരുന്നു.
എന്നാൽ എൻ്റെ അമ്മാവിയമ്മ മരുമക്കളായ ഞങ്ങളുടെ ജീവിതം ഓർത്ത് വളരെ സങ്കടപ്പെട്ടു. കുഞ്ഞുങ്ങൾ ഒന്നും ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങളെ വേറെ വിവാഹം കഴിപ്പിച്ച് അയക്കുന്നതായിരിക്കും നല്ലത് എന്ന് അമ്മയ്ക്ക് തോന്നി. ആ അമ്മ ഞങ്ങളെ രണ്ടുപേരെയും വളരെയധികം നിർബന്ധിച്ചു, ഞങ്ങളുടെ സ്വന്തം ഭവനത്തിലേക്ക് മടങ്ങിപ്പോകാൻ.
ഒരർത്ഥത്തിൽ, അവർ പറഞ്ഞത് ശരിയാണ്. പ്രായമായ ഈ അമ്മയുടെ കൂടെ നിന്നാൽ ഞങ്ങൾക്ക് എന്ത് കിട്ടും? ഞങ്ങളുടെ ജീവിതം പാഴായി പോവുകയേയുള്ളൂ. അത് മനസ്സിലാക്കി സഹോദരിയായവൾ ഞങ്ങളെ വിട്ട് സ്വന്തം ഭവനത്തിലേക്കും സ്വന്തം ദേവന്മാരുടെ അടുത്തേക്കും യാത്രയായി. ഇത് കണ്ടപ്പോൾ അമ്മ എന്നെ വീണ്ടും നിർബന്ധിക്കു വാൻ തുടങ്ങി.
എന്നാൽ ഞാൻ ഒരു ഉറച്ച തീരുമാനമെടുത്തു. ഈ അമ്മയെയോ, അവർ സേവിക്കുന്ന ദൈവത്തെയോ വിട്ട് ഞാൻ ഒരിക്കലും പിൻ മാറുകയില്ല. ജീവിക്കുന്ന ഒരു ദൈവമുണ്ടെന്ന് കാണിച്ചുതന്ന ഈ അമ്മയെ പിരിഞ്ഞ് ഞാൻ എങ്ങും പോകില്ല. എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും എന്നെ വളരെയധികം നിർബന്ധിച്ചു, മടങ്ങി വരുവാൻ. മടങ്ങിവന്നാൽ നിന്നെ വേറെ വിവാഹം കഴിപ്പിച്ചയക്കാം എന്നൊക്കെ പറഞ്ഞു. എന്നാൽ എൻ്റെ തീരുമാനത്തിൽ ഞാൻ ഉറെച്ചു നിന്നു. സമ്മർദ്ധം ചെലുത്തിയിട്ടും ഫലം ഇല്ലെന്ന് മനസ്സിലായപ്പോൾ അവരും പിൻമാറി. നിൻ്റെ ഇഷ്ടത്തിനു ജീവിച്ചോളൂ എന്ന് പറഞ്ഞു.
അങ്ങനെ ഞാനും അമ്മയും അമ്മയുടെ സ്വന്ത ദേശത്തേക്ക് മടങ്ങി പോകുവാൻ തീരുമാനിച്ചു. അങ്ങനെ സ്വന്ത ദേശത്ത് എത്തിയപ്പോൾ ആ ദേശക്കാർ ഞങ്ങളെ ഹാർദ്ദവമായി സ്വീകരിച്ചു. അങ്ങനെ ഞങ്ങൾ ഒരു കുടിൽ കെട്ടി താമസമാരംഭിച്ചു. ആദ്യ കുറച്ചു ദിവസങ്ങൾ ബന്ധുമിത്രാദികൾ ഒക്കെ ആഹാരം തന്ന് സഹായിച്ചു. എന്നാൽ മുന്നോട്ടു ജീവിക്കണമെങ്കിൽ എന്തെങ്കിലും ഒരു തൊഴിൽ കണ്ടെത്തിയേ മതിയാകൂ എന്ന് മനസ്സിലാക്കിയ ഞാൻ അമ്മയുടെ സമ്മതത്തോടെ പാഠങ്ങളിൽ കാല പെറുക്കുവാൻ പോയി. ഭാഗ്യവശാൽ ആദ്യം ഞാൻ ചെന്നു പെട്ടത് വലിയൊരു ധനികൻ്റെ വയലിൽ ആയിരുന്നു. ആ യജമാനൻ എന്നെ കണ്ടപ്പോൾ വിശേഷങ്ങളൊക്കെ തിരക്കി, എന്നോട് വളരെ ദയയോടുകൂടി സംസാരിച്ചു. മറ്റൊരു വയലിലും പോകേണ്ട, ഇവിടെ തന്നെ വന്നാൽ മതി, എന്നൊക്കെ പറഞ്ഞു. എനിക്ക് വളരെ സന്തോഷമായി. മാത്രമല്ല, ആഹാരം കഴിച്ച പ്പോഴും ആ മനുഷ്യൻ എന്നെയും സഹകരിപ്പിച്ചു. ജോലി കഴിഞ്ഞു പോയപ്പോൾ ഒത്തിരി ധാന്യങ്ങളും തന്നയച്ചു. അന്ന് ഞാൻ എൻ്റെ ദൈവത്തെ ഒത്തിരി സ്തുതിച്ചു. അമ്മ പറഞ്ഞ്, അദ്ദേഹം ഞങ്ങളുടെ സ്വന്തം ആണെന്ന് അറിയുവാൻ ഇടയായി.
