ജാര്‍ഖണ്ഡില്‍ ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ തലമൊട്ടയടിച്ചും ജയ് ശ്രീറാം വിളിപ്പിച്ചും ഒരു സംഘത്തിന്റെ അഴിഞ്ഞാട്ടം

റാഞ്ചി: ക്രിസ്തുമത വിശ്വാസികളായ ആദിവാസികളെ തലമൊട്ടയടിച്ചും ജയ ശ്രീറാം വിളിപ്പിച്ചും ഒരു സംഘത്തിന്റെ അഴിഞ്ഞാട്ടം. ജാര്‍ഖണ്ഡിലാണ് സംഭവം. പശുവിനെ അറുത്തുവെന്ന് ആരോപിച്ചാണ് മര്‍ദ്ദനവും ക്രൂരതകളും. ഏഴ് പേരാണ് മര്‍ദ്ദനത്തിന് ഇരയായത്. സെപ്റ്റംബര്‍ 16 ന് നടന്ന സംഭവം പുറത്തറിയുന്നത് വീഡിയോ വൈറലായതോടെയാണ്.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒമ്പത് പ്രതികളില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍ പിടികൂടുമെന്നും സിംദേഗ ജില്ലയിലെ പോലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് അറിയിച്ചു.

സെപ്റ്റംബര്‍ 16 ന് പുലര്‍ച്ചെ 25 ലധികം ആളുകള്‍ വടികളും മറ്റ് ആയുധങ്ങളുമായി ഗ്രാമത്തില്‍ എത്തുകയായിരുന്നെന്നും സമീപ ഗ്രാമത്തിലെ താമസക്കാരായിരുന്നവരാണ് ആക്രമണം നടത്തിയതെന്നും സിംഡെഗയിലെ ഗോത്ര ക്രിസ്ത്യാനിയായ ദീപക് കുളു (26) പറഞ്ഞു.

ദീപക് കുളുവിന്റെ വാക്കുകള്‍;

എന്റെ അയല്‍വാസിയായ രാജ് സിംഗ് കുള്ളുവെന്ന ആളെ സംഘം മര്‍ദ്ദിക്കുന്നതാണ് ആദ്യം കണ്ടത്. കാര്യമെന്താണെന്ന് അന്വേഷിച്ചപ്പോള്‍ ഞങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും ഞങ്ങള്‍ പശുവിനെ അറുക്കുന്നതായി അവര്‍ ആരോപിക്കുകയും ചെയ്തു. ഞങ്ങള്‍ ആരും പശുക്കളെ കൊന്നിട്ടില്ലെന്ന് ആവര്‍ത്തിച്ചെങ്കിലും അവര്‍ അത് ചെവിക്കൊണ്ടില്ല.

ഞങ്ങളുടെ ഗ്രാമത്തില്‍ പശുക്കളെ അറുക്കുന്നത് കണ്ടതായി അയല്‍ ഗ്രാമത്തിലെ ഒരാള്‍ പറയുന്ന ഒരു വ്യാജ വീഡിയോ അവര്‍ ഞങ്ങളെ കാണിച്ചു തന്നു. ശേഷം തന്നെയും ക്രിസ്ത്യന്‍ ഗോത്രവിഭാഗത്തില്‍പ്പട്ട അഞ്ച് പേരെയും അര കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. അവിടെ വെച്ച് ഞങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയും ”ജയ് ശ്രീ റാം” എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അവിടെ ഒരു മരത്തിനടിയില്‍ ഞങ്ങളെ പിടിച്ചിരുത്തി തല മൊട്ടയടിക്കുകയും ചെയ്തു. തുടര്‍ന്ന് ഗോവധം ആരോപിച്ച് അക്രമികള്‍ തന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് എത്തി ഞങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.