പവർ വിഷൻ ടി. വി. വീട്ടിലെ സഭായോഗം നൂറാമത് ആഴ്ചയും, പുതിയ പ്രക്ഷേപണ സമുച്ചയത്തിന്റെ പ്രവർത്തനോദ്ഘാടനവും ഫെബ്രുവരി 13 നു.

തിരുവല്ല: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി നിലവിൽ വന്ന നിരോധനാജ്ഞ പ്രകാരം ആരാധനാലയങ്ങൾ അടച്ചിടപ്പെടേണ്ടി വന്നപ്പോൾ ദൈവജനത്തിനു ആത്മീയ കൂട്ടായ്മ അനുഭവവേദ്യമാക്കിയ പവർവിഷൻ ടി.വി.യുടെ “വീട്ടിലെ സഭായോഗം” നൂറിന്റെ നിറവിൽ. മാർച്ച് 22, 2020- ൽ പവർവിഷൻ ടി. വി. ചാനൽ വഴിയായി പ്രാർത്ഥിച്ച് ആരംഭിച്ച ആത്മിക ശുശ്രൂഷ 2022 ഫെബ്രുവരി 13 നു 100 ആഴ്ചകൾ പിന്നിടും. ചാനൽ പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി പണി കഴിപ്പിക്കുന്ന പുതിയ പ്രക്ഷേപണനിലയുടെ പ്രവർത്തനോദ്ഘാടനം അന്നേദിനം രാവിലെ 7:30 നു പവർവിഷൻ ടി.വി. സ്ഥാപക ചെയർമാൻ റവ. ഡോ. കെ. സി. ജോൺ, മാനേജിംഗ് ഡയറക്ടർ റവ. ഡോ. ആർ. ഏബ്രഹാം, മാനേജിംഗ് ഡയറക്ടർ ഡോ. മാത്യൂസ് ചാക്കോ എന്നിവരുടെ സാന്നിദ്ധ്യത്തിലും, പ്രാർത്ഥനയോടും നടത്തപ്പെടും. സർക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു വിശ്വാസികളിൽ കൂട്ടായ്മയുടെ മാധുര്യം പകരുവാനും, പെന്തക്കോസ്ത് വിശ്വാസികൾ അല്ലാത്ത ഇതര ക്രൈസ്തവ-അക്രൈസ്തവ വിഭാഗങ്ങൾക്ക് വചനത്തിന്റെ പ്രകാശനം ചൊരിയുവാനും ഈ നൂറാഴ്ചകൾക്ക് സാധിതമായി. അനുഗ്രഹീത ദൈവദാസന്മാരായ കെ. സി. ജോൺ, ആർ. ഏബ്രഹാം, ബാബു ചെറിയാൻ, രാജു പൂവക്കാല, കെ.സി. ശാമുവേൽ,പ്രിൻസ് തോമസ്, ഷാജി എം. പോൾ, അനീഷ് തോമസ് എന്നിവരുടെ നേതൃത്വവും, വചനശുശ്രൂഷയും വീട്ടിലെ സഭായോഗത്തിന്റെ ഒരു സുപ്രധാന ഭാഗമാണു. തെളിവുള്ള വചനം ശ്രവിക്കുന്നതിനും, സമർപ്പണമുള്ള ഗായക സംഘത്തോടു ചേർന്ന് ആത്മനിറവിൽ പാടി ആരാധിക്കുവാനും വേദി ഒരുക്കുക വഴി ലോക്ക്ഡൗൺ കാലയളവിൽ, വീട്ടിലെ സഭായോഗം വിശ്വാസ ജനത്തിന്റെ ആത്മിക ഉത്തേജനത്തിന്റെ ഭാഗമായി മാറി. സുവിശേഷ പ്രതിജ്ഞാബദ്ധരായ ദൈവദാസന്മാരുടെയും, ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഒരു പറ്റം പിന്നണി പ്രവർത്തകരുടെയും , പ്രാർത്ഥന സഹകാരികളായ പ്രേക്ഷകരുടെയും കൂട്ടായ പ്രയത്ന ഫലമാണു വീട്ടിലെ സഭായോഗം 100 ഞായറാഴ്ചയിലേക്ക് പ്രവേശിക്കുവാൻ ഇടയായത്. വ്യക്തമായ സുവിശേഷ ദർശനത്തോടെ 2005-ൽ പ്രാർത്ഥിച്ചു ആരംഭിച്ച പവർവിഷൻ മീഡിയ മിനിസ്ട്രിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രതിസന്ധികളിൽ പതറാതെ നിർത്തുമാറാക്കിയ ദൈവത്തിന്റെ വിശ്വസ്തതയും മുതൽക്കൂട്ടായി ഉണ്ടായിരുന്നു.

 

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.