‘അങ്ങയുടെ പാതയിലാണിനി എന്റെ യാത്ര’; പുൽവാമയിൽ വീരമൃത്യു വരിച്ച ഓഫീസറുടെ ഭാര്യ സൈന്യത്തിൽ

2019 ഫെബ്രുവരി 20 ന് പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് സൈനികരിലൊരാളായിരുന്നു മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാല്‍.

കണ്‍ഗ്രാജുലേഷന്‍സ് ആന്‍ഡ് സെലിബ്രേഷന്‍സ് എന്ന ക്ലിഫ് റിച്ചാര്‍ഡ്‌സിന്റെ പ്രശസ്തഗാനമാണ് പരമേശ്വരം ഡ്രില്‍ സ്‌ക്വയറില്‍ ആ നേരം ബാന്‍ഡ് വാദനത്തില്‍ കേട്ടത്. തന്റെ യൂണിഫോം ചുമലുകളില്‍ നക്ഷത്രങ്ങള്‍ പിന്‍ ചെയ്തു നല്‍കിയ ലെഫ്റ്റനന്റ് ജനറല്‍ വൈ.കെ. ജോഷിയുടെ ചില ചോദ്യങ്ങള്‍ക്ക് ഒന്നോ രണ്ടോ വാക്കുകളില്‍ മറുപടി നല്‍കുന്നതിനപ്പുറം നികിത കൗള്‍ എന്ന യുവതിയില്‍ മറ്റൊരു ചലനവുമുണ്ടായിരുന്നില്ല. പ്രണയത്തിന്റെ അനശ്വരതക്കായി താന്‍ നെഞ്ചിലേറ്റിയ സ്വപ്നം യാഥാര്‍ഥ്യമായിത്തീരുമ്പോള്‍ നികിതയുടെ മനസ്സ് അല്‍പമൊന്നിളകിയത് ലഫ്റ്റനന്റ് ജനറലിന്റെ ‘നിന്നെയോര്‍ത്ത് ഏറെ അഭിമാനിക്കുന്നു’ എന്ന വാക്കുകള്‍ കേട്ടപ്പോഴാണ്.

കാരണം, താനൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ തന്റെ കാതുകളില്‍ വീണ്ടും പ്രതിധ്വനിക്കുന്നതു പോലെയാണ് നികിതയ്ക്ക് തോന്നിയത്. രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പ് ത്രിവര്‍ണപതാക പുതച്ചെത്തിയ പ്രിയതമന് അന്ത്യചുംബനം നല്‍കുമ്പോഴാണ് നികിതയുടെ ചുണ്ടുകള്‍ ആ വാക്കുകള്‍ മന്ത്രിച്ചത്. ‘ഞങ്ങളെല്ലാവരും നിങ്ങളെ സ്‌നേഹിക്കുന്നു, തികച്ചും വ്യത്യസ്തമായാണ് മറ്റുള്ളവര്‍ക്ക് നിങ്ങള്‍ സ്‌നേഹം പകര്‍ന്നത്. ഒരിക്കല്‍ പോലും കണ്ടു മുട്ടിയിട്ടില്ലാത്തവര്‍ക്ക് നിങ്ങള്‍ സ്വന്തം ജീവന്‍ നല്‍കി.ധീരനാണ് നിങ്ങള്‍. നിങ്ങളുടെ ഭാര്യയായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ അവസാനശ്വാസം വരെ ഞാന്‍ നിങ്ങളെ പ്രണയിക്കും, നിങ്ങള്‍ക്കായി എന്റെ ജീവിതം നീക്കി വെക്കും’. അന്ന് തേങ്ങലടക്കി മേജര്‍ വിഭൂതിയുടെ ഭൗതികശരീരത്തിനരികിലിരുന്ന് നികിത പറഞ്ഞു.

വിവാഹം കഴിഞ്ഞ് കഷ്ടിച്ച് ഒരു കൊല്ലം തികയുന്നതിനെയായിരുന്നു നികിതയുടെ ഭര്‍ത്താവ് മേജര്‍ വിഭൂതിയുടെ വീരമൃത്യു. ഏപ്രിലില്‍ വിവാഹവാര്‍ഷികത്തിന് നാട്ടിലെത്താനിരിക്കെയായിരുന്നു ദുരന്തം. എന്നാല്‍ ആ നഷ്ടത്തില്‍ അലമുറയിട്ട് കരയാതെ, രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഭര്‍ത്താവിന്റെ പാത പിന്തുടരാനുള്ള തീരുമാനത്തില്‍ നികിത എത്തിച്ചേര്‍ന്നു. സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നികിത അതുപേക്ഷിച്ച് ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ ചേര്‍ന്നു. 30 വനിതാകേഡറ്റുകള്‍ക്കൊപ്പമാണ് ലെഫ്റ്റനന്റ് നികിത കൗള്‍ 11 മാസത്തെ സൈനികപരിശീലനം പൂര്‍ത്തിയാക്കിയത്. സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡിലാണ് നികിതയ്ക്ക് നിയമനം.

2019 ഫെബ്രുവരി 20 ന് പുല്‍വാമയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാല് സൈനികരിലൊരാളായിരുന്നു മേജര്‍ വിഭൂതി ശങ്കര്‍ ധൗണ്ഡിയാല്‍. അദ്ദേഹത്തെ കൂടാതെ സിപോയ് ഹരി സിങ്, ഹവല്‍ദാര്‍ ഷിയോറാം, സിപോയ് അജയ് കുമാര്‍ എന്നിവരും വിരമൃത്യു വരിച്ചിരുന്നു. അതിന് ഒരാഴ്ച മുമ്പായിരുന്നു 40 സിആര്‍എഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ആക്രമണം നടന്നത്. ആ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനെ പിടികൂടാനുള്ള ശ്രമമാണ് മേജര്‍ വിഭൂതി ഉള്‍പ്പെടെയുള്ളവരുടെ വീരമൃത്യുവിലേക്ക് നയിച്ചത്.

‘എന്റെ യാത്ര ആരംഭിക്കുന്നതേയുള്ളൂ…ഈ യാത്രയില്‍ എന്നോടൊപ്പം നില്‍ക്കുന്ന എന്റെയും ഭര്‍ത്താവിന്റെയും അമ്മമാര്‍, മറ്റുള്ളവര്‍…എന്നില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി. ഒരു സമാന്തരലോകം പോലെയാണ് എനിക്കനുഭവപ്പെടുന്നത്. അദ്ദേഹത്തിന്റെ യാത്ര ഞാന്‍ തുടരുന്നതായാണ് തോന്നുന്നത്. ഇവിടെ എവിടെയോ അദ്ദേഹമുണ്ട്, എന്നെ നോക്കുന്നുണ്ട്, എന്നെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിക്കുന്നുണ്ട്…വിഭൂ, ഞാനങ്ങയെ സ്‌നേഹിക്കുന്നു, സ്‌നേഹിച്ചു കൊണ്ടേയിരിക്കും…’നികിതയുടെ വാക്കുകള്‍. ഈ വാക്കുകള്‍ ഉരുവിടുമ്പോഴും നികിതയുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിഞ്ഞില്ല. തന്റെ ഭര്‍ത്താവിന്റെ വഴിയേ സഞ്ചരിക്കാനുള്ള ദൃഢനിശ്ചയമാവാം നികിതയെ അചഞ്ചലയാക്കുന്നത്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.