മമ്മി ദേ എനിക്കാരോ ലവ് ലെറ്റർ വച്ചിരിക്കുന്നു ഗേറ്റിൽ

“മമ്മി ദേ എനിക്കാരോ ലവ് ലെറ്റർ വച്ചിരിക്കുന്നു ഗേറ്റിൽ.. കൂടെ മൂന്ന് ഡയറി മിൽക്ക് ചോക്കലേറ്റുമുണ്ട്..”

കഴിഞ്ഞ വർഷം പതിനാലുകാരി മകൾ സ്കൂൾ വിട്ടുവരുമ്പോൾ കയ്യിലൊരു പാക്കറ്റ് ഉയർത്തിപിടിച്ച് ഇതും വിളിച്ചു പറഞ്ഞാണ് അകത്തേക്ക് കയറിവരുന്നത്..

രാവിലെ ആറരക്ക് സ്കൂളിൽ പോകുന്ന കുട്ടി മടങ്ങിവരുന്നത് ഉച്ചക്ക് രണ്ടരക്കാണ്.. വീട്ടിൽ ഉള്ളപ്പോൾ അവളെത്തിയ ശേഷമേ ഞങ്ങൾ ഉണ്ണാറുള്ളു.. അതുകൊണ്ട് അവളെയും കാത്തിരുന്ന എനിക്ക് മുൻപിൽ ആ കവർ കൊണ്ടുവച്ച് സാധാരണപോലെ ബാഗും തൂക്കിപ്പിടിച്ച് ആള് മുകളിലെ മുറിയിലേക്ക് കയറിപ്പോയി..

അവൾക്ക് പിന്നാലെ വാട്ടർബോട്ടിലും പിടിച്ചു കയറിപ്പോകുന്ന എന്റെ ചെറിയ വാനരസൈന്യത്തെയും നോക്കി ഞാനിരിക്കുമ്പോൾ ഷാഹി (മക്കളുടെ ആയ)വന്ന് എന്നോട് എന്താണ് അവൾ പറഞ്ഞിട്ട് പോയതെന്ന് ചോദിച്ചു..

സാധാരണ ഗേറ്റിനു പുറത്ത് സൗജന്യമായി വെയ്ക്കുന്ന ന്യൂസ് പേപ്പറുകളോ എന്തെങ്കിലും ബ്രോഷറുകളോ അവൾ പൊക്കിപിടിച്ച് വരാറുണ്ട് അതുകൊണ്ട് ഇത് എന്നോട് എന്തെങ്കിലും തമാശക്ക് പറഞ്ഞതാകുമെന്ന് കരുതി ഞാൻ അതാകുമെന്ന് ഷാഹിയോടു പറഞ്ഞു..

യൂണിഫോം മാറി കയ്യുംമുഖവും കഴുകി കുട്ടികളെ കുറച്ചുനേരം കളിപ്പിച്ച് അവരെയും കൊണ്ട് അവൾ താഴെ എത്തുമ്പോഴും ഞാൻ മൊബൈലിൽ എന്തോ നോക്കിയിരുപ്പാണ്..

വിശന്നിട്ട് വയ്യ മമ്മി…ചോറ് തായെന്ന് അവൾ പറഞ്ഞത് കേട്ട് തീരെ പൊടികുട്ടി ചീരു വരെ ഞങ്ങൾ വീട്ടിലുള്ളവർക്ക് മനസിലാകുന്ന ഭാഷയിൽ വിസ്‌ക്ക് വിസ്‌ക്ക് (വിശക്കുന്നു) എന്നും പറഞ്ഞ് എന്റെ പിന്നാലെ കൂടിയതുകൊണ്ട് എല്ലാവർക്കും ഭക്ഷണമെടുക്കാൻ ഞാൻ അടുക്കളയിലേക്ക് നടന്നു..

” ആഹാ മമ്മിയിത് നോക്കിയില്ലേ.. ഇതൊന്ന് നോക്കിയിട്ട് പോകു..”

ചിരിച്ചുകൊണ്ടുള്ള അവളുടെ വിളി കേട്ട് ഞാൻ പിന്നെയും അകത്തേക്ക് വന്നു..

