പാസ്റ്റർ പി ഡി ജോൺസന്റെ ഇളയ സഹോദരി പ്രൊഫസർ റേച്ചൽ ഡാനിയേൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

തിരുവനന്തപുരം: കൊല്ലം ജില്ലയിൽ അടൂർ കടമ്പനാട് ഇടയ്ക്കാട് ബെഥേൽ മഠത്തിൽ പാസ്റ്റർ ഇ.പി. ഡാനിയേൽ – ആലീസ് ദമ്പതികളുടെ ആറു മക്കളിൽ ഏറ്റവും ഇളയ മകളും തിരുവനന്തപുരം പാളയം ബെഥേലിൽ റിട്ടയേർഡ് പ്രൊഫസർ റേച്ചൽ ഡാനിയേൽ (86 വയസ്സ്) ജൂലൈ 6 ബുധനാഴ്ച്ച ഉച്ചയോട് കൂടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

1937 ഒക്ടോബര് 5 ന് ജനിച്ച പ്രൊഫസർ റെയ്‌ച്ചൽ ഡാനിയേൽ, സ്‌കൂൾ വിദ്യാഭ്യാസാനന്തരം തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജിൽ നിന്ന് ബിരുദവും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഗണിത ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അനന്തരം ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലും കൊല്ലം ഫാത്തിമ മാതാ കോളേജിലും ചുരുങ്ങിയ കാലം അദ്ധ്യാപനത്തിൽ പ്രവർത്തിച്ചു. അതെ തുടർന്ന് പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളേജ്, തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് , തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് എന്നിവിടങ്ങളിൽ ഗണിത ശാസ്ത്ര അദ്ധ്യാപികയായും നെടുമങ്ങാട് ഗവണ്മെന്റ് കോളേജിൽ പ്രിൻസിപ്പലായും പ്രവർത്തിച്ചനന്തരം 1993 – ൽ ഔദ്യാഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. തുടർന്നും പല വർഷങ്ങൾ കേരള യൂണിവേഴ്സിറ്റി പരീക്ഷ ബോർഡിൽ അംഗമായി പ്രവർത്തിച്ചിരുന്നു.

1971 -ൽ പ്ലാമ്മൂട്‌ അസ്സെംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപനാരംഭം മുതൽ സൺഡേ സ്‌കൂൾ, വിമൻസ് മിഷനറി കൌൺസിൽ തുടങ്ങി സഭയുടെ വിവിധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനും ശാരീരികമായി പൂർണ ആരോഗ്യം ഉള്ള കാലത്തോളം കുറ്റമറ്റതും മികവുമുള്ള നേതൃത്വം കൊടുക്കുന്നതിനും തനിക്ക് സാധിച്ചിരുന്നു. പുസ്തക-ലേഖന രചനകളോടൊപ്പം അനേകം പുസ്തകങ്ങൾ പരിഭാഷപ്പെടുത്തുന്നതിനും തനിക്കു സാധിച്ചിട്ടുണ്ട്. പ്രത്യേകാൽ ഫുൾ ലൈഫ് സ്റ്റഡി ബൈബിളിന്റെ മലയാള പരിഭാഷയിൽ ഒരു ഗണ്യമായ ഭാഗം തന്റെ സംഭാവനയാണ്. ചില വർഷങ്ങൾക്ക് മുൻപ് എ.ജി. സൺഡേ സ്‌കൂൾ, ദൂതൻ മാസിക, അസ്സെംബ്ലിസ് ഓഫ് ഗോഡ് വേൾഡ് മലയാളീ മീഡിയ അസോസിയേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ, താൻ ക്രൈസ്തവ സാഹിത്യ രംഗത്ത് നൽകിയ രചനകളെ മാനിച്ചു ഫലകങ്ങൾ നൽകി ആദരിച്ചിരുന്നു.

പരേതരായ പാസ്റ്റർ ജോർജ് ഡാനിയേൽ, പാസ്റ്റർ പി. ഡി. ഡാനിയേൽ, പാസ്റ്റർ പി.ഡി. ജോൺസൻ, പി.ഡി. മറിയാമ്മ, പി.ഡി. ഏലിയാമ്മ എന്നിവർ സഹോദരങ്ങളാണ്.

സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.