ദൗത്യത്തിനായി എഴുന്നേൽക്കുക; ഷീലാ ദാസ്, കീഴൂർ
ദൈവം വെച്ചിരിക്കുന്ന താത്ക്കാലിക യജമാനമാരുടെ അധികാരപരിധിയിൽ ഒതുങ്ങുമ്പോൾ തന്നെ, ക്രിസ്തുവിനെ ഭയപ്പെട്ടും പൂർണമായി അനുസരിച്ചും കൊണ്ട് പരിജ്ഞാനത്തോടെ ശുശ്രൂഷിക്കുന്ന ദൈവദാസിമാരെ ഈ കാലഘട്ടത്തിനു ആവശ്യം ഉണ്ട്.
വേദപുസ്തക കാലഘട്ടത്തിലും ചരിത്രത്തിലും സ്ത്രീ ഒരു വില കുറഞ്ഞ വസ്തുവായി കാണപ്പെട്ട സ്ഥാനത്തു നിന്നും ഇരുപതാം നൂറ്റാണ്ടായപ്പോഴേക്കും സ്ത്രീകൾ മുന്നേറ്റത്തിലേക്കു എത്തിത്തുടങ്ങി. ഇന്ന് രാഷ്ട്രീയ സാമുഹ്യ സാംസ്കാരിക മേഖലകളിൽ എല്ലാം സ്ത്രീ തൻറെ സ്വാധീനം വെളിപ്പെടുത്തുകയാണ്. ഒരു കാലത്ത് തനിക്ക് നഷ്ടപ്പെട്ടതൊക്കെയും വീണ്ടെടുക്കുവാനുള്ള പരിശ്രമം മൂലം സമൂഹത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അവശ്യ വസ്തുവായി മാറിക്കഴിഞ്ഞു. പ്രായവും പക്വതയും ഉള്ള സ്ത്രീകൾ തങ്ങളുടെ ഭരണ പാടവം തെളിയിക്കട്ടെ എന്ന ചിന്താഗതിയിൽ നിന്നും ഒരു ബിരുദവിദ്യാർഥിനി ഒരു പ്രധാന ജില്ലയിലെ നഗരസഭാ അദ്ധ്യക്ഷ എന്ന പദവിയിൽ എത്തുന്നതുവരെ കാര്യങ്ങൾ എത്തിക്കഴിഞ്ഞു. സാക്ഷരതയിൽ ഇന്ന് പുരുഷന്മാരെക്കാൾ മുന്നേറിനിൽക്കുന്ന സ്ത്രീകൾ, പുരുഷ മേധാവിത്വത്തെ എതിർക്കുന്നവരായി മാറുന്നു. അടിച്ചമർത്തുന്ന വ്യവസ്ഥിതികളെ മാറ്റി എഴുതത്തക്ക നിലയിൽ പുരോഗമിക്കുന്ന ഇത്തരം കാര്യങ്ങളുടെ നടുവിലും കുടുംബാന്തരീക്ഷത്തിൽ ഒരുപാട് സ്ത്രീകൾ നിലവിളിക്കേണ്ടി വരുന്നു.സ്ത്രീധനത്തിൻറെ പേരിലും മറ്റു ചില നിസ്സാര കാര്യങ്ങൾക്ക് വേണ്ടിയും അകത്ത് പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾ, ചിലർ അത് മരണം വരെ അനുഭവിച്ചു തീർക്കുമ്പോൾ, മറ്റു ചിലർ കുടുംബ ബന്ധങ്ങൾ തകർത്തെറിഞ്ഞ് കാമുകനൊടോപ്പം സുഖ ജീവിതത്തിനായി ഓടി പോകുന്നു. സ്വന്ത സുഖങ്ങളെ മാത്രം ലക്ഷ്യമാക്കി, ജന്മം കൊടുത്ത കുഞ്ഞുങ്ങളെപ്പോലും മറക്കുന്ന അമ്മമാരും വർദ്ധിച്ചു വരുന്നു. പുരുഷ മേധാവിത്വത്തിൽ അധിഷ്ടിതം ആയിരുന്ന എബ്രായ സമൂഹത്തിൽ രണ്ടാം സ്ഥാനം മാത്രം ഉണ്ടായിരുന്ന സ്ത്രീകൾ, പരസ്യ സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുവാൻ ആഗ്രഹിച്ചില്ല. അതെ മനോഭാവമുള്ള ക്രിസ്ത്രീയ സമൂഹവും അവരുടെ നിയന്ത്രണങ്ങളും സ്ത്രീകളെ ഇന്നും പലതിൽ നിന്നും മാറ്റി നിറുത്തുന്നു. അതുകൊണ്ട് പൊതു സമൂഹത്തിൽ ഇന്നും സ്ത്രീകൾക്ക് പലപ്പോഴും ഉയർന്നു വരുന്നതിനു തടസ്സമായ യാഥാസ്ഥിതിക സമൂഹങ്ങൾ നിലനിൽക്കുന്നു.
