സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരും; മന്ത്രി സജി ചെറിയാന്‍
സീരിയലുകള്‍ക്ക് കേരളത്തില്‍ സെന്‍സറിംഗ് കൊണ്ടുവരുന്നത് ഗൗരവമായി തന്നെ പരിഗണിക്കുന്ന വിഷയമാണെന്ന് മന്ത്രി സജി ചെറിയാന്‍. സീരിയിലുകളുടെ ഉള്ളടക്കങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചു. സ്ത്രീകളും കുട്ടികളും അടക്കം കാണുന്നവയാണ് സീരിയല്‍. ഇതില്‍ അശാസ്ത്രീയവും അന്ധവിശ്വാസപരവുമായ പുരോഗമന വിരുദ്ധവുമായ ഒരുപാട് കാര്യങ്ങള്‍ വരുന്നതുണ്ട്. അവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമിടുന്നത്. മറ്റ് പ്രസിദ്ധീകരണങ്ങള്‍ പോലെയാണ് ഇവയും. അതിനായി സാംസ്‌കാരിക മേഖലയില്‍ നയം രൂപീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ പുരോഗതിക്ക് പുതിയ മുഖം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. അതേസമയം ഫിഷറീസ് വകുപ്പ് കിട്ടിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തീരദേശ സംരക്ഷണത്തിനായി വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലും തീരസുരക്ഷ കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ പഠിക്കും. അതിനനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കും. പല നിര്‍ദേശങ്ങളും ഇതിനോടകം വന്നിട്ടുണ്ട്. അതില്‍ ചെലവുകുറഞ്ഞ, എന്നാല്‍ ഏറ്റവും മികച്ച കാര്യങ്ങള്‍ തന്നെ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.താനൊരിക്കലും ഓഫീസിലിരുന്ന് തത്വം പറയാന്‍ വന്നതല്ല. തീരദേശത്ത് പോയി പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പല നിലപാടുകളും കേരളത്തിന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ്. കേരളത്തിലെ തീരദേശ മേഖലയില്‍ ഇന്നത്തെ അവസ്ഥ മനസ്സിലാക്കി കേന്ദ്രത്തിന്റെ പിന്തുണയോടെ സംരക്ഷണം ഉറപ്പാക്കാനാണ് ശ്രമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇക്കാര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്ത് ചിലയിടത്ത് പുലിമുട്ട് ഉണ്ടെങ്കിലേ തീരം സംരക്ഷിക്കാനാവൂ, എത്ര പുലിമുട്ട് വേണെന്ന കാര്യം ആലോചിച്ച് തീരുമാനമിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.