എനിക്ക് നേരെ നേരത്തെ തന്ന കവർ നീക്കി വച്ച് അവളേതോ പുസ്തകത്തിൽ മുഴുകി ഇരുപ്പാണ്.. അല്ലെങ്കിലും എവിടെ പോയാലും ആകെ ആവശ്യപ്പെടുന്നത് പുസ്തകങ്ങൾ ആയതുകൊണ്ട് വായിക്കാത്തത് എപ്പോൾ നോക്കിയാലും ഒരെണ്ണം കാണും കയ്യിൽ.. ഊണും ഉറക്കവും ഇല്ലാതെ വായിച്ചിരിക്കാൻ ഏറെ ഇഷ്ടമുള്ള ആളാണ്..

കവർ തുറന്നു നോക്കിയപ്പോൾ നാലായി മടക്കിയ ഒരു വെള്ളപേപ്പറിൽ ഒരെഴുത്ത്..ഏറ്റവും അടിയിൽ ഒരു വാട്സ് ആപ്പ് നമ്പറും ഉണ്ട് ..കൂടെ മൂന്ന് ചോക്കലേറ്റും..

എന്തെങ്കിലും ഒരു കടലാസുകഷ്ണം ..അതിനി മരുന്നിന്റെ കൂടെ കിട്ടുന്നതാകട്ടെ..സൂപ്പർമാർക്കറ്റിലെ ഓഫറിന്റെ ബ്രോഷർ ആകട്ടെ…വിടാതെ വായിക്കുന്ന ആളാണ് അതുകൊണ്ട് തന്നെ അവളിത് വായിച്ചുകാണുമെന്ന് എനിക്കുറപ്പായിരുന്നു..

” നീയിത് വായിച്ചോ.. എവിടെയാണ് ഇത് ഇരുന്നത് കുറച്ചുനേരത്തെ ഷാഹി വേസ്റ്റ് കളയാൻ പോയപ്പോൾ കണ്ടില്ലല്ലോ…”

എഴുത്തിൽ കാര്യമായൊന്നും ഇല്ല വീടിന് അടുത്തുള്ള ആരോ..ഏതോ ഒരു ടീനേജ് പയ്യൻ ആകാനാണ് സാധ്യത.. സ്കൂൾ ബസ് വരുന്ന സമയം നോക്കി കൃത്യം കൊണ്ടുവച്ചതാണ്..

പേരൊന്നുമില്ല, അവളെ ഇഷ്ടമാണ് വീടിന് പുറകിൽ അവൾ സൈക്കിൾ ചവിട്ടുന്നതും ഷട്ടിൽ കളിക്കുന്നതും നോക്കിനിൽക്കാറുണ്ടെന്നും ഇഷ്ടമാണെങ്കിൽ സംസാരിക്കാൻ നമ്പറിൽ മെസേജ് അയക്കണമെന്നും.. ആരോടും പറയരുത് സ്നേഹത്തിന്റെ പ്രതീകമായി ചോക്കലേറ്റ് എടുക്കണമെന്നൊക്കെയാണ് നീട്ടി എഴുതി വച്ചേക്കുന്നത്..

“ഞാൻ വായിച്ചു.. അവനെന്റെ പേര് അറിയാം മമ്മി പക്ഷേ സ്പെല്ലിങ് അറിയില്ല… പിന്നെ എഴുതിയതിൽ അവന്റെ ഗ്രാമർ ശരിയല്ല.. ആ ചോക്കലേറ്റിന് പകരം അവന് വേറെന്തെങ്കിലും വെയ്ക്കാമായിരുന്നു കുട്ടികൾക്ക് കൊടുക്കാൻ തന്നതെങ്കിൽ പോലും ഇതിവിടെ ഉള്ളതല്ലേ ആർക്ക് വേണം..

വളരെ ലളിതമായാണ് ഇതൊക്കെ ആള് പറയുന്നത് സംസാരരീതിയിൽ അറിയാം അവളെ ബാധിക്കുന്ന വിഷയമേ അല്ല ഇതൊന്നും ..

