ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി അറേബ്യയില്‍ ജയിലില്‍ കഴിഞ്ഞ യുവാവിന് ഒടുവില്‍ മോചനം

ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി ജയിലില്‍; യഥാര്‍ത്ഥ പ്രതി പിടിയിലായപ്പോള്‍ മോചനം. കുറ്റപത്രം തര്‍ജ്ജമ ചെയ്ത് വിദേശകാര്യ മന്ത്രാലയം വഴി സൗദി ഭരണകൂടത്തിന് അയച്ചുനല്‍കി. ഇത് പരിഗണിച്ചാണ് സൗദി സര്‍ക്കാര്‍ ഹരീഷിനെ ചൊവ്വാഴ്ച മോചിപ്പിച്ചത്.

 

ബംഗലൂരു: ചെയ്യാത്ത ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ 604 ദിവസം സൗദി അറേബ്യയില്‍ ജയിലില്‍ കഴിഞ്ഞ യുവാവിന് ഒടുവില്‍ മോചനം.

സൗദി രാജകുമാരനേയും സമൂഹത്തേയും സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന കുറ്റം ചുമത്തിയാണ് കര്‍ണാകയിലെ ഉഡുപ്പി ജില്ലക്കാരനായ ഹരീഷ് ബഗേര (34)യെ ഭരണകൂടം അറസ്റ്റു ചെയ്തത്.

ജീവപര്യന്തം തടവു മുതല്‍ വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണിത്. യുവാവിന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത് അധിക്ഷേപകരമായ പോസ്റ്റ് പ്രസിദ്ധീകരിച്ച യഥാര്‍ത്ഥ പ്രതിയെ പിടികൂടിയതോടെയാണ് ഹരീഷിന് മോചനം ലഭിച്ചതും ബുധനാഴ്ച നാട്ടില്‍ തിരിച്ചെത്തിയതും.

സൗദിയില്‍ എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ഹരീഷ്. 2019 ഡിസംബര്‍ 22നാണ് ഹരീഷ് ബഗേര സൗദിയിലെ ദമാമില്‍ അറസ്റ്റിലായത്. ഉഡുപ്പിയിലെ ബിജാദി സ്വദേശിയാണ് ഹരീഷ്.

ഇന്ത്യാ സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനേയും അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു പോസ്റ്റ് ഹരീഷ് ഷെയര്‍ ചെയ്തിരുന്നു. ഇതിനെ ചൊല്ലി തൊഴിലുടമ വഴക്കിട്ടിരുന്നു. ഈ സംഭവം കഴിഞ്ഞ മൂന്ന് ദിവസം കഴിഞ്ഞാണ് ഹരീഷ് അറസ്റ്റിലായത്. തൊഴിലുടമ ദേഷ്യപ്പെട്ടതിനു പിന്നാലെ ഹരീഷ് താന്‍ ഷെയര്‍ ചെയ്ത പോസ്റ്റ് നീക്കം ചെയ്യുകയും മാപ്പ് പറഞ്ഞ് വീഡിയോ ഇടുകയും ചെയ്തു.

എന്നാല്‍ ഏതു പോസ്റ്റ് നീക്കം ചെയ്തതിനാണ് മാപ്പ് പറഞ്ഞതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിരുന്നില്ല. ഇതിനു ശേഷം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കുകയും ചെയ്തു. എന്നാല്‍ ഉടനെ ഹരീഷിന്റെ പേരില്‍ ഒരു വ്യാജ അക്കൗണ്ട്് പ്രത്യക്ഷപ്പെടുകയും അതില്‍ സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബില്‍ സല്‍മാനെയും രാജകുടുംബത്തേയും അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റ് വരികയും ചെയ്തു.

ഇതിന്റെ പേരിലായിരുന്നു അറസ്റ്റ്. ഹരീഷിനു വേണ്ടി ഭാര്യ സുമന എം. ഉഡുപ്പി പോലീസിനു പരാതി നല്‍കുകയായിരുന്നു. ഹരീഷിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ വ്യാജമായി ഉണ്ടാക്കിയതാണെന്ന് അവര്‍ പരാതിയില്‍ ഉന്നയിച്ചു.

 

പോലീസിന്റെ അന്വേഷണത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ദക്ഷിണ കന്നഡയിലെ മൂദ്ബിരി സ്വദേശികളായ അബ്ദുള്‍ ഹുയെസ്, അബ്ദുള്‍ തുയെസ് എന്നീ സഹോദന്മാരെ അറസ്റ്റു ചെയ്തു.

ഹരീഷ് തന്റെ അക്കൗണ്ട് നിര്‍ജീവമാക്കിയ അന്നു തന്നെ ഇവര്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയെന്നും സിഎഎ, എന്‍ആര്‍സിയെ ഹരീഷ് പിന്തുണച്ചതിന്റെ വൈരാഗ്യമായിരുന്നു അതെന്നും പോലീസ് കണ്ടെത്തി. പത്തു ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ഉഡുപ്പി എസ്.പി എന്‍ വിഷ്ണുവര്‍ധന്‍ പറഞ്ഞു.

തുടര്‍ന്ന് കുറ്റപത്രം തര്‍ജ്ജമ ചെയ്ത് വിദേശകാര്യ മന്ത്രാലയം വഴി സൗദി ഭരണകൂടത്തിന് അയച്ചുനല്‍കി. ഇത് പരിഗണിച്ചാണ് സൗദി സര്‍ക്കാര്‍ ഹരീഷിനെ ചൊവ്വാഴ്ച മോചിപ്പിച്ചത്.

ഹരീഷ് തിരികെ എത്തിയതില്‍ സന്തോഷമുണ്ട്. യഥാര്‍ത്ഥ കുറ്റവാളികള്‍ക്കെതിരെ വിചാരണ കോടതിയില്‍ കേസ് നടക്കുകയാണെന്നും എസ്.പി പറഞ്ഞു.

‘മറ്റാരോ ചെയ്ത കുറ്റത്തിന്റെ പേരില്‍ സമൂഹം തന്നെ ഭീകരനെ പോലെയാണ് കണ്ടതെന്ന് ഹരീഷ് വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

താനും കുടുംബവും ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. അറസ്റ്റിലാകുന്നതിന് മുന്‍പ് ദിവസവും മൂന്നാല് തവണയെങ്കിലും ഭാര്യയും മൂന്നു വയസ്സുകാരി മകളുമായി ദിവസവും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു.

 

ജയിലില്‍ ആയിരുന്ന നാളുകളില്‍ വളരെ കുറച്ചു മാത്രമേ കുടുംബത്തെ ബന്ധപ്പെടാന്‍ കഴിഞ്ഞുള്ളൂ. നീതി കിട്ടുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷേ അതിന് 604 ദിവസം വരെ കാത്തിരിക്കേണ്ടിവന്നുവെന്നും ഹരീഷ് ബഗേര പറഞ്ഞു.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.