പാസ്റ്റർ ഡോ. കെ.വി ജോൺസൺ ‘വിട്ട് പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ’; അനുസ്മരണം, പാസ്റ്റർ ജെസ്റ്റിൻ കോശി ബാംഗ്ലൂർ
ഉടയവൻ ഏല്‍പ്പിച്ച വേല തികച്ച് അൻപത്തി അഞ്ചാം വയസ്സിൽ നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ ജോൺസൺ, നീണ്ട ഇരുപത്തി അഞ്ചിൽ പരം വർഷങ്ങൾ കർണാടകയുടെ മണ്ണിൽ സുവിശേഷ വേല ചെയ്തു. അനേകരെ കർത്താവിങ്കലേക്ക് നയിക്കുവാനും വിവിധ സഭകൾ സ്ഥാപിക്കുവാനും ദൈവം ഉപയോഗിച്ച ഈ അഭിഷക്തൻ ഈ തലമുറ കണ്ട ശക്തനായ ഒരു പ്രവാചകൻ ആയിരുന്നു.
‘വിട്ട് പിരിഞ്ഞ് ക്രിസ്തുവിനോട് കൂടെ’
പാസ്റ്റർ ഡോ. കെ.വി ജോൺസൺ നിത്യതയിൽ പ്രവേശിച്ചു എന്ന വാർത്ത വളരെ ദുഃഖത്തോടെയാണ് കേട്ടത്. പ്രിയ ദൈവദാസൻ വിട്ട് പിരിഞ്ഞു എന്ന യാഥാർഥ്യം ഉൾക്കൊള്ളുവാൻ ഞങ്ങൾക്ക് കുടുംബമായും സഭയായും കഴിയുന്നില്ല. ഈ കഴിഞ്ഞ രണ്ടാഴ്ച്ച പ്രിയ അച്ചായൻ ശാരീരികമായ് സൗഖ്യമില്ലാതെ ആയി എങ്കിലും ഒരു മടങ്ങിവരവ് ഞങ്ങൾ പ്രതീക്ഷിച്ചു, എന്നാൽ ദൈവത്തിൻ്റെ ഇഷ്ടം മറ്റൊന്നായിരുന്നു.
വ്യക്തിപരമായും ഞങ്ങൾക്ക് കുടുംബമായും പ്രിയദൈവദാസനും കുടുംബവും ഒരനുഗ്രഹമായിരുന്നു. ദീർഘവർഷങ്ങളായുള്ള സ്നേഹബന്ധം ഉണ്ട് എങ്കിലും ഞങ്ങൾ ഒരുമിച്ചുള്ള സഭാപ്രവർത്തനം ആരംഭിച്ചതു മുതൽ ആ ബന്ധം ഒന്നുകൂടെ ദൃഡമാകുവാൻ ഇടയായി.
ഞങ്ങളുടെ ആത്മീയ ജീവിതത്തിൽ പലവിധ എതിർപ്പുകളും പ്രശ്നങ്ങളും ഞങ്ങൾ നേരിട്ടപ്പോൾ സത്യം മനസ്സിലാക്കി ഞങ്ങളെ ഉൾക്കൊണ്ട് കൂടെ നിർത്തിയ ദൈവഭൃത്യനായിരുന്നു പാസ്റ്റർ ജോൺസൺ. ഒരുമിച്ചുള്ള ഏതൊരു ശുശ്രൂഷകളിലും എന്നെ അനുജൻ എന്ന് താൻ സംബോധന ചെയ്യുമായിരുന്നു.
‘പാസ്റ്റർ ജെസ്റ്റിൻ’ എന്നാണ് സാധാരണ വിളിക്കുന്നത് എങ്കിലും, തിരുത്തുമ്പോഴും ഉപദേശിക്കുമ്പോഴും ‘മോനെ’ എന്ന് മാത്രം വിളിച്ച് ആ ജ്യേഷ്ഠസഹോദര സ്നേഹം ഉറപ്പിക്കുന്ന വ്യക്തിത്വം.
വ്യക്തി ജീവിതത്തിലും ആത്മീയ കാര്യങ്ങളിലും കർക്കശക്കാരൻ ആയിരുന്നു എങ്കിലും തൻ്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. പ്രിയ ദൈവദാസന്റെ തുടർമാനമായ ഉപവാസവും പ്രാർത്ഥനജീവിതവും ഞങ്ങളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ദീർഘദൂര മിഷൻ യാത്രകളിൽ, വാഹനത്തിൽ യാത്ര തുടങ്ങുന്ന നിമിഷം മുതൽ അനാവശ്യ സംസാരങ്ങൾ ഒഴിവാക്കി പ്രാർത്ഥനയിൽ തുടരുന്നതും മറ്റുള്ളവരെ പ്രാർത്ഥിക്കാൻ ഉത്സാഹിപ്പിക്കുന്നതും എടുത്തു പറയണ്ടതാണ്.