പണ്ട് ഒരു ക്രിസ്തുമസ് കാർഡിൽ ലവിന്റെ ചിഹ്നവും വരഞ്ഞ് ഏതോ ഒരു പയ്യൻ എന്റെ വീട്ടിലേക്ക് പോസ്റ്റൽ വിട്ടതും.. അതും കയ്യിൽ പിടിച്ച് കയ്യുംകാലും വിറച്ച് അമ്മയ്ക്കും അപ്പയ്ക്കും മുൻപിൽ നിന്ന ഞാനെവിടെ.. കിട്ടിയ എഴുത്ത് നേരെ എനിക്ക് വായിക്കാൻ കൊണ്ടുവന്ന് ഇരിക്കുന്ന മകളെവിടെ..

” നീയിത് എന്താ ചെയ്യാൻ പോണേ.. മറുപടി കൊടുക്കുന്നുണ്ടോ..” ഞാൻ ചിരിയോടെ കണ്ണിറുക്കി ചോദിച്ചു..

” കൊടുക്കണം ഫോണിൽ അല്ല..ഇതേ പേപ്പറിന്റെ ബാക്കിൽ ഞാൻ എഴുതി വീടിന് പുറത്തു വെയ്ക്കും ഇവിടെ അടുത്തുള്ള ആളാണെങ്കിൽ വന്ന് എടുക്കുമല്ലോ.. മമ്മിയെനിക്ക് ചോറ് തന്നേ..എന്നിട്ട് ബാക്കി പറയാം..”

എഴുത്ത് കിട്ടിയത് അവൾക്കാണെങ്കിലും വെപ്രാളം ലേശം എനിക്കായിരുന്നു.. ഈ പ്രായത്തിൽ ഇങ്ങനൊരു അനുഭവം എങ്ങനെ ആണവൾ മാനേജ് ചെയ്യുന്നത് എന്ന് കാണാനുള്ള കൗതുകമെന്നും പറയാം..
കാരണം അമ്മയെന്ന നിലയിൽ എന്റെയും.. ടീനേജുകാരി എന്ന നിലയിൽ അവളുടെയും ആദ്യ അനുഭവം ആണ്.

ഊണൊക്കെ കഴിഞ്ഞ് ഞാൻ പിള്ളേരെ ഉറക്കാൻ മുറിയിലേക്ക് പോകുമ്പോഴും അവൾ പുസ്തകവായനയിൽ ആണ്..
വൈകുന്നേരം ഓഫിസ് കഴിഞ്ഞ് വന്ന ഭർത്താവിനോട് ഞാൻ വിശേഷങ്ങൾ അറിയിച്ചു..

അവൾ സുന്ദരികുട്ടിയല്ലേ ഇനിയും വരും പ്രണയാഭ്യർത്ഥനകൾ.. അമ്മ ടെൻഷൻ അടിക്കാൻ തയ്യാറായി ഇരുന്നോയെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മറുപടി..

എനിക്കെന്ത് ടെൻഷൻ!

അവളത് എന്റെ കയ്യിൽ കൊണ്ടുവന്ന് തന്നപ്പോഴേ ഞാനല്ല അവളെന്നും.. ഇങ്ങനൊരു വാലും തലയും ഇല്ലാത്ത എഴുത്തിനൊന്നും ആ ഉള്ളുലക്കാൻ കഴിയില്ലെന്നും എനിക്ക് മനസിലായിരുന്നു..

എനിക്ക് കാണിച്ചുതന്നപോലെ പപ്പക്കും എഴുത്തവൾ കാണിച്ചുകൊടുത്തു.. മറുപടി എഴുതിയിട്ട് കാണിക്കാമെന്നും പറഞ്ഞ് മുറിയിലേക്ക് കൊണ്ട് പോയി..

വൈകുന്നേരം കുളിയെല്ലാം കഴിഞ്ഞ് ആറു മുതൽ എട്ടര വരെ അവൾക്ക് പഠിക്കാനുള്ള സമയം ആണ് അതെല്ലാം കഴിഞ്ഞ് എഴുത്തും കൊണ്ട് വീണ്ടും ഞങ്ങളുടെ അടുക്കലേക്ക് വന്നു..

