ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു; കർണാടകയിൽ നിന്നുള്ള രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം
ദില്ലി: രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അറുപത്തിയാറും നാല്പത്തിയാറും വയസ്സുള്ള പുരുഷന്മാരിലാണ് രോഗം സ്ഥിരീകരിച്ചത്.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ഇവർക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഡെൽറ്റ വകഭേദമല്ലെന്ന് തിരിച്ചറിഞ്ഞതോടെ തുടർന്ന് നടത്തിയ ജീനോം പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഇവരുമായി സമ്പർക്കത്തിലുള്ളവർ നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ പരിശോധനയും ജീനോം പരിശോധനയും വർദ്ധിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം അധികാരികൾക്ക് നിർദ്ദേശം നൽകി.