കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയിൽ അല്ല എന്ന് ആർക്കും അറിയാവുന്ന സത്യമാണ്; വ്യത്യസ്ത അഭിപ്രായവുമായി ഗീവർഗീസ് മാർ കൂറിലോസ്

ഫേസ്‌ബുക്കിലാണ് ഗീവർഗീസ് മാർ കൂറിലോസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സമ്മിശ്ര പ്രതികരണങ്ങളാണ് ഉളവാക്കിയത്. ഐഎൻഎല്ലും, ലീഗും, സമസ്തയും അടക്കമുള്ള മുസ്ലിം സംഘടനകൾ വിധിയെ ചോദ്യംചെയ്തപ്പോൾ ക്രൈസ്തവ സംഘടനകൾ വിധിയെ സ്വാഗതം ചെയ്യുകയാണ്. അതിനിടെ വ്യത്യസ്താഭിപ്രായവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് രംഗത്തെത്തി. ഫേസ്‌ബുക്കിലാണ് ഗീവർഗീസ് മാർ കൂറിലോസ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. യഥാർത്ഥത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരു പിന്നോക്ക സമൂഹം ആണോ എന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

സത്യം പറയാതെ വയ്യ

യഥാർത്ഥത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഒരു പിന്നോക്ക സമൂഹം ആണോ? പരിവർത്തിത ക്രൈസ്തവരെ ( ദളിത് ക്രൈസ്തവർ, ആദിവാസികൾ, ലത്തീൻ ക്രൈസ്തവർ, നാടാർ സമൂഹം etc ) ഒഴിച്ചുനിർത്തിയാൽ കേരളത്തിലെ മുഖ്യധാരാ ക്രൈസ്തവ സമൂഹം പിന്നോക്കാവസ്ഥയിൽ അല്ല എന്ന് ആർക്കും അറിയാവുന്ന സത്യമാണ്.

വിഭവങ്ങളിലോ അധികാര ഇടങ്ങളിലോ ഒന്നും ദളിതരെ അടുപ്പിക്കാതെ അവരുടെ അവകാശങ്ങളുടെ കാര്യം വരുമ്പോൾ മിക്കവാറും അർത്ഥഗർഭമായ മൗനം പാലിക്കുന്ന മുഖ്യധാരാ സവർണ്ണ ക്രൈസ്തവസഭകൾ ( ഞാൻ ഭാഗമായിരിക്കുന്ന സഭ ഉൾപ്പെടെ) ഇപ്പോൾ ന്യൂനപക്ഷ ( ക്രൈസ്തവ) അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തി സംസാരിക്കുന്നത് കേൾക്കുമ്പോൾ യേശുക്രിസ്തു ചിരിക്കുന്നുണ്ടാവും.

ന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കാനുള്ള സവർണ്ണ ശ്രമങ്ങളുടെ ചതി കുഴിയിൽ വീഴാൻ വെമ്പുന്ന നേതാക്കളോട് ഒന്നേ പറയാനുള്ളൂ, പിടിച്ച് എഴുന്നേൽപ്പിക്കാൻ ആരെങ്കിലും വന്നാൽ അവരുടെ കരങ്ങൾ ഇന്ന് നിങ്ങൾ ഉള്ളിൽ വെറുപ്പ് സൂക്ഷിക്കുന്ന ആളുകളുടെ ആയിരിക്കും എന്ന് മാത്രം ഓർക്കുക. കേരളത്തിന്റെ മതനിരപേക്ഷ സാമൂഹ്യ ശരീരം എത്ര വേഗമാണ് മത വർഗ്ഗീയ ശക്തികൾ വികൃതമാക്കി കൊണ്ടിരിക്കുന്നത്!

അതേസമയം, എല്ലാ ന്യൂനപക്ഷങ്ങൾക്കും അർഹമായ പരിഗണന ലഭിക്കാൻ വിധി സഹായിക്കുമെന്ന് കെസിബിസിയും കേരള കൗൺസിൽ ഓഫ് ചർച്ചസും പറഞ്ഞു. വിധി ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും പദ്ധതികൾ വിഭാവനം ചെയ്തതിലെ പിഴവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയെന്നും കെസിബിസി വക്താവ് പറഞ്ഞു. ജനസംഖ്യാ അനുപാതത്തിലായിരിക്കണം ക്ഷേമപദ്ധതികൾ വിതരണം ചെയ്യേണ്ടതെന്ന ഹൈക്കോടതി നിരീക്ഷണവും സ്വാഗതാർഹമാണ്. ഇത് നീതിയുടെ വിജയമാണെന്നും ന്യൂനപക്ഷ ക്ഷേമത്തിലെ പക്ഷപാത നിലപാടുകൾ തിരുത്താൻ വിധി സഹായിക്കുമെന്നും കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രതികരിച്ചു.

Leave A Reply

Your email address will not be published.