ജോളി അല്ല തെറ്റുകാരി !
ലേഖനം, ജസ്റ്റിൻ ജോർജ്ജ് കായംകുളം
ഞാൻ ഈ തലക്കെട്ട് കൊടുക്കുമ്പോൾ നിങ്ങൾ ഒരു പക്ഷേ തെറ്റിദ്ധരിച്ചേക്കാം. നമ്മുടെ കൂടെ എപ്പോഴും ഒരു ജോളി ഉണ്ട്. കേരളത്തിൽ കുറച്ച് നാളുകൾക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് ഈ എഴുത്തിന് ആധാരം.
നമ്മെ സ്നേഹിക്കുന്നു എന്ന് കാട്ടി ചിരിച്ച മുഖത്തോടെ നമ്മെ പുകഴ്ത്തി മുഖസ്തുതി പറഞ്ഞു,വികാര വിചാര ഭാവങ്ങളെ അമർത്തി ചുണ്ടിൽ ചെറിയ പുഞ്ചിരിയുമായി നിലനിൽപ്പിനായി ചെറു കള്ളങ്ങൾ പറഞ്ഞു ജീവിതയാഥാർത്ഥ്യങ്ങളെ നമുക്ക് ബോധ്യപ്പെടുത്താതെ ഭാവപ്രകടനങ്ങളിൽ മാത്രം വിശ്വസിക്കുന്നവർ.
പുറമേ ചിരിച്ചു കാണിക്കുകയും, മധുരഭാഷണം കൊണ്ട് നമ്മെ സന്തോഷിപ്പിക്കുകയും, തെറ്റുകളെ ചൂണ്ടിക്കാണിക്കാതെ മൗനം ഭജിക്കുകയും, പറയേണ്ട കാര്യങ്ങൾ പറയേണ്ട ഇടത്ത് പറയാതിരിക്കുകയും, ആളുകൾക്ക് എന്നോടുള്ള സ്നേഹം പോകുമോ എന്ന് ചിന്തിച്ച് തെറ്റുകളെ ചൂണ്ടിക്കാണിക്കാതെ ഇരിക്കുകയും ചെയ്യുന്ന വ്യക്തികളെ പലപ്പോഴും നമ്മുടെ സമൂഹം എന്നും കൂടെ നിർത്താനും അവരോട് വിധേയത്വം പുലർത്തുവാനും വെമ്പൽകൊള്ളുന്ന ഒരു പ്രവണതയുണ്ട്.
ആ പ്രവണതകൾക്ക് മുമ്പിൽ അല്പ നേരത്തെ സന്തോഷം ഒരുപക്ഷേ നമുക്ക് ലഭിക്കുമെങ്കിലും
മനസ്സിന്റെ അകത്ത് രൂപം കൊണ്ടിരിക്കുന്ന വികാര വിചാര ഭാവങ്ങൾ ഒരുപക്ഷേ ഒരു ‘ജോളിയുടെ’ ആയിരിക്കാം
ആട്ടിൻ സൂപ്പിൽ സയനൈഡ് എന്ന വിഷം നൽകി കൊടുത്തതിനേക്കാൾ അപ്പുറമായി
അളന്നും കുറിച്ചുള്ള ചെറു കള്ളങ്ങളിൽ കൂടെ ചെറു പുകഴ്ത്തലുകളിൽ കൂടെ മാരകമായ വിഷം അവർ നമ്മിലേക്ക് പകർന്നു നൽകുകയാണ്.
നമ്മുടെ സമൂഹത്തിന് മാറ്റമുണ്ടാകണം കുടുംബങ്ങളിൽ കലാലയങ്ങളിൽ ആരാധനാലയങ്ങളിൽ സമൂഹത്തിൽ സംഘടനകളിൽ സമസ്ത മേഖലകളിലും
നാമറിയാതെ വളർന്നുകൊണ്ടിരിക്കുന്ന ജോളി മാരെ നാം തിരിച്ചറിയണം യാഥാർത്ഥ്യങ്ങളുടെ ലോകത്ത് ജീവിക്കുവാൻ നാം തയ്യാറാകണം
തെറ്റ് തെറ്റാണെന്ന് പറയുന്നവരെ അംഗീകരിക്കാൻ നന്മയിലേക്ക് കൈപിടിച്ചുയർത്തുന്നവനെ സ്നേഹിക്കാൻ സ്നേഹത്തിൻറെ വിമർശനങ്ങൾ നമ്മോട് കൈമാറുന്ന വരെ ചേർത്തു പിടിക്കാൻ ഒരുപക്ഷേ നമ്മെ വേദനിപ്പിക്കുന്ന നിലയിൽ അവർ തെറ്റുകൾ ചൂണ്ടി കാണിച്ചേക്കാം.
അവിടെ അവരെ വിശ്വസിക്കാൻ നമുക്ക് സാധിക്കട്ടെ നമ്മുടെ ചുറ്റുമുള്ള അനേകം ജോളി മാരെ തിരിച്ചറിയാൻ നമുക്ക് കഴിയുമ്പോഴാണ് നാം ഈ പാപത്തിന്റെ കൂട്ടായ്മയിൽനിന്ന് വ്യത്യസ്തപ്പെടുന്നത്.
ജോളിയുടെ സ്വഭാവം ആ കുടുംബത്തിലുള്ളവർ ഒന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ, അവളെ ഒന്ന് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ, ശ്രദ്ധയോടെ ഓരോ നീക്കങ്ങളും സംസാരവും ശ്രമിച്ചിരുന്നെങ്കിൽ ഈ ആപത്തിൽ നിന്ന് രക്ഷപ്പെട്ടേനെ.
നമ്മുടെ ഇടയിലുള്ള ജോളി മാരെ തിരിച്ചറിയാൻ നമുക്ക് കഴിയട്ടെ വ്യക്തികളെ പഠിക്കുവാൻ അവരെ മനസ്സിലാക്കുവാൻ നമുക്ക് കഴിയട്ടെ. യാഥാർത്ഥ്യ ബോധത്തിന് ഊന്നൽ കൊടുത്തുള്ള ഒരു നല്ല ജീവിതം കാഴ്ചവെച്ചു നല്ലൊരു സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കണം.