പ്രിയ ജോൺസൻ അച്ചായന് പ്രത്യാശയോടെ വിട; ഹരിപ്പാട് റോഷൻ
എപ്പോൾ നേരിട്ട് കണ്ടാലും സമയം എടുത്തു ഉപദേശിക്കുമായിരുന്നു. "നീ ദൈവീക ശുശ്രൂഷ ചെയ്യേണ്ടവൻ ആണ്. നീ ഉഴപ്പിയാൽ ദൈവം നിന്നെ അടിക്കും" തന്റെ ഈ വാക്കുകൾ പലപ്പോഴും എന്നെ ഭയപ്പെടുത്തിയിട്ടുണ്ട് കാരണം ആ ശബ്ദം അഭിഷേകം നിറഞ്ഞതായിരുന്നു. പെന്തകൊസ്തിൽ ജനിച്ചു വളർന്നത് കൊണ്ടു തന്നെ പലപ്പോഴും പ്രവചനശുശ്രൂഷ ചെയ്യുന്നവരോട് എനിക്ക് വളരെ പുശ്ചമായിരുന്നു. എന്നാൽ ഈ തലമുറയിൽ ഇത്ര കൃത്യമായി പ്രവചനാത്മാവിൽ സംസാരിക്കുന്ന ഒരു അഭിഷക്തനെ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല

പ്രിയ ജോൺസൻ അച്ചായന് പ്രത്യാശയോടെ വിട
2004 ൽ ആണ് ഞാൻ നഴ്സിംഗ് പഠനത്തിനായി ബാംഗ്ലൂരിൽ എത്തുന്നത്. ചുരുങ്ങിയ മാസങ്ങൾക്കിടയിൽതന്നെ, തികച്ചും യാദൃശ്ചികമായി പാസ്റ്റർ ജോൺ സാമുവേൽ ശുശ്രൂഷിക്കുന്ന കാമക്ഷിപാളയയിൽ ഉള്ള ശിലോഹാം ചർച്ചുമായി ബന്ധപ്പെടുവാൻ ഇടയായി. അദ്ദേഹം മുഖേനയാണ് പ്രിയ ജോൺസൻ അച്ചായനെ പരിചയപ്പെടുന്നത്. കണ്ട നാൾ മുതൽ ഒരു പ്രത്യേക ആത്മീയസ്നേഹം പ്രിയ കർത്തൃദാസനുമായി നിലനിർത്തുവാൻ കർത്താവു സഹായിച്ചു.
ഞാൻ ഒരു പാസ്റ്ററുടെ മകൻ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ അദ്ദേഹം എന്നെ കൂടുതൽ സ്നേഹിക്കുവാനും കരുതുവാനും തുടങ്ങി. പാട്ടു പാടുന്നവരോട് അദ്ദേഹത്തിന് ഒരു പ്രത്യേക വാത്സല്യമുണ്ടായിരുന്നു. ബാനസവാടി ചർച്ചിൽ ഏതു മീറ്റിംഗിന് ചെന്നാലും എന്നെകൊണ്ട് ഒരു പാട്ടെങ്കിലും പാടിക്കും. തരുന്ന അവസരങ്ങൾ നിഷേധിക്കുന്നത് അദ്ദേഹത്തിന് തീരെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഞാൻ ചെയ്ത സമയങ്ങളിൽ എന്നെ വഴക്ക് പറയുവാനും ചെവിക്കു പിടിക്കുവാനും മീറ്റിംഗ് കഴിയും വരെ കാത്തു നിൽക്കുന്ന സ്വഭാവം തനിക്കില്ലായിരുന്നു.
എപ്പോൾ നേരിട്ട് കണ്ടാലും സമയം എടുത്തു ഉപദേശിക്കുമായിരുന്നു. “നീ ദൈവീക ശുശ്രൂഷ ചെയ്യേണ്ടവൻ ആണ്. നീ ഉഴപ്പിയാൽ ദൈവം നിന്നെ അടിക്കും” തന്റെ ഈ വാക്കുകൾ പലപ്പോഴും എന്നെ ഭയപ്പെടുത്തിയിട്ടുണ്ട് കാരണം ആ ശബ്ദം അഭിഷേകം നിറഞ്ഞതായിരുന്നു. പെന്തകൊസ്തിൽ ജനിച്ചു വളർന്നത് കൊണ്ടു തന്നെ പലപ്പോഴും പ്രവചനശുശ്രൂഷ ചെയ്യുന്നവരോട് എനിക്ക് വളരെ പുശ്ചമായിരുന്നു. എന്നാൽ ഈ തലമുറയിൽ ഇത്ര കൃത്യമായി പ്രവചനാത്മാവിൽ സംസാരിക്കുന്ന ഒരു അഭിഷക്തനെ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. ഒരിക്കൽ തന്റെ ബാനസവാടിയിലുള്ള ഭവനത്തിൽ വച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ ജീവിതത്തിലെ ഒരു പഴയകാല സംഭവം പരിശുദ്ധാത്മാവ് വെളിപ്പെടുത്തി. പക്ഷെ ആ വിഷയം അംഗീകരിക്കാൻ ഞാൻ തയ്യാറായില്ല. എന്നാൽ ആണ്ടും മാസവും സഹിതം വ്യക്തമായ തെളിവുകളോടെ പരിശുദ്ധാത്മാവിൽ നിറഞ്ഞു താൻ സംസാരിച്ചപ്പോൾ കണ്ണുനീരോടെ ആ ദൈവശബ്ദത്തിന് മുന്നിൽ അടിയറവു പറയേണ്ടി വന്നു. ഈ അനുഭവം പരിശുദ്ധാത്മ കൃപവരങ്ങളിലുള്ള ആഴമേറിയ വിശ്വാസത്തിലേക്ക് എന്നെ നയിച്ചു. ഒരു പക്ഷെ ഇതുപോലെയുള്ള അനേക അനുഭവങ്ങൾ തന്നോട് അടുത്തു ഇടപെട്ടിട്ടുള്ള ദൈവമക്കൾക്കു പങ്കുവയ്ക്കുവാൻ ഉണ്ടാകും.
എന്റെ പിതാവിന്റെ രോഗക്കിടക്കയിൽ പ്രിയ കർത്തൃദാസൻ മിക്കപ്പോഴും വിളിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഞങ്ങൾ ആത്മീയ ജീവിതത്തിൽ ക്ഷീണിച്ചുപോയ പല സന്ദർഭങ്ങളിലും വിശ്വാസത്തിന്റെ വാക്കുകളാൽ ധൈര്യം പകർന്നു. ഒരു പ്രാവശ്യം ഞങ്ങളുടെ ഹരിപ്പാടുള്ള ഭവനത്തിൽ താൻ കുടുംബസമേതം കടന്നുവന്നു പ്രാർത്ഥനയ്ക്കായി ചില മണിക്കൂറുകൾ ചിലവിട്ടത് ഈ തരണത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
വിവിധ ഭാഷക്കാരായ തന്റെ സഹശുശ്രൂഷകന്മാരെയും വിശ്വാസിസമൂഹത്തെയും ഒരു കുടക്കീഴിൽ ചേർത്തു നിർത്തുവാനുള്ള പ്രിയ കർത്തൃദാസന്റെ നിസ്തുല്യമായ നേതൃപാടവമാണ് ബാംഗ്ലൂർ നഗരത്തിൽ ശിലോഹാം ചർച്ച് ഈ വിധത്തിൽ ഉയർന്ന് വരുവാൻ കാരണമായത്. തന്റെ നിലപാടുകൾ എപ്പോഴും വളരെ ശക്തമേറിയവ ആയിരുന്നു. പ്രത്യേകിച്ച് ആത്മീയ ശുശ്രൂഷയുടെ കാര്യങ്ങളിൽ ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചകൾക്കും തയ്യാറാകില്ല. തെറ്റ് കണ്ടാൽ ആരെയും മുഖം നോക്കാതെ കർശനമായി ശാസിക്കുകയും, അടുത്ത നിമിഷം തന്നെ എല്ലാം മറന്നു ദൈവസ്നേഹത്തിൽ കരുതുകയും ചെയ്യുന്ന അനുഗ്രഹീത സ്വഭാവത്തിനുടമ. വളരെ ചിട്ടയോടെയുള്ള ജീവിതരീതിയും ദൈവവചനത്തിലുള്ള ആഴമേറിയ ജ്ഞാനവും നിരന്തരമായ ഉപവാസവും പ്രാർത്ഥനാജീവിതവുമാണ് തന്നെ വ്യത്യസ്തനാക്കിയത്. കാൽനൂറ്റാണ്ടിലധികം കർണാടകയുടെ മണ്ണിൽ തന്റെ നല്ല യൗവനത്തിന്റെ രക്തവും വിയർപ്പും ഒഴുക്കി, ഇന്ന് താൻ വിടപറയുമ്പോൾ അത് ശിലോഹാം പ്രസ്ഥാനത്തിന്റെ നേതൃത്വത്തിന് നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്.