അങ്ങനെ അധികം താമസിയാതെ ആ ധനികനായ മനുഷ്യൻ എന്നെ വിവാഹം കഴിക്കുവാൻ തയ്യാറായി. എൻ്റെ ഭവനത്തിൽ ആർക്കും ലഭിച്ചിട്ടില്ലാത്ത ഒരു വലിയ ഭാഗ്യ പദവി ദൈവം എനിക്ക് നൽകി തന്നു. എൻ്റെ മാതാപിതാക്കൾക്കും ഇത് കേട്ടപ്പോൾ വലിയ സന്തോഷമായി. എൻ്റെ തീരുമാനമായിരുന്നു ശരിയായ തീരുമാനം എന്ന് അവർ പറയുവാനിടയായി. അങ്ങനെ ഞങ്ങളുടെ വിവാഹം ആർഭാടമായി തന്നെ നടത്തി.
താമസിയാതെ ഞങ്ങൾക്ക് ഒരു മകനും ലഭിക്കുവാനി ടയായി. ഞാൻ സേവിക്കുന്ന ദൈവം സർവ്വശക്തൻ എന്ന് ഞാൻ മനസ്സിലാക്കി. അങ്ങനെ ദുഃഖത്തിൻ്റെയും നിരാശയുടെയും അദ്ധ്യായങ്ങൾ മടക്കി വെച്ചുകൊണ്ട്, സന്തോഷത്തിൻ്റെയും ഉല്ലാസ ത്തിൻ്റെയും അദ്ധ്യായങ്ങൾ തുറന്നു. എൻ്റെ അമ്മാവിയമ്മയും ഒത്തിരി സന്തോഷവതിയായി. മകൻ ഓബേദിൻ്റെ കാര്യങ്ങളെല്ലാം നോക്കുന്നത് അമ്മയ്ക്ക് സന്തോഷം ഏറെ പകർന്നു നൽകി.
ഞാൻ എൻ്റെ ജീവിതത്തെ ഒന്നു വിശകലനം ചെയ്തു. എത്ര ദുഃഖങ്ങൾ നമ്മെ തകർക്കാൻ നോക്കിയാലും, നമ്മെ സ്നേഹിക്കുന്നവരെല്ലാം നമ്മെ വിട്ടു പോയാലും, അന്ത്യം വരെ നടത്തുവാൻ വിശ്വസ്തനായ ദൈവത്തെ ആണ് ഞാൻ പിൻപറ്റിയത്. അതായിരുന്നു എൻ്റെ ജീവിത വിജയം. ആ ദൈവത്തെ മുറുകെ പറ്റിയതു കൊണ്ട് നമ്മുടെ രക്ഷകനായ കർത്താവായ യേശുക്രിസ്തുവിൻ്റെ വല്ല്യമ്മച്ചി എന്ന പദവിക്ക് അർഹയായി തീർന്നു. ഇതിലും വലിയ ഭാഗ്യം മറ്റെന്താണ് ഉള്ളത്.
എന്നെ കേൾക്കുന്ന ദൈവജനമേ… പ്രതീക്ഷിക്കാത്ത സമയത്ത് നമ്മുടെ ജീവിത പടകിൽ ഓളങ്ങൾ ആഞ്ഞടിച്ചെ ന്നുവരാം, തിരമാലകൾ നമ്മെ മുക്കും എന്ന് നാം ഭയന്നേക്കാം, നാം അനുഭവിക്കുന്ന കഷ്ടതകളിൽ ആരും കൂടെ ഇല്ലായിരിക്കാം, മരണം വരെ കൂടെ ഉണ്ടാകും എന്ന് വാക്കു പറഞ്ഞവർ എല്ലാം മാറി പോയേക്കാം, എങ്കിലും നല്ലൊരു അമരക്കാരനായി കർത്താവായ യേശുക്രിസ്തു നിൻ്റെ ജീവിത പടകിൽ നിന്നോടുകൂടെ ഉണ്ടെങ്കിൽ നീ പതറേണ്ട, തളരേണ്ട, ഭാരപ്പെടേണ്ട. ആ പടക് മുങ്ങി പോകാതെ സർവ്വശക്തൻ നമ്മെ കാക്കുവാൻ ഇടയാകും. ആകയാൽ ഈ ദൈവത്തെ അന്ത്യത്തോളം പിൻപറ്റുവാൻ സർവ്വ കൃപാലുവായ ദൈവം നമ്മെ ഓരോരുത്തരെയും സഹായിക്കട്ടെ. ആമേൻ.
എന്ന് ക്രിസ്തുവിൽ എളിയ സഹോദരി രൂത്ത്.
ആമേൻ…..