ഇതിൻറെയെല്ലാം നടുവിൽ ഒരു ക്രിസ്തീയ വനിതയ്ക്ക് എന്ത് ചെയ്യാൻ കഴിയും? അതിൻറെ മറുപടി തരുന്നത് വേദപുസ്തകം തന്നെ. ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ സ്ത്രീ വിമോചകൻ യേശു ക്രിസ്തു ആണെന്നതിൽ സംശയം ഇല്ല. യേശു വിൻറെ അനുയായികൾ എന്ന് അഭിമാനിക്കുന്നവർ ഇന്നും സ്ത്രീകളുടെ ശുശ്രൂഷയ്ക്ക് എതിരെ കാണിക്കുന്ന വിവേചനങ്ങൾ ക്രിസ്തുവിനെ വേദനിപ്പിക്കുന്നു. കഴിവും താലന്തുകളും ഉള്ള സ്ത്രീകളെ ഒതുക്കി നിറുത്തി, അപമാനിച്ച് അവരെ ഇല്ലായ്മ ചെയ്യുവാൻ ശ്രമിക്കുന്ന കപട ഭക്തരായ ക്രിസ്ത്യാനികളെ നോക്കി കർത്താവ് ലജ്ജിക്കുന്നു. ആത്മീക ശുശ്രൂഷാ മേഖലകൾ പണവും സ്വാധീനവും കയ്യടക്കിവെച്ചു. ദൈവം ശക്തമായി ഉപയോഗിക്കുന്ന ഒരു സ്ത്രീയെ കണ്ടാൽ അവരെ എങ്ങനെ തകർക്കാം അല്ലെങ്കിൽ ഒതുക്കാം എന്ന് ചിന്തിച്ച് അതിനു വേണ്ടി കപടമായ പദ്ധതികൾ മെനഞ്ഞു അപവാദങ്ങൾ പരത്തി രഹസ്യത്തിൽ സന്തോഷിക്കുന്ന പരീശന്മാരായ ക്രിസ്ത്യാനികൾക്ക് അയ്യോ കഷ്ടം. തങ്ങൾക്ക് പദവി ഉണ്ടാക്കേണ്ടതിനു വേണ്ടി മറ്റുള്ളവരെ കോവണിപ്പടികൾ ആയി ഉപയോഗിച്ച് കാര്യസാദ്ധ്യം കഴിയുമ്പോൾ വലിച്ചെറിയുന്നവർക്കും അയ്യോ കഷ്ടം. സ്വന്തം ഭാര്യക്ക് കഴിവുണ്ടെങ്കിൽ അതിനെ മാത്രം ഉയർത്തുന്നവരും തങ്ങളേക്കാൾ ഉയരും എന്ന് കണ്ടാൽ അടിച്ചമർത്തുന്നവരും മറ്റൊരാളിൻറെ കഴിവ് കണ്ടാൽ അവരെ ഇല്ലായ്മ ചെയ്യുന്നവരും, ഭാര്യക്ക് ചെയ്യാൻ കഴിയാത്തതു മറ്റൊരു സ്ത്രീ ചെയ്താൽ അപവാദം പറഞ്ഞു പരിഹസിക്കുന്നവരും അവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നവരും അവരുടെ സഭയിൽ അവരെ കൊച്ചാക്കി കാണിച്ച് രഹസ്യത്തിൽ സന്തോഷിക്കുന്നവരും ഒക്കെ അഭിമാനിക്കുന്നത് ക്രിസ്തു ശിഷ്യർ ആണെന്നു തന്നെ. മറ്റൊരാളെ ആണായാലും പെണ്ണായാലും തന്നേക്കാൾ ശ്രേഷ്ഠരാണെന്ന് എണ്ണുവാൻ കഴിയാത്ത ആരും ക്രിസ്തു ശിഷ്യർ അല്ലേ അല്ല. മറ്റൊരാളിനു ലഭിക്കേണ്ട അവസരങ്ങളെ രഹസ്യത്തിൽ ഇല്ലാതാക്കിയിട്ടു, സ്വന്ത ഉയർച്ചയ്ക്കായും അവർക്ക് സ്തുതി പാടുന്നവരുടെ ഉയർച്ചയ്ക്കായും മാത്രം വിനിയോഗിക്കുമ്പോൾ അഗ്നിജ്വാലക്കൊത്ത കണ്ണുള്ളവനെ ഭയപ്പെടുന്നത് നല്ലത്. മറ്റു ചിലർ അവർ ചെയ്യുന്നത് മാത്രം ശുശ്രൂഷയാണെന്ന് ചിന്തിക്കുന്നു. ക്രിസ്തുവിൻറെ മനോഭാവം തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ…
ഇതിൻറെയെല്ലാം നടുവിൽ സ്ത്രീ പുരുഷ വ്യത്യാസം കൂടാതെ വിളിച്ച കർത്താവിനെ ഭയപ്പെടുന്ന സഹോദരിമാർ എഴുന്നേൽക്കട്ടെ. സ്ത്രീയ്ക്കും പുരുഷനും ദൈവം വെച്ചിരിക്കുന്ന രക്ഷാ പദ്ധതി ഒന്നായിരിക്കെ, ആത്മീക ശുശ്രൂഷയിൽ സ്ത്രീകളെ മാറ്റി നിർത്താനുള്ള ചിലരുടെ വ്യഗ്രത കണ്ടാൽ പിശാച് പോലും തോറ്റുപോകും. ദൈവം വെച്ചിരിക്കുന്ന താത്ക്കാലിക യജമാനമാരുടെ അധികാരപരിധിയിൽ ഒതുങ്ങുമ്പോൾ തന്നെ, ക്രിസ്തുവിനെ ഭയപ്പെട്ടും പൂർണമായി അനുസരിച്ചും കൊണ്ട് പരിജ്ഞാനത്തോടെ ശുശ്രൂഷിക്കുന്ന ദൈവദാസിമാരെ ഈ കാലഘട്ടത്തിനു ആവശ്യം ഉണ്ട്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകിയ യേശു ക്രിസ്തുവിൻറെ സത്യ സുവിശേഷം വിളിച്ചു പറയുവാൻ നിയോഗം ലഭിച്ച സ്ത്രീകൾ, സമൂഹത്തെ ഭയപ്പെട്ടു അകത്തളങ്ങളിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. അവരെ ദൈവം പുറത്തു കൊണ്ട് വരും. ഏറിയ നാളുകളായി പ്രാർത്ഥനാ മുറിയിൽ കരഞ്ഞുകൊണ്ട്, പുതിയ നിയോഗങ്ങൾക്കായി കാത്തിരിക്കുന്ന പല സഹോദരിമാരെയും ഈ കൊറോണ കാലഘട്ടത്തിൽ ദൈവം പുറത്തു കൊണ്ട് വന്നു. ഇനിയും ചിലത് കൂടി പുറത്തു വരാനുണ്ട്, സഹോദരി നിനക്ക് ദൈവം നൽകുന്ന അവസരം ആണിത് അത് തിരിച്ചറിഞ്ഞു പുറത്തു വരിക. നിങ്ങളിലൂടെ ചെയ്യാനിരിക്കുന്നത് ലോകം കാണാൻ പോകുകയാണ്. കേരളത്തിൽ ശക്തമായ ഒരു ഉണർവ് വ്യാപാരിക്കാൻ പോകുന്നു എന്ന് നാം വിശ്വസിക്കുന്നു.
