ബഥേൽ ബൈബിൾ കോളേജിന് സെറാംപൂർ അഫിലിയേഷൻ; നന്ദി അർപ്പണ ശുശ്രൂഷ ബുധനാഴ്ച്ച നടക്കും
പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ വേദവിദ്യാഭ്യാസ സ്ഥാപനമായ ബഥേൽ ബൈബിൾ കോളേജിന് സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ (യൂണിവേഴ്സിറ്റി )അംഗീകാരം ലഭിച്ചു.
സെറാംപൂർ അഫിലിയേഷൻ ലഭിച്ചതിന്റെ നന്ദിസൂചകമായി ബുധനാഴ്ച രാവിലെ 9.30ന് കോളേജ് ഓഡിറ്റോറിയത്തിൽ പ്രത്യേക നന്ദിയർപ്പണശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നു.
കോളേജ് പ്രിൻസിപ്പൽ പാസ്റ്റർ റ്റി.എസ് ശമുവേൽകുട്ടി അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി- കണ്ണമ്മൂല പ്രിൻസിപ്പൽ റവ. ഡോ. ഡേവിഡ് ജോയി, എ.ജി.ഡിസ്ട്രിക്ട് സൂപ്രണ്ടും കോളേജ് ബോർഡ് ചെയർമാനുമായ പാസ്റ്റർ റ്റി. ജെ. സാമുവൽ, ഡിസ്ട്രിക്ട് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ. ഐസക് വി. മാത്യു എന്നിവർ വിശിഷ്ടാതിഥികൾ ആയിരിക്കും. കോളേജ് അദ്ധ്യാപകർ, സഭയുടെ വിവിധ നേതൃതലങ്ങളിൽ പ്രവർത്തിക്കുന്നവർ, വിവിധ ഡിപ്പാർട്ട്മെൻ്റു ചുമതലക്കാർ, പൂർവ്വ വിദ്യാർത്ഥികൾ, സഭാ ശുശ്രുഷകർ, വിശ്വാസ സമൂഹം, അഭ്യുദയകാംക്ഷികൾ തുടങ്ങി വിവിധ തുറകളിൽ നിന്നായി നിരവധി ആളുകൾ ശുശ്രുഷയിൽ സംബന്ധിക്കും.
1927 ൽ ജോൺ എച്ച് . ബർജ്ജസ്സ് എന്ന മിഷനറി, മാവേലിക്കരയിൽ തുടക്കംകുറിച്ച് 1949 മുതൽ പുനലൂരിലെ വിശാലമായ ക്യാമ്പസിൽ പ്രവർത്തനം തുടരുന്ന ബഥേൽ ബൈബിൾ കോളേജ് അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനം അമേരിക്കൻ ഐക്യനാടുകൾക്ക് പുറത്ത് ആരംഭിച്ച പ്രഥമ വേദപാഠശാലയാണ്.
ആനുകാലിക വേദ ശാസ്ത്രവിദ്യാഭ്യാസത്തിന് അക്കാദമിക മുന്നേറ്റം ആവശ്യമായതിനാലാണ് സെനറ്റ് ഓഫ് സെറാംപൂർ കോളേജിന്റെ (യൂണിവേഴ്സിറ്റി )അംഗീകാരം നേടിയിരിക്കുന്നത്.അടുത്ത അധ്യായന വർഷത്തേക്കുള്ള (2023 – 24) ബാച്ചിലർ ഓഫ് ഡിവിനിറ്റി ( B.D) , ബാച്ചിലർ ഓഫ് തിയോളജി ( B. Th )എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.