തികച്ചും മാതൃകപരമായ ഒരു കുടുംബജീവിതമായിരുന്നു പ്രിയ ദൈവദാസന്റേത്. തന്റെ കുടുംബം തനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. ആത്മീയ ശുശ്രൂഷകളിൽ പോലും പ്രിയ ആന്റിയെയും മക്കളെയും ഒരുപോലെ പങ്കാളികൾ ആക്കുന്നത് വളരെ ശ്രദ്ധേയമായിരുന്നു. വാത്സല്യമുള്ള ഒരു പിതാവായിരുന്നു. നമ്മുടെ ഏതവസ്ഥയിലും മതിയായവനായ കർത്താവിലുള്ള ആഴമേറിയ വിശ്വാസം അവരിൽ പകർന്നു കൊടുക്കാനും താൻ മറന്നില്ല. പിതാവിന്റെ വിയോഗം കൊണ്ടു ദൈവീക ശുശ്രൂഷ അവസാനിക്കില്ല. നാളെയുടെ ദിനങ്ങളിൽ പ്രിയ തലമുറകളെ സ്വർഗ്ഗത്തിലെ ദൈവം തന്റെ രാജ്യത്തിന്റെ വ്യാപ്തിക്കായി ശക്തമായി ഉപയോഗിക്കും. സർവ്വാശ്വാസത്തിന്റെ ഉടയവനായ ദൈവം അവരെ ആശ്വസിപ്പിക്കട്ടെ.
കർത്തൃസന്നിധിയിൽ ചേർക്കപ്പെടുന്നതിനു രണ്ടു ദിവസം മുൻപ് ഞങ്ങൾ വിഡിയോ കോളിൽ സംസാരിക്കുമ്പോൾ താൻ രോഗാവസ്ഥയിൽ വളരെ ക്ഷീണിതനായിരുന്നു. കഠിനമായ ആ വേദനയിലും “മക്കളേ” എന്നുള്ള വിളി കേട്ടപ്പോൾ തുടർന്ന് സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. പ്രിയ അച്ചായൻ ഇനി നമ്മോടൊപ്പം ഇല്ല എന്നുള്ളത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. രോഗക്കിടക്കയിൽ ആകുന്നതിനു തൊട്ടു മുൻപുള്ള ആ നിമിഷം വരെയും ആരോഗ്യത്തോടെ യേശു കർത്താവിനു വേണ്ടി ശക്തമായി നിലകൊണ്ട ആ വലിയ മനുഷ്യന്റെ ഒരിക്കലും മറക്കാത്ത ഓർമകൾക്ക് മുൻപിൽ ബാഷ്പാജ്ഞലികൾ. കർത്താവ് തന്റെ ഗംഭീര നാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും കൂടി തന്റെ വിശുദ്ധന്മാരെ ചേർക്കാൻ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുന്ന ആ പൊൻപുലരിയിൽ ക്രിസ്തുവിൽ മരിച്ച വിശുദ്ധന്മാർ ഉയിർക്കുമ്പോൾ തേജസ്സുള്ള ശരീരത്തോടെ പ്രിയ ദൈവദാസനെ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ വിട പറയുന്നു..
ഹരിപ്പാട് റോഷൻ