അതിനു വേണ്ടി ദൈവം ഉപയോഗിക്കുവാൻ പോകുന്ന അഭിഷിക്തരുടെ കൂട്ടത്തിൽ സഹോദരിമാരെയും ദൈവം കാണുന്നു. അവരെ ഈ ദിവസങ്ങളിൽ ദൈവം തൻറെ പണിപ്പുരയിൽ പണിതെടുക്കും എന്ന് ഞാൻ പൂർണമായി വിശ്വസിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ദൈവം ഉപയോഗിച്ച വനിതാ രത്നങ്ങളെ കുറിച്ചുള്ള ചരിത്രങ്ങൾ നമുക്ക് ഊർജ്ജം പകരട്ടെ. രാഷ്ട്രീയ സമൂഹങ്ങളിലെപ്പോലെ ഭരണപാടവം തെളിയിക്കാൻ ശ്രമിച്ചില്ലെങ്കിലും ദൈവം നമ്മെ ഏൽപ്പിച്ച ദൗത്യത്തിൻറെ വലിപ്പം തിരിച്ചറിയുവാൻ അകക്കണ്ണ് തുറക്കാൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ ചെല്ലുമ്പോൾ മാത്രം വിടുവിക്കപ്പെടേണ്ടവരും നിങ്ങൾ ചെല്ലാതെ വിടുവിക്കപ്പെടുകയില്ലാത്തവരുമായ ചിലർ നിങ്ങളെ കാത്തിരിക്കുന്നു എന്ന് മനസ്സിലാക്കുക.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ വനിതാ സിംഹങ്ങളെപോലെ സുവിശേഷഘോഷണത്തിൽ പോരാടി, ഓട്ടം ഓടി തീർത്ത അനേകം മാതാക്കളിൽ നിന്നും അനുഭവങ്ങൾ ഏറ്റെടുത്ത് ഓടുന്ന നാം നമുക്ക് പിന്നാലെ ഓടി വരുന്ന യുവതലമുറയ്ക്ക് ഊർജ്ജം പകരുന്ന നിലയിൽ എന്തെങ്കിലും ശേഷിപ്പിക്കുന്നുണ്ടോ എന്നു കൂടി ഓട്ടത്തിൽ ശ്രദ്ധിക്കുന്നത് നല്ലതാണ്. നമ്മെ മാതൃകയാക്കുന്നവർ നിരാശപ്പെടുവാൻ ഇടയാക്കുന്നത് ഒന്നും നമ്മിൽ നിന്നും ഉണ്ടാകരുത്. നമുക്ക് ദൈവം തന്ന താലന്തുകൾ മുഴുവനായും ദൈവരാജ്യത്തിൻറെ വ്യാപ്തിക്കായി ഉപയോഗിക്കേണ്ടതാണെന്ന് മനസ്സിലാക്കി, പിറകോട്ടു വലിക്കുന്ന ശക്തികളുടെ മുൻപിൽ വഴങ്ങി കൊടുക്കാതെ, നമ്മേ ഒതുക്കി നിറുത്തുവാൻ നോക്കുന്ന അന്ധകാരശക്തിയുടെ പ്രവർത്തനത്തെ ആത്മാവിൽ ജയിച്ച് മുന്നേറാം. ഇനിയും തളർന്നിരിക്കുവാൻ നമുക്ക് മുൻപിൽ സമയം ഇല്ല. ഉന്നതാധികാരങ്ങൾ നമ്മെ ഇന്ന് അവഗണിക്കുന്നു എന്നാലും നമ്മെ പ്രാർത്ഥനയ്ക്ക് വേണ്ടി അന്വേഷിക്കുന്ന നാളുകൾ വരുന്നു. നാം സേവിക്കുന്ന ദൈവത്തിൻറെ വലിപ്പം പ്രാർഥനാമുറിയിൽ തിരിച്ചറിഞ്ഞ സഹോദരിമാരെ, നിങ്ങൾ പെൺകുതിര കളെപോലെ ഉണരുക. ആഢംബരങ്ങളെയും ലോകമോഹങ്ങളെയും വിട്ട് എഴുന്നേൽക്കുക, നമുക്കിനിയും സുവിശേഷ ഘോഷണത്തിൽ പോരാടാം. ലോകത്തിലെ അധികാരങ്ങൾക്ക് സാധിക്കാത്തത് നമ്മുടെ ദൈവത്തിന് സാധിക്കും എന്ന് ഭരണകൂടങ്ങളുടെ മുൻപിൽ തെളിയിക്കുവാൻ ദൈവത്തിനു നമ്മെ ആവശ്യം ഉണ്ട്. മറ്റാരെയും നോക്കാതെ അനുകരിക്കാതെ നമ്മെ വിളിച്ച കർത്താവിനെ മാത്രം ശ്രദ്ധിച്ചു കൊണ്ട് ധീരതയോടെ മുന്നേറുവാൻ ദൈവം സഹായിക്കട്ടെ.