മറുപടി എഴുതിയത് വായിക്കാൻ എനിക്ക് തന്ന് കുട്ടികളെ കളിപ്പിക്കാൻ ഇരുന്നു..

ഇംഗ്ലീഷിൽ എഴുതിയ അരപേജ് വരുന്ന എഴുത്ത് ഒന്ന് ഓടിച്ചു നോക്കി കെട്ട്യോനെന്റെ കയ്യിൽ തന്നു വായിക്കാൻ..
എഴുത്തിന്റെ ചുരുക്കമിതാണ്..

ഹായ് നീ ആരെന്നോ എവിടെയാണ് വീടെന്നോ എനിക്കറിയില്ല.. മറുപടി തരുന്നതാണ് മര്യാദ എന്നതിന്റെ പേരിൽ തരുന്നു..
എന്റെ പേര് നീ എഴുതിയത് പോലെ നൈന അല്ല നയന എന്നാണ്..
നീ ഇനിയും ഭംഗിയായി ഇംഗ്ലീഷിൽ എഴുതാൻ പഠിച്ചിട്ടില്ല എന്ന് എനിക്ക് മനസിലായി പറ്റുമെങ്കിൽ കൂടുതൽ പുസ്തകങ്ങൾ വായിക്കൂ..
വായനയിൽ കൂടി നിനക്ക് നിന്റെ ഭാഷ നന്നാക്കാൻ സാധിക്കുമെന്ന് ഉറപ്പാണ് എന്നോടും എന്റെ അമ്മ പറഞ്ഞത് അതാണ്..
ചോക്കലേറ്റും എഴുത്തുമൊക്കെ നൽകിയാൽ ഇപ്പോഴും പെൺകുട്ടികൾ പ്രണയത്തിലാകുമെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണ് ..ഏറ്റവും കുറഞ്ഞത് ഞാനെങ്കിലും അങ്ങനെയല്ല..
ജീവിതം തുടങ്ങിയല്ലേ ഉള്ളൂ നമുക്ക് മുൻപിൽ ഇനിയും സമയമുണ്ട് അതിനെല്ലാം.. അതുകൊണ്ട് ദയവ് ചെയ്ത് പഠിക്കാൻ നോക്കൂ നിങ്ങളുടെ ഗ്രാമർ വളരെ മോശമാണ്..
നമ്പർ ആർക്കും കൊടുക്കരുതെന്നും എഴുത്ത് ആരെയും കാണിക്കരുതെന്നും നിങ്ങൾ എഴുതിയിരുന്നു,ക്ഷമിക്കണം മമ്മിയോടും പപ്പയോടും ഒന്നും ഒളിപ്പിച്ചുള്ള ശീലമില്ല..
അല്ലെങ്കിലും ഒളിപ്പിക്കേണ്ട ആവശ്യം എന്താണ്.
പരിഭ്രമിക്കണ്ടാ അവർക്ക് അറിയാം ഇത് ഈ പ്രായത്തിൽ സാധാരണം ആണെന്ന്..അവർ നിന്നെ ശല്യം ചെയ്യില്ല തന്ന എഴുത്തിനുള്ള മറുപടി കിട്ടിയിട്ടും നിങ്ങൾ എന്നെ ശല്യം ചെയ്യാത്തിടത്തോളം..
എന്റെ വീട്ടിൽ എനിക്കിഷ്‌ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്രമുണ്ട് സൈക്കിൾ ചവിട്ടാനും കളിക്കാനുമായി ഞാനെന്റെ മുറ്റത്ത് ഉണ്ടാകും അത് നിങ്ങളെ കാണാനോ കാണിക്കാനോ അല്ല എന്ന് മനസിലാക്കണം..
അവസാനമായി ഈ ചോക്കലേറ്റ് കൂടി തിരിച്ചെടുക്കണം ഞങ്ങൾക്ക് ആവശ്യമുള്ളത് പപ്പ ഇവിടെ വാങ്ങി വയ്ക്കാറുണ്ട് ..ഇനി ഇവിടെ ഇല്ലെങ്കിൽ പോലും ഇതിന്റെ ആവശ്യം എനിക്കില്ല.
ബുദ്ധിമുട്ടിക്കരുത് ..നന്ദി.