നിത്യതയിൽ പ്രവേശിക്കുന്നതിന് 2 ദിവസം മുമ്പ് വിഡിയോ കോളിൽ ഞങ്ങൾ കുടുംബമായ് കാണുകയും പ്രാർത്ഥിക്കുകയും ചെയ്തു. ആ സമയത്തും വളരെ വാത്സ്യല്യത്തോടെ എന്നെയും എൻ്റെ ഇളയ മകനെയും ‘മോനെ… മക്കളെ’ എന്ന് വിളിച്ചത് ഞങ്ങൾ എന്നും ഓർക്കും അച്ചാ…
കഴിഞ്ഞ 2020 നവംബറിൽ നടന്ന ശലോഹാം വാർഷിക കൺവൻഷന് ഞങ്ങളെ കുടുംബമായ് ഞയറാഴ്ച്ചത്തെ പൊതുസഭായോഗത്തിന് ഗാനശുശൂഷയ്ക്ക് നേതൃത്വം നല്കാൻ ഏല്‍പ്പിച്ചത് ഒരു നിയോഗമായ് കരുതുന്നു. എൻ്റെ രണ്ട് കുഞ്ഞുങ്ങളെയും അച്ചാൻ ക്വയറിന് പ്രത്യേകം ഉൾക്കൊള്ളിച്ചത് നന്ദിയോടെ ഓർക്കുന്നു. പാസ്റ്റർ ജോൺസൻ്റെ ആയുസ്സിൽ ശീലോഹാം മിനിസ്ട്രിയുടെ അവസാന വാർഷിക കൺവൻഷൻ ആയിരുന്നു അത്.
ഉടയവൻ ഏല്‍പ്പിച്ച വേല തികച്ച് അൻപത്തി അഞ്ചാം വയസ്സിൽ നിത്യതയിൽ പ്രവേശിച്ച പാസ്റ്റർ ജോൺസൺ, നീണ്ട ഇരുപത്തി അഞ്ചിൽ പരം വർഷങ്ങൾ കർണാടകയുടെ മണ്ണിൽ സുവിശേഷ വേല ചെയ്തു. അനേകരെ കർത്താവിങ്കലേക്ക് നയിക്കുവാനും വിവിധ സഭകൾ സ്ഥാപിക്കുവാനും ദൈവം ഉപയോഗിച്ച ഈ അഭിഷക്തൻ ഈ തലമുറ കണ്ട ശക്തനായ ഒരു പ്രവാചകൻ ആയിരുന്നു.
കൊല്ലം ജില്ലയിൽ കുന്നത്തൂരിൽ ഗ്രേയ്സ് കോട്ടേജിൽ പരേതനായ കെ കെ വർഗീസ് – ചിന്നമ്മ ദമ്പതികളുടെ ആറാമത്തെ മകനാണ്.
നെഹെമ്യാവിന്റെ പുസ്തകം ഒരു പഠനം, ദാനിയേൽ പ്രവചനം എന്നീ പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവാണ്. വേദവിദ്യാർത്ഥികർക്കായുള്ള വെളിപ്പാട് പുസ്തക പഠനം എന്ന ഗ്രന്ഥത്തിൻ്റെ അന്തിമഘട്ട പണിപുരയിൽ ആയിരുന്നു പാസ്റ്റർ ജോൺസൺ.
കർണാടക യുണൈറ്റഡ് പെന്തെക്കൊസ്ത് ഫെലോഷിപ്പ് ( കെ യു .പി .എഫ്) സെക്രട്ടറിയായ ഡോ. ജോൺസൺ സുവിശേഷ പ്രവർത്തനത്തൊടൊപ്പം സാമൂഹിക സേവന രംഗത്തും ഉത്സാഹിയായിരുന്നു.
കുറച്ചു കാലം ആണെങ്കിലും പ്രിയ ദൈവദാസൻ്റെ കൂടെ ആത്മീയകൂട്ടായ്മയിൽ ഒരുമിച്ച് നില്ക്കാൻ കഴിഞ്ഞത് നന്ദിയോടെ ഓർക്കുന്നു. ഞങ്ങളോട് കാണിച്ച സ്നേഹത്തിന് ഒത്തിരി നന്ദി. ഗിൽഗാൽ മിനിസ്ട്രീസിനോടും ദൈവദാസന്മാരോടും ദൈവജനത്തോടും പങ്ക് വച്ച ദൈവീക സന്ദേശങ്ങൾക്കും പ്രാർത്ഥനയ്ക്കും കരുതലിനും ഒരായിരം നന്ദി.
ജ്യോതി ആൻ്റിയെയും, ജെമിയെയും, ജോനാഥാനെയും ദൈവം ആശ്വസിപ്പിക്കട്ടെ. ആത്മീയ ശുശ്രുഷകൾ ശക്തമായ് തുടരുവാൻ അഭിഷിക്തൻമാരെ ദൈവം എഴുനേല്പിക്കട്ടെ.
നിത്യതയിൽ വീണ്ടും കാണാം എന്ന വലിയ പ്രത്യാശയോടെ വിട !
പാസ്റ്റർ ജെസ്റ്റിൻ കോശി
ഗിൽഗാൽ ഗ്ലോബൽ മിനിസ്ട്രീസ് & ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്റർ, ബാംഗ്ലൂർ