അൺലോക്ക് 5.0; തിയേറ്ററുകൾ തുറക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി തുറക്കും: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കൊവിഡ് ലോക്ക്ഡൗൺ ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തിൽ തിയേറ്ററുകൾ തുറക്കാൻ അനുവാദം. ഒക്ടോബർ 15 മുതൽ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകൾ തുറക്കാമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങൾ കേന്ദ്രസർക്കാർ പിന്നീട് വ്യക്തമാക്കും. സ്വിമ്മിങ് പൂളുകളും തുറക്കാൻ അനുമതി നൽകുന്നുണ്ട്.

സ്കൂളുകളും കോളേജുകളും തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ഇത് ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. സ്കൂളുകളുമായി ചർച്ച നടത്തി തീരുമാനിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഓൺലൈൻ തുടരാൻ ആഗ്രഹിക്കുന്നവർക്ക് അതിന് അനുമതി നൽകണം. സ്കൂളുകളിൽ ക്ലാസിൽ ഹാജരാവാൻ ആഗ്രഹിക്കാത്ത കുട്ടികളുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ ക്ലാസിന് അവസരം ഒരുക്കണം. മാതാപിതാക്കളുടെ രേഖമൂലമുള്ള സമ്മത പത്രത്തോടെ മാത്രമേ കുട്ടികളെ നേരിട്ട് ക്ലാസിൽ പങ്കെടുപ്പിക്കാവൂ. ഹാജർ നിർബന്ധിക്കരുത്. ഇതിന് മാതാപിതാക്കളുടെ സമ്മതം വാങ്ങണം. വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് വേണം ക്ലാസുകൾ പ്രവർത്തിക്കാനെന്നും കേന്ദ്രസർക്കാരിന്റെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂട്ടായ്മകൾക്ക് പരമാവധി നൂറു പേർ എന്ന നിയന്ത്രണത്തിൽ ഇളവ് നൽകിയിട്ടുണ്ട്. അടച്ചിട്ട ഹാളുകളിൽ 200 പേരെ വരെ അനുവദിച്ചു. തുറന്ന ഗ്രൗണ്ടുകളിൽ കൂടുതൽ പേരെ അനുവദിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.