അവസാനം അവളുടെ പേരെഴുതി ഒപ്പിട്ടുവച്ചത് കണ്ട് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും ചിരിച്ചില്ല ചിരിയേക്കാൾ ബാക്കിയുള്ള കാര്യങ്ങളെല്ലാം വളരെ പക്വതയോടെ അവൾ കൈകാര്യം ചെയ്തതിൽ മനസ്സിൽ അഭിമാനം തോന്നി..

ഞങ്ങളുടെ മുഖത്തേക്ക് ഒന്ന് നോക്കി അവളാ എഴുത്തെടുത്ത്‌ ഡയറിമിൽക്കിനൊപ്പം കവറിലേക്ക് തിരുകി പുറത്ത് ഗേറ്റിൽ കൊണ്ടുവച്ചു..

പ്രണയവിവാഹം ആയതുകൊണ്ട് അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടുമെന്ന് ഒളിഞ്ഞും തെളിഞ്ഞും കേൾക്കാറുള്ളതുകൊണ്ട് ജീവിതം എന്താണെന്നു മനസിലാക്കി കൊടുത്ത് മാതാപിതാക്കളും മക്കളും തമ്മിൽ അകൽച്ചയില്ലാതെ എന്തും തുറന്ന് പറഞ്ഞ് സുഹൃത്തുക്കളെ പോലെ ജീവിക്കാൻ ശ്രമിച്ച ഞങ്ങളെ സംബന്ധിച്ചിടത്തോളം അതൊരു വിജയം തന്നെയാണ്..

മകളോട് പ്രായപൂർത്തി ആയാൽ ഇഷ്ടമുള്ള ജീവിതം തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്രവും അവൾക്കുണ്ടെന്ന വ്യ്കതമായ ബോധത്തോടെ തന്നെ ആണ് അവളെ വളർത്തിയത്..
അതിൽ എനിക്ക് പിഴ പറ്റിയില്ലെന്ന് എന്റെ മകൾ ഈയൊരു ചെറിയൊരു വിഷയത്തിലൂടെ പരിഭ്രമത്തോടെയോ നാണത്തോടെയോ നേരിടേണ്ട ചെറിയ പ്രായം ആണെങ്കിലും പക്വതയോടെ നേരിട്ട് തെളിയിച്ചു.
അച്ഛനമ്മമാരോട് ഒളിച്ചു വയ്ക്കാതെ എന്തും തുറന്ന് പറയാനുള്ള ധൈര്യവും സ്വാതന്ത്രവും അവൾക്കും അനിയത്തിമാർക്കും ഉണ്ടെന്ന് എഴുത്ത് കൊടുത്ത ആൾക്ക് മനസിലാക്കികൊടുക്കാനും..
ഈ പ്രായത്തിൽ വേണ്ടത് വിദ്യയോടുള്ള ഇഷ്ടവും പങ്കാളിയെ തിരഞ്ഞെടുക്കും മുൻപേ സ്വന്തം കാലിൽ നിൽക്കാനൊരു ജോലിയുമാണ് വേണ്ടതെന്ന് ഉള്ളുറപ്പോടെ അവൾ ഞങ്ങൾക്കും പ്രണയാഭ്യർത്ഥന നടത്തിയവനും മുൻപിൽ വ്യക്തമാക്കിയതും മനസ്സ് നിറഞ്ഞാണ് ഞങ്ങൾ കണ്ടുനിന്നത്..

എന്റെ ആദ്യത്തെ കണ്മണി മകൾക്ക് കിട്ടിയ എഴുത്തനുഭവം ആയതേ ഉള്ളൂ രണ്ടുപേർ പിന്നാലെ വരുന്നത്കൊണ്ട് അതെന്താകുമെന്ന് കാത്തിരുന്ന് കാണാം.

ലിസ് ലോന✍️

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.