ബാംഗ്ലൂരിൽ എന്ജിനീയറിങ്ങിന് പഠിക്കുന്ന അവൾക്കെങ്ങിനെയാ ഈ സാധാരണക്കാരനായ എന്നെ ഇത്രയധികം ഇഷ്ടപ്പെടുന്നെന്ന് !

1988 ജൂലൈ 8
സമയം ഉച്ചക്ക് 1 മണി…
കൊല്ലം KSRTC ബസ്സ് സ്റ്റാൻഡ്.

കോൺക്രീറ്റ് ബെഞ്ചിൽ ചാരിയിരിക്കുമ്പോൾ വിണ്ട മേൽക്കൂരയുടെ സ്ളാബിന്റെ ഇടയിലൂടെ തോളിൽ വീഴുന്ന കനത്ത തുള്ളികൾ എന്റെ തണുത്തുവിറക്കുന്ന ശരീരത്തെ കട്ടിയില്ലാത്ത വെള്ളഷർട്ടിനുള്ളിലൂടെ പുറത്തുകാണിക്കുന്നുണ്ടായിരുന്നു. ഓരോതുള്ളികൾ വീഴുമ്പോഴും ഞാൻ ഉള്ളിൽ പ്രാകുന്നുണ്ട്… “ശ്ശെ… ഈ നശിച്ച മഴ” !
1:45-നാണ് അവൾ ബസ്സ് സ്റ്റാൻഡിൽ എത്തും എന്ന് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ 1:15… ഇനിയും 30 മിനിറ്റ് കൂടിയുണ്ട്… ക്ഷമ നശിച്ച് ഞാൻ ബെഞ്ചിൽനിന്നെണീറ്റു.
ബസ്സ് സ്റ്റാൻഡിന്റെ പൊട്ടിപ്പൊളിഞ്ഞ ഒതുക്കുകളിൽ കുടപിടിച്ചുനിൽക്കുന്ന ആളുകളുടെ ഇടയിൽക്കൂടെ തലപുറത്തേക്കിട്ട് ഞാൻ നോക്കുന്നുണ്ട്… അവളെങ്ങാനും നേരത്തെ എത്തുന്നുണ്ടോ എന്നറിയാൻ ! അവളിതുപോലെ മുൻപും ചെയ്തിട്ടുണ്ട്. എത്തുന്നസമയം 10-20 മിനിറ്റ് കൂട്ടിപ്പറയും… അന്തംവിട്ട് പുറത്തേക്കെവിടെയെങ്കിലും വായ്നോക്കിയിരിക്കുന്ന എന്റെ അടുത്ത് ഞാനറിയാതെ വന്നിരിക്കും… അശ്രദ്ധനായി ഇരിക്കുന്ന എന്റെ മേലെവിടെങ്കിലും ഒന്നു തട്ടും. അപരിചിതനോടെന്നപോലെ “അയ്യോ… സോറി” എന്ന് പറയും. ഇതൊന്നും ശ്രദ്ധിക്കാതെ “ഏയ്… കുഴപ്പല്ല” എന്നുപറയാൻ ഞാൻ തിരിഞ്ഞു മുഖത്തുനോക്കുമ്പോൾ കുസൃതിമുഖത്തോടെ തിളങ്ങുന്ന കണ്ണുകളുമായി അടുത്തിരിക്കുന്ന അവളെക്കാണാം ! ഈ പെണ്ണിന്റെയൊരുകാര്യം എന്ന്പറഞ്ഞുതുടങ്ങുമ്പോഴേക്കും എന്റെ ഇടത്തേകൈമുട്ടിന്റെ മുകളിലായി കുറച്ചു നുള്ളും വച്ച് തരും !
