കർണാടകത്തിൽ സ്കൂളുകൾ തിടുക്കത്തിൽ തുറക്കില്ല; വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്തെ സ്‌കൂളുകൾ ഈ അധ്യയനവർഷം തുറന്നു പ്രവർത്തിക്കുന്ന കാര്യത്തിൽ തിടുക്കം കാട്ടില്ലന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ.

കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.

രക്ഷിതാക്കളിൽ വലിയൊരു വിഭാഗവും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നത് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായും രക്ഷിതാക്കളുമായും സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഒക്ടോബർ അഞ്ചിനുശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അതേസമയം, സ്‌കൂളുകൾ തുറക്കാത്തത് ജോലിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ സ്കൂൾ അധ്യാപകർ സർക്കാരിനെ സമീപിച്ചിട്ടുണ്ട്.

സ്‌കൂളുകൾ തുറന്നില്ലെങ്കിൽ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടേണ്ടിവരുന്ന സാഹചര്യമാണുള്ളതെന്ന് മാനേജ്മെന്റുകളും അറിയിച്ചു. നിലവിൽ സ്വകാര്യ സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും ഓൺലൈൻ ക്ലാസുകൾ നടക്കുന്നുണ്ട്.

എന്നാൽ, ഗ്രാമീണമേഖലയിലെ വലിയൊരു വിഭാഗം വിദ്യാർഥികൾക്കും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യങ്ങളില്ലെന്ന് വിദ്യാഭ്യാസ വകുപ്പുതന്നെ കണ്ടെത്തിയിരുന്നു.

അധ്യാപകർ ഗ്രാമങ്ങളിലെത്തി സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ സംഘടിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും പൂർണതോതിൽ നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പിന് കഴിഞ്ഞിട്ടില്ല.

സെപ്റ്റംബർ 21 മുതൽ ഒമ്പതാം ക്ലാസ് മുതൽ 12 -ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്‌കൂളുകളിലെത്തി അധ്യാപകരിൽനിന്ന് സംശയനിവാരണം നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും അവസാന നിമിഷം പിൻവലിച്ചിരുന്നു.

കോവിഡ് വ്യാപിക്കുന്നതിനാൽ കുട്ടികൾ സ്‌കൂളിലെത്തുന്നത് ഉചിതമല്ലെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. രോഗ വ്യാപനം രൂക്ഷമായ മറ്റു സംസ്ഥാനങ്ങൾ കൈക്കൊള്ളുന്ന നടപടികൾകൂടി അധികൃതർ നിരീക്ഷിച്ചുവരുകയാണ്.

ഈവർഷം സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കുന്നതിനു പകരം ഓൺലൈൻ ക്ലാസുകൾക്ക് മുൻഗണന നൽകുമെന്ന് ശിവമോഗ എം.പി. രാഘവേന്ദ്രയും പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.