ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ ഇടപെടല്‍ വേണം: ഭോപ്പാല്‍ മെത്രാപ്പോലീത്ത ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തണമെന്ന ആവശ്യവുമായി ഭോപ്പാല്‍ അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ദുരൈരാജ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ഡിസംബര്‍ 7-ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ വിദിഷാ ജില്ലയിലെ സെന്റ്‌ ജോസഫ് സ്കൂളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. തങ്ങളുടെ ആശങ്കകള്‍ ക്ഷമാപൂര്‍വ്വം കേട്ട മന്ത്രി സഹായിക്കാമെന്നും, സ്കൂളില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ഉറപ്പ് നല്‍കിയതായും കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെ മെത്രാപ്പോലീത്ത അറിയിച്ചു. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആഭ്യന്തര മന്ത്രിയുടെ തെറ്റിദ്ധാരണ ദൂരീകരിക്കുവാന്‍ താന്‍ ശ്രമിച്ചതായും മെത്രാപ്പോലീത്ത അറിയിച്ചു.

സമാധാനം നിലനിര്‍ത്തുന്നതിനായി നമ്മളെ കുറിച്ച് തെറ്റിദ്ധാരണകള്‍ വെച്ച് പുലര്‍ത്തുന്നവരുടെ അടുത്ത് സംസാരിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ മധ്യപ്രദേശിലും ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനങ്ങളില്‍ ഇക്കൊല്ലം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലായി ക്രൈസ്തവര്‍ക്കെതിരായ മതപീഡനം സംബന്ധിച്ച ഏതാണ്ട് മുന്നൂറോളം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ‘അസോസിയേഷന്‍ ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്’ (എ.പി.സി.ആര്‍), യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്, യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) എന്നീ സംഘടനകള്‍ സംയുക്തമായി പുറത്തുവിട്ട വസ്തുതാ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്.

എന്നാല്‍ രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ സംബന്ധിച്ച വെറും 30 പരാതികള്‍ മാത്രമാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത് ക്രൈസ്തവര്‍ക്ക് നേരെ അക്രമം ഉണ്ടാകുമ്പോള്‍ പോലീസ് നിഷ്ക്രിയത്വം പാലിക്കുകയാണെന്ന ആരോപണം ശരിവെയ്ക്കുകയാണ്.

 

ഭാരതത്തിലെ കത്തോലിക്ക സ്കൂളുകളും, ആശുപത്രികളും മറയാക്കി മിഷ്ണറിമാര്‍ ഹിന്ദുക്കളെ മതം മാറ്റുകയാണെന്ന ആരോപണം ക്രിസ്ത്യാനികളെ ലക്ഷ്യം വെക്കുവാനുള്ള കാരണമാക്കി ഉപയോഗിക്കുകയാണെന്ന് ഭോപ്പാല്‍ അതിരൂപതയില്‍ നിന്നും വിരമിച്ച മെത്രാപ്പോലീത്ത ലിയോ കോര്‍ണേലിയോ ആരോപിച്ചു. രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയില്‍ യാതൊരു വര്‍ദ്ധനവുമില്ലെങ്കിലും ക്രിസ്ത്യാനികള്‍ക്കെതിരായ ആരോപണങ്ങള്‍ക്കും ആക്രമണങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ മതപരിവര്‍ത്തന വിരുദ്ധ നിയമം പാസ്സാക്കിയത്. ഇതിനു പിന്നാലെ വിവിധ സ്ഥലങ്ങളില്‍ ആക്രമണം അരങ്ങേറിയിരിന്നു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.