പലപ്പോഴും ആലോചിച്ചിട്ടുണ്ട്… ബാംഗ്ലൂരിൽ എന്ജിനീയറിങ്ങിന് പഠിക്കുന്ന അവൾക്കെങ്ങിനെയാ ഈ സാധാരണക്കാരനായ എന്നെ ഇത്രയധികം ഇഷ്ടപ്പെടുന്നെന്ന് !
വന്നിറങ്ങിയിട്ടുവേണം അവളെയുംകൂട്ടി സ്ഥിരമായിപ്പോവുന്ന പിള്ളച്ചേട്ടന്റെ ഹോട്ടലിൽ കേറിയിട്ട് ആവിപറക്കുന്ന ചോറും സാമ്പാറും തോരനും പപ്പടവും അച്ചാറും കൂട്ടി നല്ലൊരു തട്ടുതട്ടാൻ. ബാംഗ്ളൂരിൽനിന്നെപ്പോൾവിളിക്കുമ്പോഴും അവളുപറയും, പിള്ളച്ചേട്ടന്റെ കടയിലെ ഊണുകഴിഞ്ഞശേഷം കിട്ടുന്ന പാൽപായസത്തിന്റെ രുചി ലോകത്തെവിടെനിന്നുപായസംകുടിച്ചാലും കിട്ടില്ല എന്ന് ! അതുകൊണ്ടുതന്നെ അവിടെ എപ്പൊ ഊണുകഴിക്കാൻകേറിയാലും പെണ്ണിന്റെ കൊതികണ്ടിട്ട് ഒരു ഗ്ലാസ് പായസത്തിന്റെ കൂടെ ഒന്നൂടെ കൊടുക്കാറുണ്ട് ചേട്ടൻ… അന്യനാട്ടിൽ ഇതൊന്നും കിട്ടില്ലല്ലോ എന്നുപറഞ്ഞിട്ട്.
ദിവാസ്വപ്നങ്ങളുടെ ഇടയിൽനിന്ന് തിരിച്ചുവിളിക്കുന്നപോലെ അന്നേരമത്രയും ഇല്ലാത്ത ശബ്ദവുമായി ഹോണടിച്ച് വാഹനങ്ങൾ കടന്നു പോവുന്നുണ്ട്. അവിടെ കൂടി നിൽക്കുന്ന ആളുകളും തമ്മിൽ ഉറക്കെ എന്തിനെക്കുറിച്ചോ പറയാനും ചിലർ പരക്കം പായാനും തുടങ്ങി. വേണ്ടത്ര രീതിയിൽ അതിൽ ശ്രദ്ധിക്കാതെ മാറിയിരുന്നിരുന്ന ഞാൻ ആംബുലൻസുകളുടെ പരക്കംപാച്ചിൽ കൂടെ കണ്ടപ്പോൾ എന്താണ് കാര്യം എന്നറിയാൻ ഒരാളോട് അന്വേഷിച്ചു…

