മഹാമാരി കാലത്ത് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്

രാജ്യമൊട്ടാകെയുള്ള പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ 3,354 ഓണ്‍ലൈന്‍ അഭിമുഖങ്ങളിലൂടെയാണ് റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ ശേഖരിച്ചത്.

ന്യൂയോര്‍ക്ക്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ (എ.ബി.എസ്) റിപ്പോര്‍ട്ട് പുറത്ത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ പകര്‍ച്ചവ്യാധികാലത്ത് നാലില്‍ ഒരാള്‍ വീതം കൂടുതലായി ബൈബിള്‍ വായിക്കുന്നുണ്ടെന്ന്‍ അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ‘സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ‘അമേരിക്കന്‍ ഐക്യനാടുകളിലെ ആത്മീയതയിലെയും, ബൈബിളുമായുള്ള ഇടപെടലിലെയും സാംസ്കാരിക പ്രവണതകളെ’ക്കുറിച്ച് പ്രതിപാദിക്കുന്ന ‘എ.ബി.എസ്’ന്റെ പതിനൊന്നാമത് വാര്‍ഷിക സ്റ്റേറ്റ് ഓഫ് ദി ബൈബിള്‍’ റിപ്പോര്‍ട്ടിന്റെ ആദ്യ രണ്ട് അദ്ധ്യായങ്ങള്‍ പുറത്തുവന്നത്.

‘മൂവബിള്‍ ആന്‍ഡ്‌ മിഡില്‍’ എന്ന വിഭാഗത്തില്‍ 9.5 കോടി ആളുകള്‍ പകര്‍ച്ചവ്യാധികാലത്ത് ആദ്യമായി ബൈബിള്‍ വായിച്ചു എന്ന്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 2019-ല്‍ 16.9 കോടി അമേരിക്കക്കാര്‍ സാന്ദര്‍ഭികമായി ബൈബിള്‍ വായിച്ചപ്പോള്‍ 18.1 കോടിയാണ് കഴിഞ്ഞ വര്‍ഷം ബൈബിള്‍ തുറന്നത്. പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ 12% ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, ആഴ്ചയിലെ ഭൂരിഭാഗം ദിവസങ്ങളിലും ബൈബിള്‍ വായിക്കുന്നുണ്ടെന്ന് 16% പേരും സമ്മതിച്ചതായി ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 34% തങ്ങള്‍ ആഴ്ചയിലൊരിക്കലെങ്കിലും ബൈബിള്‍ വായിക്കാറുണ്ടെന്ന് സമ്മതിച്ചു. അന്‍പതു ശതമാനത്തോളം പേര്‍ പറഞ്ഞത് വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുപ്രാവശ്യമെങ്കിലും തങ്ങള്‍ ബൈബിള്‍ വായിക്കാറുണ്ടെന്നാണ്.

മുന്‍വര്‍ഷത്തേതിന് സമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ തങ്ങളുടെ ബൈബിള്‍ വായന എന്ന് പറഞ്ഞവരുടെ എണ്ണം അറുപത്തിമൂന്നു ശതമാനമാണ്. ഇതേകാലയളവില്‍ തങ്ങള്‍ കൂടുതലായി ബൈബിള്‍ വായിച്ചിട്ടുണ്ടെന്ന് സമ്മതിച്ചവര്‍ ഇരുപത്തിനാലു ശതമാനമാണ്. പകര്‍ച്ചവ്യാധിയ്ക്കിടയില്‍ ജീവിതത്തിന്റെ അര്‍ത്ഥവും, സമാധാനവും തേടി കൂടുതല്‍ അമേരിക്കക്കാര്‍ ദൈവവചനത്തിലേക്ക് തിരിഞ്ഞുവെന്നു എ.ബി.എസ് ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ ജോണ്‍ ഫാര്‍ക്കുഹാര്‍ പ്ലേക് ക്രിസ്റ്റ്യന്‍ പോസ്റ്റ്‌-നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ നൂറ്റാണ്ടില്‍ ആദ്യമായുണ്ടായ പകര്‍ച്ചവ്യാധിയും, രാഷ്ട്രീയ-സാമൂഹ്യ അസ്വസ്ഥതകളും ജനങ്ങളെ ബൈബിളിലേക്ക് തിരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യമൊട്ടാകെയുള്ള പ്രായപൂര്‍ത്തിയായവരില്‍ നടത്തിയ 3,354 ഓണ്‍ലൈന്‍ അഭിമുഖങ്ങളിലൂടെയാണ് റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ ശേഖരിച്ചത്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.