” ബാംഗ്ളൂരിൽനിന്നു വരുകയായിരുന്ന ട്രെയിൻ അഷ്ടമുടിക്കായലിൽ പാളം തെറ്റിയത്രേ “…

അയാളുടെ മറുപടി കേട്ട് ഒരുനിമിഷം സ്തംഭിച്ചുപോയ ഞാൻ അലമുറയിട്ട് പെരുമഴയത്തേക്കിറങ്ങിയോടി…
എങ്ങോട്ടുപോകണമെന്നറിയാതെ മണ്ണിൽ മുട്ടുകുത്തിയിരുന്നുകരഞ്ഞു…
ആരൊക്കെയോചേർന്ന് എന്നെപിടിച്ചെഴുന്നേല്പിച്ചു… ഞാനും ആ ട്രെയിനിൽ ഒരാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു എന്ന് എങ്ങനെയോ അവരെ അറിയിച്ചപ്പോൾ പെരുമണിലേക്കുപോവുന്ന ഏതോവണ്ടിയിൽ നനഞ്ഞുകുതിർന്ന എന്നെയും കയറ്റിക്കൊണ്ടുപോയി…
അവിടെയെത്തിയ ഞാൻ, കുറച്ചുനേരത്തേക്ക് എന്റെ സിരകളിലെ രക്തപ്രവാഹം നിലച്ചതിനാൽ ഒന്നും ചെയ്യാൻ കഴിയാതെ ആ ദുരന്തഭൂമിയിൽ പകച്ചിരിക്കുകമാത്രമാണ് ചെയ്തത്.
വേണ്ടപ്പെട്ടവരെ തിരഞ്ഞിട്ടുകാണാത്തവരുടേയും മൃതദേഹം പോലും കണ്ടുകിട്ടാത്തവരുടേയും ബന്ധുക്കളുടെ അലമുറയിടലും പൊട്ടിക്കരച്ചിലും എന്നെയും അവിടെ ഓടിക്കൂടിസഹായം ചെയ്യുന്ന നാട്ടുകാരുടെ ഇടയിലേക്ക് തള്ളിവിട്ടു.
തിങ്ങിക്കൂടിയ പലരും പല മുഖങ്ങളും തിരയുന്നതിനിടയിൽ ഞാനും ഒരു മുഖം തിരഞ്ഞുകൊണ്ടേയിരുന്നു…
തിരച്ചിൽ മണിക്കൂറുകൾ കഴിഞ്ഞ് ദിവസങ്ങളായി…
രക്ഷാപ്രവർത്തനവും തിരച്ചിലും കഴിഞ്ഞ് പോലീസും ആളുകളും മടങ്ങുമ്പോൾ എനിക്ക് കാണാൻ കഴിയാതിരുന്ന ആ മുഖം എവിടെയാണെന്നു ഒരു വിങ്ങലായി അവശേഷിച്ച് ഞാനും മടങ്ങുകയായിരുന്നു.

വീണ്ടും ഒരു ജൂലൈ 8…

ഈ കറുത്തദിനത്തിൽ ഇപ്പോഴും അവിടെ പലരും വരാറുണ്ട്… പെരുമൺ സ്മാരകത്തിൽ ഉറ്റവർക്കുവേണ്ടി പുഷ്പങ്ങൾ അർപ്പിക്കാൻ !
അവിടെ കൂടുന്ന ഓരോ ആളുകളുടെയും മുഖത്ത് ഇപ്പോഴും കാണാറുണ്ട്, പ്രിയപ്പെട്ടവരുടെ മുഖം ഒരിക്കൽക്കൂടി കാണാൻ കഴിയാതെ പോയതിന്റെ നിരാശയും സങ്കടവും…

ഒരിക്കൽ എല്ലാവരും വന്നു മടങ്ങിയശേഷം ഞാൻ അവിടെയെത്തി… ഒരുപാടുനേരം തീരത്തെ കാറ്റുകൊണ്ട് കായൽ പരപ്പിലെ ഓളങ്ങളെ എന്റെ നെഞ്ചിലെ ജീവനെ തട്ടിയെടുത്ത ദേഷ്യത്തിൽ നോക്കി നിന്നു…
സന്ധ്യയോടെ അവിടെനിന്ന് തിരിച്ചുവരാൻ തുടങ്ങുമ്പോൾ ആ സ്മാരകത്തിനരികിലെ കാട്ടുചെടിയുടെ കുഞ്ഞുമുള്ളുകളുള്ള ഒരു കൊമ്പ് എന്റെ ഇടത്തേകയ്യിന്റെ മുട്ടിനുമുകളിൽ പതിയെവന്നുതട്ടി…
അവൾ നുള്ളിയിരുന്ന അതേ സ്ഥലത്ത് !
ഒരു ചെറിയ ഞെട്ടലോടെ ഞാൻ തിരിഞ്ഞ് ആ ചെടിയിലേക്കുനോക്കുമ്പോൾ അതിൽ ഒരുപാട് ഭംഗിയുള്ള പൂക്കൾ ഉണ്ടായിരുന്നു…
പൂക്കൾക്ക് എന്തെന്നില്ലാത്ത സുഗന്ധമുണ്ടായിരുന്നു…
ഒന്നുരണ്ടടി നടന്ന് വീണ്ടും തിരിഞ്ഞുനോക്കുമ്പോൾ ആ പൂക്കൾ എന്റെ കണ്ണുനീരിന്റെ നനവിൽ കണ്ണിൽ നിന്ന് അവ്യക്തമായിത്തുടങ്ങിയിരുന്നു…

©️ashok

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.